എന്റെ നാരങ്ങേ... ഇങ്ങനെ പിഴിയല്ലേ

പാളയത്തെ ചെറുനാരാങ്ങാ വിപണി
കോഴിക്കോട്
പഞ്ചസാരയ്ക്ക് പിന്നാലെ ചെറുനാരങ്ങയുടെ വിലയും കുതിച്ചുയർന്നതോടെ കൂൾബാറുകളും പ്രതിസന്ധിയിലേക്ക്. 250 മുതൽ 300 വരെയാണ് ഒരുകിലോ നാരങ്ങയ്ക്ക് വില. ഒരു ചെറുനാരങ്ങയ്ക്ക് 10-– 15 രൂപ വരെ കടകളിൽ വില ഈടാക്കുന്നുണ്ട്. ഓണവും വിവാഹ സീസണും കാരണം ചിങ്ങമാസത്തിൽ പൊതുവേ നാരങ്ങാവില കൂടാറുണ്ടെങ്കിലും സീസൺ അവസാനിക്കാറാകുമ്പോൾ കുറയുകയാണ് പതിവ്. എന്നാൽ ഇത്തവണ വില കുറഞ്ഞില്ലെന്ന് മാത്രമല്ല കുത്തനെ കൂടുകയും ചെയ്‌തു. ഇതോടെ നിലവിലെ തുകയ്‌ക്ക് പാനീയങ്ങൾ നൽകാനാവാത്ത സാഹചര്യത്തിലാണ് കച്ചവടക്കാർ. ഇത്രയും വില കൊടുത്ത് ചെറുനാരങ്ങ കടയിൽ എത്തിച്ചാൽ തന്നെ ഉയർന്ന വില നൽകി വാങ്ങാൻ ആളുകൾ ഇല്ലാത്ത അവസ്ഥയുമുണ്ടെന്ന് വ്യാപാരികൾ പറഞ്ഞു. ആദ്യം അഞ്ചും പത്തും കിലോ കച്ചവടത്തിനായി കൊണ്ടുവന്നിരുന്നു. എന്നാൽ വില ഉയർന്നതോടെ രണ്ടോ മൂന്നോ കിലോ മാത്രമാക്കി ചുരുക്കി. ചൂട് കൂടിയതോടെ വില ഇനിയും ഉയരുമോയെന്ന ആശങ്കയിലാണ് ജനങ്ങൾ. കർണാടകം, തമിഴ്നാട് സംസ്ഥാനങ്ങളിൽനിന്നുമാണ് കോഴിക്കോട്ടെ മാർക്കറ്റുകളിൽ ചെറുനാരങ്ങയെത്തുന്നത്.









0 comments