സമീപ പുരയിടത്തിൽ പൈലിങ്
പട്ടികജാതി കുടുംബത്തിന്റെ വീട് അപകടാവസ്ഥയിൽ

തൈക്കാട്ടുശേരി പുതുവൽനികർത്ത് ശ്രീധരന്റെ അപകടാവസ്ഥയിലായ വീട് പികെഎസ് ഏരിയ നേതാക്കൾ സന്ദർശിക്കുന്നു
ചേർത്തല
അയൽപുരയിടത്തിൽ നിർമാണപ്രവർത്തനം നടത്തവെ വീടിന് കേടുപാടുണ്ടായി അപകടാവസ്ഥയിലെന്ന് പട്ടികജാതി കുടുംബത്തിന്റെ പരാതി. തൈക്കാട്ടുശേരി പഞ്ചായത്ത് രണ്ടാംവാർഡ് പുതുവൽനികർത്ത് ശ്രീധരനാണ് പട്ടികജാതി വികസന വകുപ്പ് അധികൃതർക്ക് പരാതിനൽകിയത്. സമീപ പുരയിടത്തിൽ നിർമാണപ്രവർത്തനത്തിന് തെങ്ങിൻതടി താഴ്‌ത്തിയപ്പോഴാണ് വീടിന്റെ ഭിത്തിക്ക് ഉൾപ്പെടെ വിള്ളലുണ്ടായത്. ശ്രീധരന്റെ വീടിനോടുചേർന്നാണ് ഭൂമി ബലപ്പെടുത്താൻ തെങ്ങിൻതടി ഉപയോഗിച്ച് പൈലിങ് നടത്തിയത്. ഇളക്കംതട്ടിയാണ് വീടിന് കേടുപാടുണ്ടായത്. ആദ്യത്തെ പൈലിങ് നടന്നപ്പോൾതന്നെ വീടിന് ഭീഷണിയാകുമെന്ന് പറഞ്ഞെങ്കിലും വീട്ടിൽ ആളില്ലാത്ത സമയം ജോലി തുടർന്നെന്ന് പരാതിയിൽ പറയുന്നു. ഏതുസമയവും തകർന്നുവീഴാവുന്ന അവസ്ഥയിലാണ് വീട്. അപകടാവസ്ഥ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ വീട് പുനർനിർമിച്ച് നൽകാമെന്ന് ഉറപ്പ് നൽകിയെങ്കിലും മാസങ്ങൾ കഴിഞ്ഞിട്ടും പാലിച്ചില്ല. സ്വന്തമായി പുതിയ വീട് നിർമിക്കാൻ വഴിയില്ലാത്തതിനാൽ അപകടഭീഷണിയിലായ വീട്ടിൽതന്നെയാണ് ശ്രീധരനും കുടുംബവും താമസിക്കുന്നത്. നീതിതേടി പട്ടികജാതി വികസന വകുപ്പ് ഡയറക്‌ടർക്കും ജില്ലാ ഓഫീസർക്കും ശ്രീധരൻ പരാതിനൽകി. പട്ടികജാതി ക്ഷേമസമിതി ഏരിയ നേതാക്കൾ വീട് സന്ദർശിച്ചു.








0 comments