ad
Deshabhimani

ഉദ്ഘാടനത്തിനൊരുങ്ങി 
ബാലുശേരി താലൂക്കാശുപത്രി

ഉദ്ഘാടനത്തിന് ഒരുങ്ങിയ ബാലുശേരി താലൂക്കാശുപത്രി

ഉദ്ഘാടനത്തിന് ഒരുങ്ങിയ ബാലുശേരി താലൂക്കാശുപത്രി

വെബ് ഡെസ്ക്

Published on Jan 10, 2026, 02:28 AM | 1 min read

സ്വന്തം ലേഖകൻ ബാലുശേരി ബാലുശേരി മണ്ഡലത്തിലെയും സമീപപ്രദേശങ്ങളിലെയും സാധാരണക്കാരായ ജനങ്ങളുടെ ദീർഘകാല സ്വപ്നം യാഥാർഥ്യമാവുന്നു. കിഫ്ബിയുടെ 23 കോടി രൂപ ധനസഹായത്തോടെ നിർമാണം പൂർത്തിയാക്കിയ ബാലുശേരി താലൂക്ക് ആശുപത്രിയുടെ അത്യാധുനിക കെട്ടിടം നാടിന് സമർപ്പിക്കാൻ ഒരുങ്ങി. ഫെബ്രുവരിയിൽ ഉദ്‌ഘാടനം നടക്കും. കൃത്യമായ ആസൂത്രണത്തിന്റെയും നിരന്തരമായ ഇടപെടലുകളുടെയും ഭാഗമായാണ് ആശുപത്രി വികസനം വേഗത്തിൽ സാധ്യമായത്‌. കെ എം സച്ചിൻദേവ് എംഎൽഎയുടെ നിരന്തര ശ്രമം താലൂക്ക് ആശുപത്രിയുടെ അതിവേഗ വികസനത്തിന് പിന്നിലുണ്ട്‌. നിർമാണത്തിന്റെ ഓരോ ഘട്ടത്തിലും അദ്ദേഹം ഇടപെട്ടു. തിരുവനന്തപുരത്തും ആശുപത്രിയിലുമായി പതിനഞ്ചിലധികം യോഗങ്ങളാണ് നേരിട്ട് വിളിച്ചുചേർത്തത്. മന്ത്രി വീണാ ജോർജ്‌ നേരിട്ട് ആശുപത്രിയിൽ എത്തി പ്രവൃത്തി പുരോഗതി വിലയിരുത്തുകയും സാങ്കേതിക തടസ്സങ്ങൾ നീക്കി നിർമാണം വേഗത്തിലാക്കുകയും ചെയ്തു. പുതിയ കെട്ടിടത്തിന്റെ താഴത്തെ നിലയിൽ അത്യാഹിത വിഭാഗം, എക്സാമിനേഷൻ മുറി, മൈനർ ഒടി, റിക്കവറി, ഡ്രസ്സിങ്ങ് ഇഞ്ചക്ഷൻ മുറി, ജനറൽ ഒപി, പിഎംആർ ഒപി, പരിശോധനാ മുറി, മെഡിക്കൽ റെക്കോഡ്സ് മുറി, ജനറൽ സർജറി ഒപി, പൊലീസ് കിയോസ്ക്, ശുചിമുറി എന്നീ സൗകര്യങ്ങളും, ഒന്നാം നിലയിൽ ഗൈനക്ക് ഒപി, ഡോക്ടർ, നഴ്സ് വിശ്രമമുറി, എൻഐസിയു, പോസ്റ്റ് ഒപി ഐസിയു, മൂന്നാം നിലയിൽ ജനറൽ സർജറി, ഓർത്തോ എന്നിവയുടെ സ്ത്രീ പുരുഷവാർഡുകൾ, നഴ്സ് റൂം, ശുചിമുറി എന്നിവയും ഉണ്ട്. വെർട്ടിക്കൽ ബ്ലോക്കിന്റെ ഒന്നാം നിലയിൽ അഡ്മിനിസ്ട്രേഷൻ വിഭാഗം, പീഡിയാട്രിക് വാർഡ്, ഐസൊലേഷൻ വാർഡ്, ലാബുകൾ തുടങ്ങി എല്ലാ സൗകര്യങ്ങളും പുതിയ കെട്ടിടത്തിലുണ്ടാവും. കൂടാതെ, പഴയ ആശുപത്രി കെട്ടിടത്തിന്റെ നവീകരണത്തിനായി എംഎൽഎ ഒരു കോടി രൂപ കൂടി അനുവദിച്ചിട്ടുണ്ട്. ഇതോടെ നമ്മുടെ താലൂക്ക് ആശുപത്രിയുടെ മുഖച്ഛായ തന്നെ മാറും. മണ്ഡലത്തിലെ 9 പഞ്ചായത്തുകളിലെയും കുടുംബാരോഗ്യ കേന്ദ്രങ്ങൾക്ക് ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ കെട്ടിടങ്ങൾ ഇതിനോടകം പൂർത്തിയായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home