Deshabhimani

സൂപ്പർ ലീഗ്‌ കേരള

കടലോളം കാൽപ്പന്താരവം

കോഴിക്കോട് ഇ എം എസ് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ സൂപ്പര്‍ ലീഗ് കേരള ഫുട്ബോള്‍ മത്സരം കാണാനെത്തിയ ആരാധകരുടെ ആവേശം

കോഴിക്കോട് ഇ എം എസ് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ സൂപ്പര്‍ ലീഗ് കേരള ഫുട്ബോള്‍ മത്സരം കാണാനെത്തിയ ആരാധകരുടെ ആവേശം

വെബ് ഡെസ്ക്

Published on Sep 28, 2026, 02:24 AM | 1 min read

സ്വന്തം ലേഖകൻ കോഴിക്കോട്‌ കാൽപ്പന്തുകളിയുടെ പുതിയ ആരവങ്ങൾക്ക്‌ കോഴിക്കോടിന്റെ മണ്ണിൽ തുടക്കമായി. സൂപ്പർ ലീഗ്‌ കേരളയിലെ കോഴിക്കോട്ടെ ആദ്യ മത്സരത്തിൽ പതിനായിരങ്ങളാണ്‌ ഒഴുകിയെത്തിയത്‌. തിരുവനന്തപുരം കൊമ്പൻസിനെതിരെയുള്ള കാലിക്കറ്റ്‌ എഫ്‌സിയുടെ ആദ്യ മത്സരം കാണാൻ 12,286 പേരാണ്‌ കോഴിക്കോട്‌ കോർപറേഷൻ ഇ എം എസ്‌ സ്‌റ്റേഡിയത്തിലെത്തിയത്‌. എന്നാൽ കഴിഞ്ഞ സീസണെക്കാൾ കാണികളിലുണ്ടായ കുറവ്‌ അടുത്ത മത്സരത്തോടെ മറികടക്കുമെന്നാണ്‌ അധികൃതരുടെ പ്രതീക്ഷ. കഴിഞ്ഞ സീസണിൽ കൊമ്പൻസിനെതിരായ മത്സരത്തിൽ 13,083 കാണികളാണ്‌ സ്‌റ്റേഡിയത്തിലെത്തിയിരുന്നത്‌. എന്നാൽ ആദ്യകളിയിൽ കൊമ്പൻസിനെ വീഴ്‌ത്തിയതോടെ അടുത്ത മത്സരങ്ങളിൽ ഗ്യാലറി നിറയുമെന്നാണ്‌ കണക്കുകൂട്ടൽ. എതിരില്ലാത്ത രണ്ട്‌ ഗോളിന്‌ തോൽപ്പിച്ചാണ്‌ കാലിക്കറ്റ്‌ എഫ്‌സി എസ്‌എൽകെ പുതിയ സീസണിൽ മിന്നുന്ന തുടക്കംകുറിച്ചത്‌. ക്യാപ്‌റ്റൻ കെ പ്രശാന്ത്‌ 23–ാം മിനിറ്റിൽ കാലിക്കറ്റിനായി വലകുലുക്കി. പെനാൽറ്റിയിലൂടെ അർജന്റീനക്കാരൻ മാക്‌സിമില്ലിയാനോ ഉറൂട്ടി ജയം പൂർത്തിയാക്കി.​ ആരാധകരും താരങ്ങളും ഒരുപോലെ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന മലപ്പുറം എഫ്‌സിയുമായുള്ള മലബാർ ഡെർബിയാണ്‌ കോഴിക്കോട്ടെ അടുത്ത മത്സരം. ഒക്‌ടോബർ രണ്ടിനാണ്‌ കളി. കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ ആരാധകരെത്തിയ മത്സരമായിരുന്നു മലബാർ ഡെർബി. 34, 173 പേരാണ്‌ അന്ന്‌ കളി കാണാനെത്തിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home