print edition പക്ഷിപ്പനി; 18,620 വളർത്തുപക്ഷികളെ നശിപ്പിച്ചു

ചെന്നിത്തല -തൃപ്പെരുന്തുറയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെത്തുടർന്ന് കള്ളിങ്ങ് നടത്തുന്നു
ആലപ്പുഴ : ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെതുടർന്നുള്ള പ്രതിരോധ നടപടികളുടെ ഭാഗമായി 18,620 വളർത്തുപക്ഷികളെ കൊന്നുനശിപ്പിച്ചു. അമ്പലപ്പുഴ നോർത്ത്, ചെന്നിത്തല -തൃപ്പെരുന്തുറ പഞ്ചായത്തുകളിൽ പ്രഭവകേന്ദ്രങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വളർത്തുപക്ഷികളെയാണ് ബുധനാഴ്‌ച കൊന്നത്. ആകെ 7116 കോഴി, 11057 താറാവ്, 447 കാട എന്നിവയെയാണ് നശിപ്പിച്ചത്. 28,040 മുട്ടകളും 100 കിലോ തീറ്റയും നശിപ്പിച്ചു.
അമ്പലപ്പുഴ നോർത്ത് പഞ്ചായത്തിലെ പ്രഭവകേന്ദ്രത്തിന് ചുറ്റും 7331 പക്ഷികളെയും ചെന്നിത്തല -തൃപ്പെരുന്തുറ പഞ്ചായത്തിൽ 11289 പക്ഷികളെയുമാണ് കൊന്നത്.നശിപ്പിച്ചവയിൽ ഫാമുകളിലെയും വീടുകളിലെയും വളർത്തുപക്ഷികൾ ഉൾപ്പെടുന്നു. അമ്പലപ്പുഴ നോർത്തിൽ 1636 വലിയ കോഴികൾ, 5225 ചെറിയ കോഴികൾ, 447 കാടകൾ, മൂന്ന് താറാവുകൾ എന്നിവയെക്കൂടാതെ 40 മുട്ടകളും നശിപ്പിച്ചു.
അമ്പലപ്പുഴ സൗത്ത് പഞ്ചായത്തിലെ 20 പക്ഷികളെയും നശിപ്പിച്ചു. ചെന്നിത്തല -തൃപ്പെരുന്തുറയിൽ 235 കോഴികൾ, 586 താറാവുകൾ, 10468 താറാവിൻ കുഞ്ഞുങ്ങൾ എന്നിവയെ നശിപ്പിച്ചു.ഇവിടെ 28000 മുട്ടകളാണ് നശിപ്പിച്ചത്. ഡോക്ടർ, രണ്ട് ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർമാർ, രണ്ട് അറ്റൻഡർമാർ, നാല് തൊഴിലാളികൾ എന്നിവർ ഉൾപ്പെട്ട ദ്രുതകർമസേനയാണ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയത്. കൊന്നൊടുക്കിയ പക്ഷികളെ കത്തിച്ചു.








0 comments