അതിഥി തൊഴിലാളികൾക്ക് പരിശോധന

തൂണേരിയിൽ ആരോഗ്യവിഭാഗം നടത്തിയ രാത്രികാല പരിശോധന
തൂണേരി അതിഥി തൊഴിലാളികളിൽ വിവിധ തരത്തിലുള്ള സാംക്രമിക രോഗങ്ങൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ജില്ലാ മിസ്റ്റ് ടീമിന്റെ സഹകരണത്തോടെ തൂണേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ രാത്രികാല പരിശോധന നടത്തി. കുഷ്‌ഠമടക്കമുള്ള തൊലിപ്പുറത്തെ രോഗ പരിശോധന, മലമ്പനി, മന്ത് എന്നിവ പരിശോധിക്കുന്നതിനുള്ള രക്തസാമ്പിൾ, ടിബി രോഗ പരിശോധനയ്ക്കുള്ള കഫം എന്നിവ ശേഖരിച്ചു. രക്ത സമ്മർദം, വായിലെ കാൻസർ എന്നിവ കൂടി പരിശോധിച്ചു. തൂണേരി പഞ്ചായത്തിലെ വിവിധ ക്വാർട്ടേഴ്‌സുകളിൽ താമസിക്കുന്ന 118 അതിഥി തൊഴിലാളികളെയാണ് പരിശോധിച്ചത്. ബോധവൽക്കരണ ക്ലാസും നടത്തി. പരിശോധനാഫലം ലഭിക്കുന്ന മുറയ്ക്ക്, രോഗം സ്ഥിരീകരിക്കുന്നവർക്ക് ചികിത്സ നൽകുമെന്ന് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ജി അലൻ അറിയിച്ചു. പരിശോധനയിൽ മിസ്റ്റ് മെഡിക്കൽ ഓഫീസർ ടി കെ ജഫ്രീക്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ കെ പി രാജേഷ് കുമാർ, നിതിലാജി, പബ്ലിക് ഹെൽത്ത് നഴ്‌സ് ബി അനിത, മിഡ് ലെവൽ സർവീസ് പ്രൊവൈഡർമാരായ സി കെ ഹരിത, അനുഷ സത്യൻ, ആർബിഎസ് കെ നഴ്സ് തുഷാര, പി ബിജുല, ജി നീതു, ആശപ്രവർത്തകരായ ബീന, റിഷ എന്നിവർ നേതൃത്വം നൽകി.









0 comments