ഗ്യാനേഷ്‌കുമാറിനെ പുറത്താക്കണം
തിളച്ചു യുവജനരോഷം

ഡിവൈഎഫ്ഐ നേതൃത്വത്തിൽ നടന്ന ആദായ നികുതി ഓഫീസ് മാർച്ച്
കോഴിക്കോട്
മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്‌കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ നേതൃത്വത്തിൽ ആദായ നികുതി ഓഫീസിലേക്ക് ഉജ്വല മാർച്ച്. രാജ്യത്തെ ഭരണഘടനയും ജനാധിപത്യവ്യവസ്ഥയും അട്ടിമറിക്കുന്ന തെരഞ്ഞെടുപ്പ് കമീഷൻ നടപടിക്കെതിരെ ജില്ലയിൽ യുവരോഷമിരന്പി. എസ്‌ഐആർ ഉൾപ്പടെയുള്ള കുതന്ത്രങ്ങളിലൂടെ ജനാധിപത്യത്തെ കുഴിച്ചുമൂടുന്ന മുഖ്യതെരഞ്ഞെടുപ്പ് കമീഷണറെ ഉടനടി പുറത്താക്കണമെന്ന് പൊരുതുന്ന യുവത ആവശ്യപ്പെട്ടു. ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയെ ലോകത്തിന് മുന്നിൽ നാണം കെടുത്തുന്നതാണ് ഗ്യാനേഷ്‌കുമാറിന്റെ അധികാരദുർവിനിയോഗം. സ്വതന്ത്രവും നിഷ്‌പക്ഷവുമായി പ്രവർത്തിക്കേണ്ട തെരഞ്ഞെടുപ്പ് കമീഷന്റെ വിശ്വാസ്യതയെയും ജനാധിപത്യമൂല്യങ്ങളെയും തകർക്കുന്ന രീതിയിലാണ് ഗ്യാനേഷ്‌കുമാർ പ്രവർത്തിക്കുന്നത്. മതത്തിന്റെ അടിസ്ഥാനത്തിൽ വോട്ട് വെട്ടിമാറ്റുന്ന ജോലിയാണ് തെരഞ്ഞെടുപ്പ് കമീഷൻ ചെയ്‌തത്. ബിജെപിയെ ജയിപ്പിക്കുന്നതിനുള്ള ഉപകരണമായി തെരഞ്ഞെടുപ്പ് കമീഷനെ കേന്ദ്രസർക്കാർ മാറ്റിയെന്നും മാർച്ച് അഭിപ്രായപ്പെട്ടു. മുതലക്കുളത്തുനിന്ന് ആരംഭിച്ച മാർച്ച് പൊലീസ് തടഞ്ഞു. തുടർന്ന് പ്രവർത്തകർക്കുനേരെ ജലപീരങ്കി പ്രയോഗിച്ചു. മാർച്ച് സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ എം സച്ചിൻദേവ് ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ് ദിപു പ്രേംനാഥ് അധ്യക്ഷനായി. ജില്ലാ ട്രഷറർ കെ എം നീനു, ഫഹദ്ഖാൻ, എം കെ നികേഷ്, എം എം ജിജേഷ്, എൽ യു അഭിത്, പി രാഹുൽ രാജ്, ടി അതുൽ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ അരുൺ സ്വാഗതം പറഞ്ഞു.









0 comments