"ശലഭ'മായ് പാറി കുരുന്നുകൾ

കോഴിക്കോട് കോർപറേഷൻ ആഭിമുഖ്യത്തിൽ ജൂബിലി ഹാളിൽ നടന്ന അങ്കണവാടി കുട്ടികളുടെ കലോത്സവത്തിൽ ഒപ്പന മത്സരത്തിൽ പങ്കെടുക്കാനെത്തിയ കുട്ടികൾ ഒപ്പനവേഷമണിഞ്ഞശേഷം പരസ്‌പരം ആഭരണങ്ങൾ നോക്കി കൊഞ്ചിയപ്പോൾ ഫോട്ടോ / ജഗത് ലാൽ
സ്വന്തം ലേഖിക കോഴിക്കോട് കുഞ്ഞുടുപ്പിൽ തിളങ്ങി കുട്ടിക്കുരുന്നുകൾ... ആടിയും പാടിയും ഉത്സവം തീര്‍ക്കാൻ അവര്‍ ആവേശത്തോടെ ഓടിനടന്നു. കുഞ്ഞിക്കാലുകൾ വഴി തെറ്റിപ്പോകാതിരിക്കാൻ പിന്നാലെ ഓടിനടന്ന് രക്ഷിതാക്കളും അധ്യാപകരും. വനിതാ ശിശു വികസന വകുപ്പിന്റെ അങ്കണവാടി കലോത്സവത്തിലാണ് നിഷ്കളങ്കമായ കുസൃതിക്കാഴ്ചകൾ നിറഞ്ഞുനിന്നത്. കോർപറേഷൻ അര്‍ബൻ 4 അങ്കണവാടി കലോത്സവമായ "ശലഭ'ത്തിലാണ് കുഞ്ഞുങ്ങൾ ആസ്വദിച്ച് ചുവടുവച്ചത്. 130 അങ്കണവാടികളിൽനിന്നായി 1500ഓളം കുട്ടികൾ പങ്കെടുത്തു. തളി ജൂബിലി ഹാളിൽ നടന്ന കലോത്സവം കോർപറേഷൻ ഡെപ്യൂട്ടി മേയര്‍ ഡോ. എസ് ജയശ്രീ ഉദ്ഘാടനംചെയ്തു. ക്ഷേമകാര്യ സമിതി ചെയര്‍പേഴ്സൺ കവിത അരുൺ അധ്യക്ഷയായി. സി സന്ദേശ്, കെ രാജീവൻ, ഷമീൽ തങ്ങൾ, ശരത്മ സുകുമാര്‍ എന്നിവര്‍ സംസാരിച്ചു. രശ്-മി രാമൻ സ്വാഗതം പറഞ്ഞു. 13ന് അര്‍ബൻ 3 കലോത്സവം നടക്കും. ഡിങ്കിരി പട്ടാളവും കൈ കൊട്ടാൻ പെണ്ണുങ്ങളും കൈ കൊട്ട് പെണ്ണേ... കൈ കൊട്ട് പെണ്ണേ... കൊഞ്ചും വളയിട്ട് കൈ കൊട്ട്... മണിച്ചേട്ടന്റെ വരികൾക്കും താളത്തിനുമൊപ്പം മുണ്ടും ബ്ലൗസും തോര്‍ത്തും ധരിച്ചെത്തിയ കൺമണികൾ മതിമറന്നാടി. കരിവളകൾ കിലുക്കി, തല കുലുക്കി അവര്‍ ചിരിക്കുന്നത് വേദിയിലുള്ളവര്‍ കണ്ണുചിമ്മാതെ നോക്കിനിന്നു. ഗോതീശ്വരം നായര്‍കുളം അങ്കണവാടിയിലെ കൊച്ചുമിടുക്കരാണ് കാഴ്ചക്കാരെ ഹരംകൊള്ളിച്ചത്. ഡിങ്കിരി ഡിങ്കിരി പട്ടാളം പാട്ടിനൊത്ത് താളം ചവിട്ടാനെത്തിയ ഒമ്പത് മിടുമിടുക്കൻ പട്ടാളക്കാരും ആവേശം ഒട്ടും കുറച്ചില്ല. കൊമ്പൻ മീശ പിരിച്ചും തോക്ക് ചൂണ്ടിയും വമ്പത്തരം കാണിച്ചുമായിരുന്നു തട്ടാടത്തുംകാവ് അങ്കണവാടി കുട്ടികളുടെ പ്രകടനം. ഓരോഅങ്കണവാടിയിൽനിന്നും ഓരോ ഗ്രൂപ്പ് വീതമാണ് പരിപാടി അവതരിപ്പിച്ചത്. ഭൂരിഭാഗം ടീമിനെയും നൃത്തം പഠിപ്പിച്ചത് രക്ഷിതാക്കളാണെന്നതും കലോത്സവത്തിന്റെ പ്രത്യേകതയായി.









0 comments