എൽഡിഎഫ് ഭരണത്തിൽ റോഡിന് അനുവദിച്ച ഫണ്ട് വകമാറ്റി
എംഎൽഎ ഓഫീസിലേക്ക് സിപിഐ എം മാർച്ച്

സിപിഐ എം നേതൃത്വത്തിൽ സി കെ കാസിം എംഎൽഎയുടെ ഓഫീസിലേക്ക് നടത്തിയ മാർച്ച് ഏരിയാ കമ്മിറ്റി അംഗം ജോണി ഇടശ്ശേരി ഉദ്ഘാടനം ചെയ്യുന്നു
മുക്കം
കോഴിക്കോട്-, മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന ഫാത്തിമ എസ്റ്റേറ്റ് തോട്ടുമുക്കം -പള്ളിത്താഴെ -തേക്കിൻചുവട് -പത്തനാപുരം റോഡിന് എൽഡിഎഫ് ഭരണകാലത്ത് അനുവദിച്ച ഫണ്ട് മന്ത്രിയുടെ മണ്ഡലത്തിലേക്ക് വകമാറ്റിയതിൽ പ്രതിഷേധിച്ച് സിപിഐ എം നേതൃത്വത്തിൽ സി കെ കാസിം എംഎൽഎയുടെ മുക്കത്തെ ഓഫീസിലേക്ക് മാർച്ച് നടത്തി. മുൻ എംഎൽഎ ലിന്റോ ജോസഫിന്റെ ശ്രമഫലമായി കേന്ദ്ര റോഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ടിൽനിന്ന് റോഡ് വികസനത്തിനായി 30 കോടി രൂപ അനുവദിച്ചിരുന്നു. ഈ ഫണ്ട് മന്ത്രി പി കെ ബഷീർ സ്വന്തം മണ്ഡലത്തിലേക്ക് വകമാറ്റി. ഇക്കാര്യം ബോധ്യപ്പെട്ടിട്ടും ഇടപെടാതെ മൗനംപാലിക്കുന്ന എംഎൽഎയുടെ നിലപാടിൽ പ്രതിഷേധിച്ചാണ് മാർച്ച് നടത്തിയത്. റോഡ് നിർമാണം ഉടൻ ആരംഭിക്കണമെന്നും അനുവദിച്ച ഫണ്ട് പൂർണമായും തിരുവമ്പാടി മണ്ഡലത്തിൽത്തന്നെ വിനിയോഗിക്കണമെന്നും സിപിഐ എം ആവശ്യപ്പെട്ടു. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ വരുംദിവസങ്ങളിൽ സമരം കൂടുതൽ ശക്തമാക്കുമെന്നും നേതാക്കൾ വ്യക്തമാക്കി. മത്തായി ചാക്കോ മന്ദിര പരിസരത്തുനിന്നാരംഭിച്ച മാർച്ച് മുക്കം നഗരം ചുറ്റി എംഎൽഎ ഓഫീസ് പരിസരത്ത് എത്തി. തിരുവമ്പാടി ഏരിയാ കമ്മിറ്റി അംഗം ജോണി ഇടശ്ശേരി ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റി അംഗം ബിനോയ് ടി ലൂക്കാേസ് അധ്യക്ഷനായി. കാരശേരി പഞ്ചായത്ത് പ്രസിഡന്റ് ജി അബ്ദുൽ അക്ബർ, ഏരിയാ കമ്മിറ്റി അംഗം കെ ശിവദാസൻ, കൊടിയത്തൂർ, കാരശേരി, കീഴുപറമ്പ് പഞ്ചായത്തംഗങ്ങളായ സി ഹരീഷ്, സജി തോമസ്, സുനില കണ്ണങ്കര, സന്തോഷ് സെബാസ്റ്റ്യൻ, പി കെ സുഹാസ്, സുബീന, എം ഷൈജു എന്നിവർ സംസാരിച്ചു. തിരുവമ്പാടി ഏരിയാ കമ്മിറ്റി അംഗം കെ പി ഷാജി സ്വാഗതം പറഞ്ഞു.









0 comments