Deshabhimani

യുഡിഎഫ്‌ ഭരണസമിതി സഹകരണ സൊസൈറ്റി

ഭിന്നശേഷിക്കാരുടെ 20 ലക്ഷം തട്ടി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 04, 2026, 12:00 AM | 1 min read

കോഴിക്കോട്‌

ഭിന്നശേഷിക്കാർ നിക്ഷേപിച്ച പണം തിരികെ നല്‍കാതെ പറ്റിച്ച്‌ കോൺഗ്രസ്‌– യുഡിഎഫ്‌ ഭരണസമിതി നേതൃത്വത്തിലുള്ള വനിതാ സഹകരണ സൊസൈറ്റി. കോഴിക്കോട് എരഞ്ഞിപ്പാലത്തെ സിറ്റി വനിതാ കോ ഓപ്പറേറ്റീവ് സൊസൈറ്റിയാണ്‌ 43 പേർ തൊഴില്‍ പരിശീലനകേന്ദ്രത്തില്‍ ജോലിചെയ്ത് സ്വരൂപിച്ച പണം തിരികെ നൽകാതെ പറ്റിച്ചത്‌. ശാരീരിക, മാനസിക പരിമിതികളെ മറികടന്ന്‌ 10 വർഷത്തോളം വിവിധ സ്ഥാപനങ്ങളിൽ ജോലിചെയ്ത്‌ സമ്പാദിച്ച 20 ലക്ഷത്തോളം രൂപയാണ്‌ തിരികെ നൽകാത്തത്‌. എരഞ്ഞിപ്പാലത്തെ യു എല്‍ നായനാര്‍ ബാലിക സദനത്തില്‍ തൊഴില്‍ പരീശീലനം നേടിയ 43 ഭിന്നശേഷിക്കാരുടെയും മൂന്ന് ജീവനക്കാരുടെയും പണമാണ് തിരിച്ചുകിട്ടാനുള്ളത്. വിവിധ സ്ഥാപനങ്ങളില്‍ 2017 മുതല്‍ ജോലിചെയ്ത് സമ്പാദിച്ച തുകയും ജീവനക്കാരുടെ സമ്പാദ്യത്തിന്റെ ഭാഗവും പലതവണകളായി സൊസൈറ്റിയിൽ നിക്ഷേപിക്കുകയായിരുന്നു. 2024 മുതൽ ഇതില്‍ ചിലര്‍ പണം പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോഴാണ് ബാങ്ക് സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ഉടൻ പണം തിരികെ നൽകാൻ സാധിക്കില്ലെന്നും സൊസൈറ്റി ഭാരവാഹികൾ അറിയിച്ചത്‌. പലതവണ പണം പിൻവലിക്കാൻ ശ്രമിച്ചിട്ടും നടക്കാതെ വന്നതോടെ ജോയിന്റ് രജിസ്ട്രാര്‍ക്കും പൊലീസിനും രക്ഷിതാക്കളും ബാലികാ സദനം അധികൃതരും പരാതി നല്‍കി. ബാങ്ക് തുടങ്ങുന്ന പുതിയ സംരംഭങ്ങളിൽ ജോലി നൽകാമെന്ന് പറഞ്ഞാണ്‌ സെക്രട്ടറി സബിത നിക്ഷേപത്തിന്‌ ക്ഷണിച്ചതെന്നും ഭിന്നശേഷിക്കാർ ബാങ്കിൽ ജോലിചെയ്തിരുന്നെന്നും രക്ഷിതാക്കൾ പറഞ്ഞു. സൊസൈറ്റിയുടെ പ്രവര്‍ത്തനം ആറുമാസമായി നിലച്ച അവസ്ഥയിലാണ്. സൊസൈറ്റി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിന്റ വാടക ഇനത്തിൽ വലിയ തുക നൽകാനായതോടെ ഉടമ കെട്ടിടത്തിലെ മുഴുവൻ സ‍ൗകര്യങ്ങളും ഉപയോഗിക്കുന്നതിൽനിന്ന്‌ സൊസൈറ്റിയെ വിലക്കി. തുടർന്നാണ്‌ സ്ഥാപനം പൂട്ടി പലരും പലവഴിക്ക്‌ പോയത്‌. സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടി ഉണ്ടാകുമെന്ന്‌ സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാർ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home