നീലാകാശത്തിൽ നിന്നും കണ്ണീർമഴ പെയ്‌തിറങ്ങി


സ്വന്തം ലേഖകൻ
Published on Jul 21, 2026, 01:49 AM | 1 min read
കോഴിക്കോട്
തിങ്കൾ പുലർച്ചെ പെയ്‌ത തോരാത്ത മഴയെക്കാൾ ശക്തിയായിരുന്നു അർജന്റീന ആരാധകരുടെ കണ്ണീരിന്. വീണ്ടുമൊരു കീരിടം ചൂടി, കപ്പിൽ മെസി മുത്തമിടുന്നത് കാണാൻ ആഗ്രഹിച്ചവർ ഒടുവിൽ നിരാശരായി. കപ്പ് കിട്ടാത്തതിലായിരുന്നില്ല, തങ്ങളുടെ പ്രിയ ടീം അർഹിച്ച കളിപോലും കാഴ്‌ചവയ്‌ക്കാത്ത നിരാശയായിരുന്നു എല്ലാ മുഖങ്ങളിലും പ്രകടമായത്. പുതിയപാലത്തും കോഴിക്കോട് ബീച്ചിലും നൈനാംവളപ്പിലും മാത്രമല്ല, നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും മാളുകളിലും തിയറ്ററുകളിലും ബിഗ് സ്‌ക്രീന്‍ പ്രദർശനം കാണാൻ നിരവധിയാളുകളാണ് എത്തിയത്. എല്ലാ കളികളിലും ജയിച്ചിട്ടും കിരീടം നിലനിര്‍ത്താന്‍ കഴിയാതെ പോയതാണ് അര്‍ജന്റീന ആരാധകരുടെ ഹൃദയം തകര്‍ത്തത്. മെസി നിരാശയോടെ മൈതാനത്ത് ഇരിക്കുന്നതിനെക്കാൾ സങ്കടകരമായ കാഴ്‌ചയായിരുന്നു പലയിടത്തും ദൃശ്യമാ യത്. സ്‌പെയിനിന്റെ ഓരോ മുന്നേറ്റത്തിനും നിലയ്‌ക്കാത്ത കൈയടിയും ആർപ്പുവിളികളും ഉയർന്നു. ഇത്തവണയും വിജയമാഘോഷിക്കാമെന്ന കണക്കുകൂട്ടലുമായാണ് അർജന്റീനയുടെ ആരാധകർ എത്തിയത്. പലരും വാങ്ങിവച്ച പടക്കം പൊട്ടിക്കാതെ മടങ്ങി. മറ്റുടീമിന്റെ ആരാധകരാണ് സ്‌പെയിനിന്റെ വിജയം കൂടുതൽ ആഘോഷമാക്കിയത്. സ്‌പെയിൻ പതാകയേന്തി പടക്കം പൊട്ടിച്ചും ലഡു വിതരണം ചെയ്‌തുമായിരുന്നു ആഘോഷം.










0 comments