ആറുമാസമായി, ആർക്കുവേണ്ടി

കോട്ടയം നഗരത്തിൽ പണിപൂർത്തിയാകാത്ത ആകാശപാത
കോട്ടയം ഒന്പത് എംഎൽഎമാരെ യുഡിഎഫിന് നൽകിയിട്ടും സർക്കാർ ആറുമാസം തികയ്‌ക്കുന്പോൾ കോട്ടയത്തിന് എന്ത് കിട്ടിയെന്ന് ജനം. എൽഡിഎഫ് സർക്കാർ തുടക്കമിട്ട വികസന പദ്ധതികൾ, യുഡിഎഫ് കഫ്‌ബിയെ തകർക്കാൻ തീരുമാനിച്ചതോടെ അനാഥമായി. യുഡിഎഫ് വന്നാൽ ഇപ്പോ ശരിയാക്കുമെന്ന് പറഞ്ഞ കോട്ടയം ആകാശപാത ദാ.. അവിടെ കിടക്കുന്നു. ജനത്തിന്റെ തലയിൽ വീഴുമോയെന്ന ഭീഷണിയിൽ. 10 വർഷത്തിൽ എല്‍ഡിഎഫ് സര്‍ക്കാര്‍ 2739.20 കോടി രൂപയുടെ പദ്ധതികളാണ് കിഫ്‌ബിയിലുടെ ജില്ലയില്‍ നടപ്പാക്കിയത്, 57 ബൃഹദ്പദ്ധതികൾ. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയുടെ വികസനത്തിനായി 500ലധികം കോടി രൂപയുടെ വികസന പ്രവർത്തനം നടത്തി. സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിന് മാത്രം അനുവദിച്ചത് 264.60 കോടി. യുഡിഎഫ് സർക്കാർ വന്നതോടെ ബ്ലോക്കിലെ അത്യാധുനിക സംവിധാനങ്ങളുടെ പരിപാലനം നടക്കാത്തതിനാൽ കാര്യങ്ങൾ കുഴയുകയാണ്. കോട്ടയം ജനറൽ ആശുപത്രിയിൽ 129.9 കോടി രൂപ അനുവദിച്ച പത്ത് നില കെട്ടിടത്തിന്റെ നിർമാണം നിശ്ചലമാകും. 22.07 കോടി ചെലവിട്ടുള്ള വൈക്കം സിനിമാ തിയറ്റർ കോംപ്ലക്‌സ്, ഏന്തയാർ–വാഗമൺ റോഡ്, കാഞ്ഞിരപ്പള്ളി ബൈപാസ്, ഏറ്റുമാനൂര്‍ റിങ് റോഡ്, ഏറ്റുമാനൂർ കുടിവെള്ള പദ്ധതി തുടങ്ങിയവയുടെ നിർമാണവും നടക്കില്ല. എൽഡിഎഫ് സർക്കാരിന്റെ സ്‌ത്രീ സുരക്ഷ പദ്ധതിയിൽ 46,914 പേർക്ക് 1,000 രൂപ ലഭിച്ചിരുന്നു. അത് നിർത്തിയതിലൂടെ യുഡിഎഫ് വീട്ടമ്മാരുടെ സമാശ്വാസം തട്ടിയെടുത്തു. പ്രമുഖ വ്യവസായ സ്ഥാപനങ്ങളായ കേരള പേപ്പർ പ്രൊഡക്ട്‌സ് ലിമിറ്റഡ്(കെപിപിഎൽ), കേരള റബർ ലിമിറ്റഡ്(കെആർഎൽ) എന്നിവയുടെ അഭിവൃദ്ധിക്കായിഎൽഡിഎഫ് സർക്കാർ കോടികളുടെ പദ്ധതികൾക്ക് തുടക്കമിട്ടെങ്കിലും ആറുമാസമായിട്ടും തുടർനടപടികൾ പോയിട്ട് യുഡിഎഫ് വ്യവസായ മന്ത്രി ഇങ്ങോട്ട് തിരിഞ്ഞുപോലും നോക്കിയില്ല.








0 comments