print edition കടൽക്കൊള്ളക്കാർ തടവിലാക്കിയവരെ രക്ഷിച്ച് ഇന്ത്യൻ നാവികസേന

മുംബൈ : കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയി തടവിലാക്കിയ ഇറാനിയൻ മത്സ്യബന്ധന ബോട്ടിലെ 20 ജീവനക്കാരെ രക്ഷിച്ച് ഇന്ത്യൻ നാവികസേന. മുംബൈയിൽനിന്ന് മൂവായിരത്തിലേറെ കിലോമീറ്റർമാറി സൊമാലിയൻ തീരത്തിന് സമീപത്തുവച്ചാണ് ‘അസിനി'യെന്ന ബോട്ടും അതിലെ ജീവനക്കാരെയും നാവികസേന 48 മണിക്കൂർനീണ്ട ദൗത്യത്തിലൂടെ മോചിപ്പിച്ചത്. കഴിഞ്ഞ മാസമാണ് കടൽക്കൊള്ളക്കാരുടെ സായുധസംഘം ബോട്ട് തട്ടിയെടുത്തത്. മേഖലയിലൂടെ പോകുന്ന മറ്റ് ചരക്കുകപ്പലുകളെ ആക്രമിക്കാനുള്ള താവളമായിത് ഉപയോഗിക്കാൻ സാധ്യതയുണ്ടായിരുന്നു. തുടർന്ന്, ബോട്ട് കണ്ടെത്താനും നിരീക്ഷിക്കാനും നാവികസേന യുദ്ധക്കപ്പലും വിമാനവും വിന്യസിച്ചു. സ്ഥാനം കണ്ടെത്തിയശേഷം ബോട്ട് മുന്നോട്ടുപോകുന്നത് തടഞ്ഞു. വ്യോമസേനയുടെ വിമാനത്തിൽനിന്ന് മറൈൻ കമാൻഡോകളെ എയർഡ്രോപ് ചെയ്‌തു. കൃത്യമായ ഇടപെടലിലൂടെ പരിക്കുകളില്ലാതെ മുഴുവൻ ജീവനക്കാരെയും തിങ്കളാഴ്‌ച മോചിപ്പിച്ചു. രക്ഷാദൗത്യത്തിന് ഇറാനിയൻ എംബസി നന്ദി അറിയിച്ചു.









0 comments