വിറകിന് തീവില; അടുപ്പിന്റെ കാര്യം പുക

കോഴിക്കോട്
വിറകുവില വർധിച്ചതോടെ അടുപ്പുപുകയ്ക്കാൻ വഴിയില്ലാതെ കാറ്ററിങ്ങുകാരും ഹോട്ടലുകാരും പ്രതിസന്ധിയിൽ. പശ്‌ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് പാചകവാതക ക്ഷാമവും വില വർധനവുമുണ്ടായപ്പോഴാണ് വിറകിനും തീപിടിക്കുന്ന വില വന്നത്. ഇരട്ടിയിലേറെ വിലയാണ് മില്ലുകളും വ്യാപാരികളും വിറകിനേർപ്പെടുത്തിയത്. പാചക വാതക പ്രതിസന്ധി വന്നപ്പോൾ വീടുകൾക്ക് പുറമേ ചെറുകിട ഹോട്ടലുകളും കാറ്ററിങ് സ്ഥാപനങ്ങളും കൂടുതലായി വിറകടുപ്പിലേക്ക് മാറിയപ്പോൾ ഡിമാൻഡിനൊപ്പം വില കൂടി. മില്ലുകളിലും വിറകുവിൽപ്പനക്കാരുടെയടുത്തും വിറക് കുറഞ്ഞതും കൂടിയ വില കുറയാതിരിക്കാൻ കാരണമായി. റബർ വിറകിന് ടണ്ണിന് 5500 മുതൽ 6000 രൂപ വരെയാണ് നിലവിൽ വില. പ്ലാവ്, മാവ്, മഹാഗണി, കശുമാവ് തുടങ്ങിയവ ഉൾപ്പെടുന്ന പടുവിറകുകൾക്ക് 3000 മുതൽ 3500 വരെയാണ് വില. ഇരൂളിന് 6500 മുതൽ 7500 രൂപയും. റബറിന് ക്ഷാമമുണ്ടായതാണ് പടു വിറകുകൾക്ക് വില കുറയാതിരിക്കാൻ മറ്റൊരു കാരണം. പെരുമ്പാവൂരുൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് പ്ലൈവുഡ് നിർമിക്കാനും മറ്റ് ആവശ്യങ്ങൾക്കുമായി ടൺ കണക്കിന് വിറകുകൾ ഒരുമിച്ച് കയറ്റി അയക്കുന്നതാണ് ക്ഷാമത്തിന് കാരണം. ഹോട്ടൽ, കാറ്ററിങ്, കല്യാണം, വിശേഷച്ചടങ്ങുകൾ, അരാധനാലയങ്ങളിലെ ദിവസങ്ങൾ നീളുന്ന പരിപാടികൾ തുടങ്ങിയവയ്‌ക്കാണ് കൂടുതലായും വിറകുകൾ വലിയ അളവിൽ വാങ്ങിക്കൊണ്ടിരുന്നത്. ഇന്ധനക്ഷാമവും വിലക്കയറ്റവും വർധിച്ചതോടെ വിറകുകൾ വാങ്ങാനെത്തുന്നവരുടെ എണ്ണത്തിൽ വർധനയുണ്ടായി. ഇന്ധന വില വർധനവിനൊപ്പം വിഭവങ്ങൾക്ക് വില കൂട്ടിയ ഹോട്ടലുകാരും പ്രതിസന്ധിയിലാണ്. പാചക വാതക വിലയിൽ മാറ്റമുണ്ടായെങ്കിലും സാധനങ്ങളുടെ വിലയും വിറകിന്റെ വിലയും കൂടിയത് കാരണം വിഭവങ്ങൾക്ക് ഉടൻ വില കുറയ്ക്കാനാകില്ലെന്നാണ് കെഎച്ച്‌ആർഎ ഭാരവാഹികൾ പറയുന്നത്. പാചക വാതകത്തിന് വില വർധിച്ചതോടെ കൂടുതൽ വിഭവങ്ങൾ വിറകിൽ തയ്യാറാക്കാൻ തുടങ്ങി. ജെറ്റ് അടുപ്പുകൾ കുടുതൽ ഉപയോഗിക്കാൻ തുടങ്ങി. എന്നാൽ വിറകിനും വില കൂടിയത് വീണ്ടും പ്രതിസന്ധിയുണ്ടാക്കി. കൂടിയ വില കൊടുത്ത് വിറക് വാങ്ങിയാലും നഗരത്തിലെ മിക്ക ഓഡിറ്റോറിയങ്ങളും വിറകടുപ്പ് ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് കാറ്ററിങ് സ്ഥാപന ഉടമകൾ പറഞ്ഞു.










0 comments