ജില്ല ഒന്നാമത്
കുതിച്ച് ബിഎസ്എൻഎൽ കണക്ഷൻ

സ്വന്തം ലേഖിക
Published on Oct 15, 2026, 02:29 AM | 1 min read
കോഴിക്കോട്
ഒരുലക്ഷം കണക്ഷനുമായി ജില്ലയിൽ റെക്കോഡ് നേട്ടത്തിൽ ബിഎസ്എൻഎൽ. ഫൈബര് ടു ദ ഹോം (എഫ്ടിടിഎച്ച്) കണക്ഷനുകൾ 1,00,000 ആയി ഉയര്ന്നു. ഗ്രാമീണ മേഖലയിലും കണക്ഷനുകളുടെ എണ്ണം വര്ധിച്ചു. സെപ്തംബറിൽമാത്രം 2500ൽപ്പരം കണക്ഷൻ പുതുതായി നൽകിയാണ് ഭാരത് നെറ്റ് ഉദ്യമി പദ്ധതിയിൽ മുന്നേറിയത്. യുവസംരംഭകരുടെ ഇടയിലും എഫ്ടിടിഎച്ച് കണക്ഷനുകൾ ശ്രദ്ധനേടുകയാണ്. വയനാട്ടിലും 16,000ൽപ്പരം കണക്ഷനുകളായി.
സംസ്ഥാനത്താകെ 7.70 ലക്ഷം കണക്ഷനുകൾ നൽകി. കൊച്ചിയിൽ സെപ്തംബര് 30 വരെയുള്ള കണക്ക് പ്രകാരം 99,037 കണക്ഷനുകളായി. മോഡവും ഇൻസ്റ്റാലേഷനും സൗജന്യമായാണ് ലഭ്യമാക്കുന്നത്. ആറ് മാസത്തേക്ക് 1999 രൂപ മുതലുള്ള പാക്കേജുകളുമുണ്ട്.
കഴിഞ്ഞ ഒരുമാസത്തിനിടെ മാത്രം 28 ശതമാനം വര്ധനയാണ് സംസ്ഥാനത്ത് മൊബൈൽ കണക്ഷനുകളുടെ എണ്ണത്തിൽ റിപ്പോര്ട്ട് ചെയ്തത്. ബിഎസ്എൻഎൽ 4ജി സംവിധാനം സ്ഥിരത നേടിയതും പ്രവര്ത്തന മികവുമാണ് കണക്ഷനുകളുടെ എണ്ണം കൂടാനുള്ള കാരണമെന്നാണ് വിലയിരുത്തൽ. കൂടുതൽ പുതിയ കണക്ഷനുകൾ കോട്ടയത്തും (34) എറണാകുളത്തുമാണ് (24). ബിഎസ്എൻഎല്ലിന്റെ 26ാം വാര്ഷികത്തോടനുബന്ധിച്ച് മൊബൈൽ പ്രീ പെയ്ഡ് ഉപഭോക്താക്കൾക്ക് വിവിധ ഓഫറുകളുമുണ്ട്. റീചാര്ജിനൊപ്പം സൗജന്യ ഇൻഷുറൻസ് പരിരക്ഷ നൽകുന്ന പാക്കേജ്, 349 രൂപയ്ക്ക് അൺ ലിമിറ്റഡ് ഡാറ്റ നൽകുന്ന പാക്കേജ്, 1967 രൂപയ്ക്ക് ഒരുവര്ഷത്തെ ഇന്റര്നാഷണൽ റോമിങ് പാക്കേജ് തുടങ്ങിയവയാണ് ഓഫറുകൾ.









0 comments