ad
Deshabhimani

തെങ്ങോളം 
കുതിച്ച്‌ 
തേങ്ങവില

വെളിച്ചെണ്ണ 
വിലയും കൂടി

വെളിച്ചെണ്ണ 
വിലയും കൂടി

വെബ് ഡെസ്ക്

Published on Jul 28, 2026, 12:42 AM | 1 min read

കോഴിക്കോട്‌ ലഭ്യത കുറഞ്ഞതോടെ പച്ചത്തേങ്ങയുടെ വില കുതിക്കുന്നു. 12 ദിവസത്തിനിടെ പലതവണയായി കിലോയ്‌ക്ക്‌ ഏഴ്‌ രൂപകൂടി. ഇ‍ൗ മാസം പകുതിയിൽ കിലോയ്‌ക്ക്‌ 49 രൂപയായിരുന്നത്‌ 54– 56വരെയായി. കഴിഞ്ഞ വർഷം ജൂണിൽ 75–79 രൂപവരെയുണ്ടായിരുന്നു. പിന്നീട്‌ കുറഞ്ഞ്‌ 40വരെയെത്തി. മഴ സീസണിൽ വില കുത്തനെ ഉയർന്നത്‌ നാളികേര കർഷകർക്ക്‌ ആശ്വാസമായി. മറ്റ്‌ സംസ്ഥാനങ്ങളിൽനിന്നുള്ള വരവ്‌ കുറഞ്ഞതും ഓണം മുന്നിൽക്കണ്ട്‌ വൻതോതിൽ തേങ്ങ സംഭരിച്ചുവയ്ക്കുന്നതുമാണ്‌ നിലവിലെ ലഭ്യതക്കുറവിന്‌ കാരണം. കർണാടകത്തിലും തമിഴ്നാട്ടിലും ഇ‍ൗർപ്പം കളഞ്ഞ ഉണക്കിപ്പൊടിച്ച തേങ്ങാപ്പൊടി ഉൽപ്പന്നങ്ങൾക്കായി കേരളത്തിൽനിന്ന് തേങ്ങ കയറ്റിയയക്കുന്നത് പതിവാണ്‌. ഇതും തേങ്ങയുടെ ആവശ്യകത വർധിപ്പിച്ചു. തേങ്ങക്ക്‌ വില ഉയരുന്നതിനനുസരിച്ച്‌ കൊപ്രയ്ക്കും വെളിച്ചെണ്ണയ്ക്കും വില ഉയരുന്നുണ്ട്‌. ഇ‍ൗ മാസം 15ന്‌ ക്വിന്റലിന്‌ 24,400 രൂപ വിലയുണ്ടായിരുന്ന വെളിച്ചെണ്ണക്ക്‌ കഴിഞ്ഞ ദിവസം 26,200 രൂപവരെയായി ഉയർന്നു. ഇതേ കാലയളവിൽ ക്വിന്റലിന്‌ 14,000 രൂപ വിലയുണ്ടായിരുന്ന കൊപ്ര വില 16,150ആയി ഉയർന്നു. കൊട്ടത്തേങ്ങയുടെ വിലയിൽ വലിയ മാറ്റമില്ലെന്നും വലിപ്പത്തിനനുസരിച്ച്‌ 16മുതൽ 26 രൂപവരെ തേങ്ങക്ക്‌ നൽകുമെന്നും വ്യാപാരികൾ പറഞ്ഞു. അടുത്ത മാസംമുതൽ ഉത്തരേന്ത്യയിൽ ഉത്സവ സീസൺ ആരംഭിക്കുന്നതോടെ കൊട്ടത്തേങ്ങയുടെ വിലയും ഉയരും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home