ad
Deshabhimani

ചെറുവണ്ണൂർ മേൽപ്പാലം

തൂണുകളുടെ നിർമാണം തുടങ്ങി

ചെറുവണ്ണൂർ മേൽപ്പാലത്തിന്റെ പ്രധാന തൂണുകളുടെ പ്രവൃത്തി ആരംഭിച്ചപ്പോൾ

ചെറുവണ്ണൂർ മേൽപ്പാലത്തിന്റെ പ്രധാന തൂണുകളുടെ പ്രവൃത്തി ആരംഭിച്ചപ്പോൾ

വെബ് ഡെസ്ക്

Published on Oct 08, 2025, 01:22 AM | 1 min read

ഫറോക്ക് ​ നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ചെറുവണ്ണൂരിൽ നിർമിക്കുന്ന മേൽപ്പാലത്തിന്റെ തൂണുകളുടെ പണി തുടങ്ങി. ചെറുവണ്ണൂർ ജങ്ഷനിലെ മൂന്ന് തൂണുകളുടെ നിർമാണമാണ് ആദ്യം ആരംഭിച്ചത്. സമയബന്ധിതമായി പൂർത്തിയാക്കുന്നതിനായി നിർമാണ പ്രവൃത്തി രാവും പകലുമായി യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്.​ ഇരുഭാഗത്തേയും തുടക്കത്തിലുള്ള അബട്ട്മെന്റ്‌ ഉൾപ്പെടെ പാലത്തിന് 15 തൂണുകളാണുണ്ടാവുക. ഒരേസമയം തൂണുകൾ, സർവീസ് റോഡുകൾ, കേബിൾ ഡെറ്റ് എന്നിവയുടെയെല്ലാം പ്രവൃത്തികൾ അതിവേഗത്തിലാണ് നടക്കുന്നത്. കേബിളുകൾ ഡെറ്റുകൾക്കകത്താക്കിയാൽ ഒരു ഭാഗത്തെ സർവീസ് റോഡ് ടാറിങ് അടുത്ത ആഴ്ച തന്നെ നടത്താനാകും. വൈദ്യുതി ലൈനുകൾ പൂർണമായും മാറ്റിസ്ഥാപിക്കലും ഉടൻ നടക്കും. ഇതിനായുള്ള സാമഗ്രികളും എത്തിയിട്ടുണ്ട്. സാധാരണ മാസങ്ങളെടുത്ത് നടത്തുന്ന പ്രവൃത്തികളാണിപ്പോൾ ദിവസങ്ങൾക്കകം പൂർത്തിയാക്കുന്നത്. ​കഴിഞ്ഞ മെയ് 18നാണ് സിറ്റി റോഡ് ഇംപ്രൂവ്മെന്റ്‌ പദ്ധതിയിൽ ഉൾപ്പെടുത്തി 89 കോടി രൂപ ചെലവിട്ടുള്ള മേൽപ്പാലം നിർമാണം തുടങ്ങിയത്. സ്ഥലമെടുപ്പിന് മാത്രം 30 കോടി രൂപ ചെലവഴിച്ചു. 59 കോടി രൂപയാണ് പാലം നിർമാണത്തിന്‌ ചെലവിടുന്നത്. 700 മീറ്റർ നീളവും 16 മീറ്റർ വീതിയുമുള്ള നാലുവരി മേൽപ്പാലത്തിന്റെ ഇരുഭാഗത്തും 5.5 മീറ്റർ വീതിയിൽ സർവീസ് റോഡുമുണ്ട്. പാലത്തിന് 24 മീറ്റർ നീളത്തിൽ 14 സ്പാനുകളുണ്ട്. മധ്യഭാഗത്ത് തൂണുകളുടെ നിർമാണം നടക്കുന്നതിനാൽ ഇരുഭാഗത്തേയും റോഡുകളിലൂടെയുള്ള ഗതാഗതം നിയന്ത്രിക്കാൻ നിർമാണ കരാറുകാരായ യുഎൽസിസിയും പൊലീസും പ്രത്യേക സംവിധാനമേർപ്പെടുത്തിയിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home