സൂപ്പർ ലീഗ് കേരള
കപ്പടിക്കാൻ കാലിക്കറ്റ്

പരിശീലകൻ എവർ അഡ്രിയാനോ ഡിമാൾഡെയും ക്യാപ്‌റ്റൻ കെ പ്രശാന്തും പരിശീലനത്തിനിടെ
കോഴിക്കോട്
സൂപ്പർ ലീഗ് കേരളയിൽ കോഴിക്കോടിന്റെ കരുത്തായ കാലിക്കറ്റ് എഫ്‌സിയുടെ കുതിപ്പ് തുടരുന്നു. മൂന്ന് മത്സരങ്ങൾ ബാക്കി നിൽക്കെ തുടർച്ചയായി മൂന്നാം തവണയും സെമി ഫൈനൽ ഉറപ്പിച്ചാണ് കാലിക്കറ്റിന്റെ മുന്നേറ്റം. ആദ്യസീസണിൽ കപ്പുയർത്തി വരവറിയിച്ച ടീമിന് കഴിഞ്ഞ തവണ സെമിയിൽ കാലിടറിയിരുന്നു. ആ ക്ഷീണം തീർക്കുകയാണ് ഇത്തവണത്തെ ലക്ഷ്യം. ഏഴ് മത്സരങ്ങളിൽ അഞ്ചിലും വിജയിച്ചാണ് കാലിക്കറ്റ് പോയിന്റ് ടേബിളിൽ ഇത്തവണ ഒന്നാമതെത്തിയത്. 14 തവണ എതിരാളികളുടെ വല നിറച്ചപ്പോൾ എട്ടുതവണ മാത്രമാണ് ഗോൾ വഴങ്ങിയത്. രണ്ടാമതുള്ള ഫോഴ്‌സാ കൊ ച്ചിക്ക് ഏഴ് മത്സരങ്ങളിൽനി ന്നായി 13 പോയിന്റാണുള്ളത്. സെമി ഉറപ്പിച്ച ടീം സ്വന്തം തട്ടകത്തിലെ അടുത്ത മത്സരത്തിന് ഞായറാഴ്ച ഇറങ്ങും. കോഴിക്കോട് ഇ എം എസ് കോർപറേഷൻ സ്‌റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ കണ്ണൂർ വാരിയേഴ്‌സാണ് എതിരാളികൾ. 22ന് തൃശൂരിനെതിരെയും 26ന് കൊച്ചിക്കെതിരെയുമുള്ള മത്സരങ്ങളാണ് ഇനി ബാക്കിയുള്ളത്. സെമി ഉറപ്പിച്ചെങ്കിലും അടുത്ത മത്സരങ്ങളിലും വിജയിച്ച് കുതിപ്പ് തുടരാനായിരിക്കും കാലിക്കറ്റ് എഫ്‌സിയുടെ ശ്രമം.









0 comments