കല്ലായിപ്പുഴയിൽ മലിനീകരണ തോത് കുറയുന്നു
ഇൗ പുഴയും കളറാകും

കല്ലായി പുഴ (ഫയൽ ഫോട്ടോ)
എം ജഷീന
Published on May 15, 2026, 12:00 AM | 1 min read
കോഴിക്കോട്
തെളിനീരിന് പകരം മാലിന്യവുമായി നഗര ഹൃദയത്തിലൂടെ ഒഴുകുന്ന കല്ലായിപ്പുഴയിൽനിന്നൊരു ആശ്വാസ വാർത്ത. മലിനീകരണം നിർണയിക്കുന്നതിലെ പ്രധാന ഘടകമായ ബിഒഡിയുടെയും (ബയോകെമിക്കൽ ഓക്‌സിജൻ ഡിമാൻഡ്) കോളിഫോം ബാക്ടീരിയയുടെ അളവും പുഴയിൽ മുൻ വർഷങ്ങളേക്കാൾ കുറവ്. കോഴിക്കോട് കോർപറേഷന്റെ മേൽനോട്ടത്തിൽ നടത്തുന്ന ചെളിനീക്കൽ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളുടെ ഫലമായാണ് മലിനീകരണ തോത് കുറയുന്നതെന്നാണ് വിലയിരുത്തൽ. മലിനജലത്തിലെ ജൈവമാലിന്യം വിഘടിക്കുന്നതിന് ആവശ്യമാകുന്ന ഓക്‌സിജന്റെ അളവാണ് ബിഒഡി. ഒരു ലിറ്റർ വെള്ളത്തിൽ മൂന്ന് മില്ലിഗ്രാം വരെയാണ് അനുവദനീയം. ഇതുകൂടിയാൽ മലിനീകരണ തോത് കൂടുതലാവും. ഫെബ്രുവരിയിൽ എടുത്ത വെള്ളം സാന്പിളുകളിൽ ബിഒഡി 1.47, 1.07, 1.03, 0.93, 0.53 എന്നിങ്ങനെയാണ്. ഇൗ ജനുവരിയിൽ രണ്ട് സാന്പിളുകളിൽ മാത്രം ബിഒഡി നാലിന് മുകളിൽ പോയതൊഴിച്ചാൽ 2025ൽ ഭൂരിഭാഗവും രണ്ടിൽ താഴെയായിരുന്നു. 2023ൽ 19, 2024ൽ 5.53 എന്നിങ്ങനെയായിരുന്നു ബിഒഡി. വിസർജ്യങ്ങളിൽനിന്നും അഴുകിയ വസ്‌തുക്കളിൽനിന്നുമുണ്ടാകുന്ന കോളിഫോമിന്റെ അളവിലും മാറ്റമുണ്ട്. 2024 ജനുവരിയിൽ 2,50,000 സിഎഫ്‌യു ആയിരുന്നു ബാക്ടീരിയ സാന്നിധ്യം. മലിനീകരണം കൂടുതലുള്ള കോതി പാലം ഭാഗത്തുപോലും ഇൗ ഫെബ്രുവരിയിൽ സിഎഫ്‌യു 42000 ആണ്. ഏഴുലക്ഷം വരെ ഉയർന്ന വർഷമുണ്ട്. പക്ഷേ 2025ൽ പരമാവധി 60000 വരെയാണ് ഉയർന്നത്. പൂർണമായി മാറിയെന്ന് പറയാനാവില്ലെങ്കിലും മുൻ വർഷങ്ങളുമായി താരതമ്യം ചെയ്യുന്പോൾ വലിയ മാറ്റമുണ്ടെന്ന് മലിനീകരണ ബോർഡ് ഉദ്യോഗസ്ഥർ പറയുന്നു. പാലത്തുകണ്ടി പാലം, കടുപ്പിനി പാലം, മാങ്കാവ് പാലം, കല്ലായി പാലം, കോതി പാലം എന്നീ സ്‌റ്റേഷനുകളിലാണ് വെള്ളം പരിശോധിക്കുക. ഇതനുസരിച്ചാണ് 2023ലെ മലിനീകരണ നിയന്ത്രണ ബോർഡ് റിപ്പോർട്ടിൽ സംസ്ഥാനത്തെ ഏറ്റവും മലിനീകരിക്കപ്പെട്ട പുഴയായി കല്ലായി മാറിയത്. 12 മാസത്തെയും അളവുകൾ മാറ്റമില്ലാതെ മെച്ചപ്പെട്ടാലാണ് ഇൗ പട്ടികയിൽനിന്ന് മാറ്റുക.











0 comments