ad
Deshabhimani

പ്രതിസന്ധിയും സാധ്യതകളും 
ചർച്ചയായി സഹകരണസഭ

Cooperative Council discusses the potential of the cooperative sector and the crises it currently faces.

കേരള കോ--- –ഓപറേറ്റീവ് എംപ്ലോയീസ് യൂണിയൻ സിഐടിയു സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി നടന്ന സഹകരണ സഭ എം വി ജയരാജൻ ഉദ്‌ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 30, 2026, 02:26 AM | 2 min read

കോഴിക്കോട്‌

സഹകരണ മേഖലയുടെ സാധ്യതകളും നിലവിൽ നേരിടുന്ന പ്രതിസന്ധികളും ചർച്ച ചെയ്ത്‌ സഹകരണ സഭ. കെസിഇയു സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചാണ്‌ സഹകരണ സഭ സംഘടിപ്പിച്ചത്‌. സഹകരണ മേഖലയെ തകർക്കുന്ന കേന്ദ്രസർക്കാർ നടപടി അവസാനിപ്പിക്കണമെന്ന്‌ പരിപാടി ഉദ്‌ഘാടനം ചെയ്ത സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം എം വി ജയരാജൻ പറഞ്ഞു. കേരള ബാങ്ക്‌ സംരക്ഷിക്കപ്പെടുകയെന്നത്‌ പ്രധാനമാണ്‌. സംരക്ഷിക്കപ്പെടരുതെന്ന തോന്നൽ ആർക്കും ഉണ്ടാകരുത്‌. സഹകരണ സംരംഭങ്ങളെ ശക്തിപ്പെടുത്താൻ യോജിച്ച്‌ മുന്നോട്ട്‌ പോകണം. സഹകരണ മേഖല സംസ്ഥാനത്തിന്റെ മാത്രം അധികാരപരിധിയിൽ വരുന്ന വിഷയമാണ്‌. ഇക്കാര്യം അട്ടിമറിച്ചാണ്‌ കേന്ദ്രം മൾട്ടി സ്റ്റേറ്റ്‌ കോ ഓപ്പറേറ്റീവ്‌ സൊസൈറ്റികൾ രൂപീകരിച്ചത്‌. ഇത്‌ സംസ്ഥാനത്തിന്റെ അധികാരം കവർന്നെടുക്കും. സഹകരണ മേഖലയുടെ വിശ്വാസ്യത തകരാൻ ഇടവരരുത്‌. ഒന്നിന്‌ കളങ്കമേറ്റാൽ എല്ലാം മോശമെന്ന്‌ ചിത്രീകരിക്കുന്ന മാധ്യമങ്ങളുണ്ട്‌. ഇത്‌ മനസ്സിലാക്കി പ്രവർത്തിക്കാൻ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. സ്വാഗതസംഘം വൈസ്‌ ചെയർമാൻ ടി വിശ്വനാഥൻ അധ്യക്ഷനായി. കെസിഇയു ജില്ലാ പ്രസിഡന്റ്‌ ഇ സുനിൽകുമാർ, ജില്ലാ സെക്രട്ടറി എം കെ ശശി, ഇ വിശ്വനാഥൻ എന്നിവർ സംസാരിച്ചു. കെസിഇയു ജനറൽ സെക്രട്ടറി എൻ കെ രാമചന്ദ്രൻ രചിച്ച ‘പാഠം, പഠനം, പ്രതിരോധം’ എന്ന പുസ്തകം എം വി ജയരാജൻ പിഎസിഎസ്‌ വൈസ്‌പ്രസിഡന്റ്‌ മനയത്ത്‌ ചന്ദ്രന്‌ നൽകി പ്രകാശിപ്പിച്ചു. തുടർന്ന്‌ നടന്ന സഹകരണ സഭയിൽ രാജി പുതുക്കുടി മോഡറേറ്ററായി. സഹകരണ മേഖലയിൽ കേന്ദ്രം നടത്തുന്ന ഇടപെടലുകൾ ജനാധിപത്യ ധ്വംസനമാണെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി എം മെഹബൂബ്‌ പറഞ്ഞു. സഹകരണ തത്വങ്ങളുടെ പൊതുതത്വങ്ങളെ പരസ്പരം അംഗീകരിച്ചാണ്‌ സംസ്ഥാനത്തെ സഹകരണ മേഖല മുന്നോട്ട്‌ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. സഹകരണ മേഖലയിൽ പാലിക്കേണ്ട രാഷ്ട്രീയ മര്യാദയും അച്ചടക്കവും ഉൾച്ചേർക്കലും പാലിക്കാൻ തയ്യാറായാൽ സഹകരണ മേഖലയിലുണ്ടാകുന്ന പ്രശ്നങ്ങൾക്ക്‌ പരിഹാരമാകുമെന്ന്‌ മനയത്ത്‌ ചന്ദ്രൻ അഭിപ്രായപ്പെട്ടു. മറ്റുള്ളവരുടെ അധ്വാനത്തിന്റെ വിഹിതമാണ്‌ സഹകരണ ബാങ്കുകളിലെ നിക്ഷേപമെന്നും അത്‌ തങ്ങളുടെ ലാഭത്തിനായി ഉപയോഗിച്ചാൽ സഹകരണ സ്ഥാപനങ്ങൾ കൂപ്പുകുത്തുമെന്നും കെപിസിസി രാഷ്ട്രീയ കാര്യ സമിതി അംഗം എൻ സുബ്രഹ്മണ്യൻ അഭിപ്രായപ്പെട്ടു. അതുണ്ടാകാതിരിക്കാൻ ജാഗ്രത വേണമെന്നും അദ്ദേഹം പറഞ്ഞു. കെസിഇയു സംസ്ഥാന സെക്രട്ടറി കെ വി പ്രജീഷ്‌, മാധ്യമപ്രവർത്തകൻ ബിജു പരവത്ത്‌ എന്നിവരും സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home