print edition സർക്കാർ നിഷ്‌ക്രിയം: വിപണിയിൽ കൊള്ള

തിരുവനന്തപുരം/ കൊച്ചി: സാധാരണക്കാരുടെ കുടുംബബജറ്റ് തകിടംമറിച്ച് സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വില കുതിക്കുന്നു. യുഡിഎഫ് സർക്കാർ വിപണിയിൽ ഇടപെടാതായതോടെ ജനജീവിതം ദുസ്സഹമായി. അരിവിലയിൽ അസാധാരണ വർധന. ആറുമാസത്തിനിടെ 50 ശതമാനംവരെ വർധിച്ചു.
പൊന്നി അരിക്ക് മാത്രം മൂന്നുമാസത്തെ ഇടവേളയിൽ 30 രൂപയോളം വർധിച്ചു. കിലോക്ക് 60 രൂപയായിരുന്നത് 80 മുതൽ 90 രൂപ വരെയായി. 50 രൂപയായിരുന്ന വടി മട്ടയ്ക്ക് 15 രൂപ വർധിച്ച് 65 രൂപയായി. ഒരാഴ്ചമുമ്പ് 48ന് ലഭിച്ചിരുന്ന ജയ അരിക്ക് ഇപ്പോൾ 54–55 രൂപയാണ്. സോന മസൂരിക്ക് രണ്ടാഴ്ചയ്ക്കുള്ളിൽ 11 രൂപ വർധിച്ച് 76 രൂപയായി. കൈമയ്ക്ക് (ജീരകശാല) 30 രൂപയിലധികം വർധിച്ചു. മൊത്തവില 145–150 രൂപയായിരുന്നത് 180ലേക്ക് ഉയർന്നു. ചില്ലറവില 200–250 രൂപയിലെത്തി. പ്രീമിയം ബ്രാൻഡുകൾക്ക് 40 രൂപയോളം വർധിച്ചു. ഇതോടെ, നാലംഗ കുടുംബത്തിന് അരി വാങ്ങാൻമാത്രം മാസം 350 –400 രൂപയോളം അധികം വേണം. പെട്രോളിൽ കലർത്താനുള്ള എഥനോളിനായി ഫുഡ് കോർപറേഷന്റെ കരുതൽശേഖരത്തിലുള്ള അരി ഉപയോഗിക്കുന്നതിനാൽ പൊതുവിപണിയിലേക്കുള്ള അരിവരവ് കുറഞ്ഞു. കഴിഞ്ഞ വർഷത്തേക്കാൾ 11,401.89 മെട്രിക് ടൺ അരിയുടെ കുറവാണ് ഇത്തവണ പൊതുവിതരണത്തിലുണ്ടായത്.
സവാള വില ആഗസ്‌തിൽ 45 രൂപയായിരുന്നത് 70 രൂപ വരെയായി. ചെറിയ ഉള്ളി വില 80ൽനിന്ന് 160 ആയി . ഉഴുന്ന്, കടല, ചെറുപയർ എന്നിവയ്‌ക്കെല്ലാം 100 മുതൽ 150 രൂപവരെയാണ് വില. മുളക്, മല്ലി എന്നിവയ്‌ക്ക് 200ന് മുകളിലായി. പഞ്ചസാരയ്‌ക്ക് ആഗസ്‌തിൽ 58 രൂപയായിരുന്നത് ഇപ്പോൾ 62 ആയി. ബിരിയാണി അരിയുടെ വിലവർധന ഹോട്ടൽ വ്യവസായത്തെയും തളർത്തി. ക്രിസ്‌മസ്–പുതുവത്സര വിപണിയിൽ വില ഇനിയും ഉയർന്നേക്കും. എന്നാൽ,സപ്ലൈകോവഴി സാധനങ്ങൾ ലഭ്യമാക്കാനോ പച്ചക്കറി വില ഹോർട്ടികോർപ്പിലൂടെ പിടിച്ചുനിർത്താനോ സർക്കാരിന് കഴിഞ്ഞിട്ടില്ല.









0 comments