ad
Deshabhimani

ഓണത്തിന്‌ മുന്നേ നേന്ത്രക്കായ വില ഉയരുന്നു

വിഐപി വൈബിൽ വാഴക്കുലകൾ

banana

പാളയം മാര്‍ക്കറ്റിലെ കടകളിലേക്ക് വില്‍പനക്കെത്തിക്കുന്ന നേന്ത്രക്കുലകള്‍.

വെബ് ഡെസ്ക്

Published on Aug 03, 2026, 02:07 AM | 1 min read

കോഴിക്കോട്

ഓണത്തിന്‌ മുന്നേ നേന്ത്രക്കായയ്ക്ക്‌ വില ഉയരുന്നതിൽ ആശങ്ക. നേന്ത്രക്കായയ്ക്ക്‌ കടുത്ത ക്ഷാമം നേരിട്ടതോടെയാണ്‌ നേന്ത്രപ്പഴത്തിനും നേന്ത്രക്കായയ്ക്കുമെല്ലാം വിപണിയിൽ വില വർധിച്ചത്‌. ഇതോടെ ഓണസദ്യയ്ക്ക്‌ ചെലവേറുമോ എന്ന ആശങ്കയും കൂടി. വിപണിയില്‍ നേന്ത്രക്കായ കിലോ 60–-70 രൂപ വരെയും നേന്ത്രപ്പഴത്തിന്‌ 70– 85 രൂപയുമാണ്‌ വില. പത്തു ദിവസത്തിനിടെ മൊത്തവിപണിയി‍ൽ നേന്ത്രക്കായ കിലോയ്ക്ക്‌ 10 മുതൽ 12 രൂപ വരെ കൂടി. പ്രതികൂല കാലാവസ്ഥയിൽ ഉൽപ്പാദനത്തിലുണ്ടായ കുറവാണ് വില ഉയരാനിടയാക്കിയത്. സദ്യയിൽ ഒഴിച്ചുകൂടാനാവാത്ത വറുത്തുപ്പേരിക്കും ശര്‍ക്കര ഉപ്പേരിക്കും വില കുതിക്കുകയാണ്. 400 മുതൽ 460 വരെയാണ്‌ വില. നേന്ത്രക്കായയുടെ വരവ് കുറഞ്ഞതും വില കൂടാന്‍ കാരണമായിട്ടുണ്ട്. ഓണം വിപണി ലക്ഷ്യമിട്ട് വറുത്തുപ്പേരി, ശര്‍ക്കര ഉപ്പേരി, കായ വറുത്തത്, പഴം വറുത്തത് എന്നിവയുടെ നിര്‍മാണം മുന്‍ വര്‍ഷങ്ങളില്‍ തകൃതിയായി നടക്കാറുണ്ടായിരുന്നു. ഇത്തവണ ഓര്‍ഡറുകള്‍ക്ക് അനുസരിച്ച്‌ മാത്രമാണ്‌ പലയിടത്തും കായ വറുക്കുന്നത്. നാലുമാസം മുമ്പ് ഇതര സംസ്ഥാനത്തുനിന്നെത്തുന്ന കുലകള്‍ മൂന്ന് കിലോ നൂറുരൂപക്കുവരെ വിറ്റിരുന്നു. മൈസൂര്‍ പഴത്തിന് 30–-40 രൂപ, ആണിപ്പൂവന് 70– -80, റോബസ്റ്റിന് 35 –-40, ചെങ്കദളി 65-–70 രൂപ എന്നിങ്ങനെയാണ്‌ മറ്റ്‌ പഴങ്ങളുടെ ശരാശരി വില. പ്രാദേശികമായും വാങ്ങുന്നതിന്റെ അളവ്‌ അനുസരിച്ചും വിലയിൽ മാറ്റമുണ്ടാകും. സാധാരണ ഓണക്കാലത്താണ് നേന്ത്രവാഴക്കുല കൂടുതലായി വിളവെടുക്കുന്നതും വില വര്‍ധിക്കാറുള്ളതെന്നും വാഴ കര്‍ഷകര്‍ പറയുന്നു. കനത്ത മഴയിലും കാറ്റിലും നേന്ത്രവാഴക്കൃഷി വ്യാപകമായി നശിച്ചതിനാല്‍ ഇത്തവണ പ്രാദേശികമായി ഉൽപ്പാദിപ്പിച്ചവ പൊതുവെ കുറവാണ്. വില കൂടിയപ്പോള്‍ ആവശ്യത്തിവ്‌ വിളവില്ലെന്നും കര്‍ഷകര്‍ പറയുന്നു. കുലയുടെ തൂക്കവും കുറവാണ്‌. പത്തുകിലോ തൂക്കമുള്ള നാടന്‍ നേന്ത്രക്കുല കടകളിലെത്തിക്കുമ്പോള്‍ ഒരു കിലോയോളം തണ്ട് കുറച്ചാണ് തൂക്കം കണക്കാക്കുക. അപ്പോള്‍ കിലോക്ക് 60– -70 രൂപ തോതില്‍ ലഭിച്ചാല്‍തന്നെ 540– -630 വരെയാണ്‌ ലഭിക്കുക. കന്ന് വാങ്ങൽ, കൂലി ചെലവ്, വളമിടല്‍, നാട്ട കെട്ടല്‍ അടക്കമുള്ളവയ്‌ക്ക് മുമ്പത്തേക്കാള്‍ ചെലവ് കൂടിയതും അതിനൊത്ത് വില ലഭിക്കാത്തതും നീര്‍വാര്‍ച്ചയുള്ള സ്ഥലം കുറഞ്ഞ പാട്ടത്തിന് ലഭിക്കാത്തതും കര്‍ഷകര്‍ വാഴക്കൃഷി ഉപേക്ഷിക്കാൻ കാണമായിട്ടുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home