print edition ഇനിയാണ് ‘ടെസ്‌റ്റ് ’; ഇന്ത്യ - ന്യൂസിലൻഡ് ഒന്നാം ടെസ്‌റ്റ് ഇന്നുമുതൽ

ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ് പരിശീലനത്തിൽ
വെല്ലിങ്ടൺ : നേരം പുലരുമ്പോഴേക്കും കളി തുടങ്ങിയിരിക്കും. അതിവേഗ ട്വന്റി20യും 50 ഓവറിന്റെ ഏകദിനവും കഴിഞ്ഞാണ് ക്രിക്കറ്റിലെ യഥാർത്ഥ ടെസ്‌റ്റ്. ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ഒന്നാം ക്രിക്കറ്റ് ടെസ്‌റ്റ് വെല്ലിങ്ടണിലെ ബേസിൽ റിസർവിലാണ്. ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ 3.30ന്. ശുഭ്‌മാൻ ഗിൽ ഇന്ത്യയെ നയിക്കുന്നു. ടോം ലാതമാണ് കിവീസ് ക്യാപ്‌റ്റൻ.
ഇന്ത്യ ട്വന്റി20 പരമ്പര 3–2നും ഏകദിന പരമ്പര 3–1നും നേടിയ ആത്മവിശ്വാസത്തിലാണ്. ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ പ്രതീക്ഷ നിലനിർത്താൻ പരമ്പര ജയം അനിവാര്യമാണ്. നിലവിൽ ഇന്ത്യ നാലാംസ്ഥാനത്താണ്. എന്നാൽ ന്യൂസിലൻഡിൽ ഇന്ത്യയുടെ ടെസ്‌റ്റ് റെക്കോഡ് പരിതാപകരമാണ്. അവസാന ടെസ്‌റ്റ് ജയിച്ചത് 2009ൽ ഹാമിൽടണിലാണ്. എം എസ് ധോണി ക്യാപ്‌റ്റനായ ടീം 10 വിക്കറ്റിന് ജയിച്ചു.
അരനൂറ്റാണ്ടിനിടെയുണ്ടായ ആദ്യ ജയമായിരുന്നു അത്. 2009ൽ ഇന്ത്യ 1–0ന് പരമ്പര നേടുകയും ചെയ്‌തു. അതിനുമുമ്പ് 1968ലെ ആദ്യ പര്യടനത്തിൽ 3–1ന് ജയിച്ചത് മാത്രമാണ് നേട്ടമായുള്ളത്. കഴിഞ്ഞ 58 വർഷത്തിനിടെ ന്യൂസിലൻഡിൽ 25 ടെസ്‌റ്റ് കളിച്ചതിൽ അഞ്ച് ജയം മാത്രം.
വെല്ലിങ്ടണിൽ തെളിഞ്ഞ അന്തരീക്ഷമാണ്. നല്ല കാറ്റുണ്ട്. പേസ് ബൗളർമാരുടെ പറുദീസയെന്നാണ് അറിയപ്പെടുന്നത്. 85 ശതമാനം വിക്കറ്റുകളും പേസർമാർ കൊയ്‌തതായാണ് ചരിത്രം. ആദ്യം പന്തെറിഞ്ഞ ടീമിനായിരുന്നു കൂടുതൽ വിജയം.
അതിനാൽ പേസർമാരും ബാറ്റർമാരും തമ്മിലുള്ള മുഖാമുഖമാകും. നാല് പേസർമാരെ അണിനിരത്തുമെന്ന് ഇന്ത്യൻ ക്യാപ്‌റ്റൻ ശുഭ്‌മാൻ ഗിൽ വ്യക്തമാക്കിയിട്ടുണ്ട്. ജസ്‌പ്രീത് ബുമ്രയും മുഹമ്മദ് സിറാജും പുതിയ പന്തെടുക്കും. പിന്തുണയുമായി നിതീഷ് കുമാർ റെഡ്ഡിയുണ്ടാകും. നാലാമൻ ഗുർനൂർ ബ്രാറോ പ്രസിദ്ധ് കൃഷ്‌ണയോ എന്ന് ടോസിനുമുന്പ് തീരുമാനിക്കും.
യശസ്വി ജയ്‌സ്വാളും കെ എൽ രാഹുലും നൽകുന്ന തുടക്കമാകും ബാറ്റിങ്ങിൽ അടിത്തറ. മൂന്നാം നമ്പറിൽ ദേവ്‌ദത്ത് പടിക്കൽ വരും. ഗില്ലിനുപിന്നാലെ ഋഷഭ് പന്തുണ്ട്. സ്‌പിൻ ഓൾറൗണ്ടറായി രവീന്ദ്ര ജഡേജയും. മിച്ചെൽ സാന്റ്‌നർ പരിക്കേറ്റ് പിൻമാറിയത് കിവീസിന് തിരിച്ചടിയാണ്. എന്നാൽ കളമറിഞ്ഞ് പന്തെറിയുന്ന പേസർമാരുടെ നിരയുണ്ട്. മാറ്റ് ഹെൻറിക്കൊപ്പം ജേക്കബ് ഡഫി, കൈൽ ജാമിസൺ, നതാൻ സ്‌മിത്ത് എന്നിവർ ബാറ്റിങ്നിരയുടെ ഉറക്കംകെടുത്തും. റണ്ണടിക്കാൻ ഡെവൻ കോൺവെ, ഹെൻറി നിക്കോൾസ്, രചിൻ രവീന്ദ്ര, ഗ്ലെൻ ഫിലിപ്‌സ് എന്നിവരുണ്ട്.
സാധ്യതാ ടീം ഇന്ത്യ: ശുഭ്‌മാൻ ഗിൽ (ക്യാപ്‌റ്റൻ), യശസ്വി ജയ്‌സ്വാൾ, കെ എൽ രാഹുൽ, ദേവ്‌ദത്ത് പടിക്കൽ, ഋഷഭ് പന്ത്, ധ്രുവ് ജുറെൽ, രവീന്ദ്ര ജഡേജ, നിതീഷ് കുമാർ റെഡ്ഡി, ഗുർനൂർ ബ്രാർ/ പ്രസിദ്ധ്‌കൃഷ്‌ണ, മുഹമ്മദ് സിഹാജ്, ജസ്‌പ്രീത് ബുമ്ര.
ന്യൂസിലൻഡ്: ടോം ലാതം (ക്യാപ്‌റ്റൻ), ഡെവൻ കോൺവെ, ഹെൻറി നിക്കോൾസ്, രചിൻ രവീന്ദ്ര, ഡാരിൽ മിച്ചെൽ, ടോം ബ്ലൻഡൽ, ഗ്ലെൻ ഫിലിപ്‌സ്, നതാൻ സ്‌മിത്ത്, മാറ്റ് ഹെൻറി, കൈൽ ജാമിസൺ, ജേക്കബ് ഡഫി.








0 comments