തോർച്ചയില്ലാതെ ദുരിതം

മഴയെ തുടർന്ന് കോഴിക്കോട് പൂവത്തൂരിൽ വെള്ളം കയറിയപ്പോൾ വീട്ടുകാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്ന ഫയർഫോഴ്സ് ഉദ്യോഗസ്ഥർ
കോഴിക്കോട്
ഞായറാഴ്‌ച മഴക്കൊരൽപ്പം ശമനമുണ്ടായെങ്കിലും ജനങ്ങളുടെ ദുരിതത്തിന് കുറവില്ല. വെള്ളിയാഴ്‌ച മുതൽ തുടർച്ചയായി പെയ്ത മഴയിൽ കൂടുതൽ പ്രദേശങ്ങൾ വെള്ളക്കെട്ടിലായി. വെള്ളം കയറിയതിനെത്തുടർന്നും അപകട സാധ്യതകൾ കണക്കിലെടുത്തും കൂടുതൽ പേരെ വീടുകളിൽ നിന്നൊഴിപ്പിച്ചു. കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് പെരുവണ്ണാമൂഴി, കക്കയം ഡാമുകൾ തുറന്നു. കാലാവസ്ഥ പ്രതികൂലമായതിനെ തുടർന്ന് മലബാർ റിവർ ഫെസ്റ്റിവെലിനോടനുബന്ധിച്ചുള്ള ഈ വർഷത്തെ എല്ലാ മത്സരങ്ങളും പൊതുപരിപാടികളും റദ്ദാക്കിയതായി സംഘാടകർ അറിയിച്ചു. ബേപ്പൂർ, ചെറുവണ്ണൂർ, -നല്ലളം മേഖലകളിൽ 200ലേറെ വീടുകളിൽ വെള്ളം കയറി. നിരവധി കുടുംബങ്ങൾ വീടുവിട്ടു. റോഡും വഴികളും വെള്ളക്കെട്ടിലായി. ഫറോക്ക്, രാമനാട്ടുകര നഗരസഭ പ്രദേശങ്ങളിലെ താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിലായി. കുടുംബാരോഗ്യ കേന്ദ്രം, കൃഷി ഭവൻ തുടങ്ങിയ സ്ഥാപനങ്ങിലും വെള്ളം കയറി. രാമനാട്ടുകര കുടുംബാരോഗ്യ കേന്ദ്രം തൊട്ടടുത്ത മദ്രസയിലേക്കും കൃഷിഭവൻ നഗരസഭയുടെ കെട്ടിടത്തിലേക്കും മാറ്റി. വെള്ളംകയറിയ ഇടങ്ങൾ പി എ മുഹമ്മദ് റിയാസ് എംഎൽഎ സന്ദർശിച്ചു. രാമനാട്ടുകര ഇത്തിളാംകുന്നിൽ കുന്നിടിയുന്ന സാഹചര്യമുണ്ട്. പൂനൂർ പുഴ കരകവിഞ്ഞതോടെ ചെലവൂർ, മൂഴിക്കൽ പ്രദേശങ്ങൾ വെള്ളത്തിലായി. ചെലവൂർ എൽപി സ്‌കൂളും പരിസര പ്രദേശങ്ങളിലെ വീടുകളും വെള്ളത്തിലായി. കണ്ണാടിക്കൽ ഭാഗത്തും വിവിധ പ്രദേശങ്ങളിൽ വെള്ളം കയറി. വീടുകളിൽ വെള്ളം കയറിയതിനെത്തുടർന്ന് ആളുകളെ ഒഴിപ്പിച്ചു. കക്കോടി– കണ്ണാടിക്കൽ റോഡുൾപ്പെടെ പല വഴികളിലും വെള്ളം നിറഞ്ഞു. ഗതാഗതം തടസ്സപ്പെട്ടു. തടമ്പാട്ടുതാഴത്ത് റോഡിൽ വെള്ളം കയറിയതിനെ തുടർന്ന് ചെറിയ വാഹനങ്ങൾ നാട്ടുകാർ ചേർന്ന് തിരിച്ചു വിട്ടു. പാലാഴിയിൽ വീടുകളിലും കടകളിലും വെള്ളം കയറിയത് നാട്ടുകാരെ ദുരിതത്തിലാഴ്‌ത്തി. കടലുണ്ടി പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ടുണ്ട്. കുതിരവട്ടം മൈലാമ്പാടിയിൽ വീടിനോട് ചേർന്ന കിണർ ഇടിഞ്ഞുതാഴ്‌ന്നു. പാക്കത്ത് സുകുമാരന്റെ വീട്ടിലെ കിണറാണ് ഇടിഞ്ഞുതാഴ്‌ന്നത്. പുലർച്ചെ നാലിനായിരുന്നു സംഭവം. ഇൗങ്ങാപ്പുഴയിൽ ടൗണിൽ വെള്ളമിറങ്ങിയെങ്കിലും ഉൾപ്രദേശങ്ങളിൽ വെള്ളക്കെട്ടുണ്ട്.










0 comments