കോഴിക്കോടൻ ഓട്ടോക്കാർ ഇങ്ങനാണ് ഭായ്

കനോലി കനാലിൽ മറിഞ്ഞ കാർ പൊക്കിയെടുക്കുന്ന ഓട്ടോ ഡ്രൈവർമാരും സുഹൃത്തുക്കളും
വി ബൈജു
Published on Jun 13, 2025, 12:15 AM | 1 min read
കോഴിക്കോട്
കനോലി കനാലിൽ മുങ്ങിക്കൊണ്ടിരിക്കുന്ന കാർ... ഒരു നിമിഷം മരണത്തെ മുന്നിൽ കണ്ട് ഒരു മുത്തശ്ശിയും രണ്ട് കൊച്ചുമക്കളും. എന്നാൽ അടുത്ത നിമിഷം രക്ഷകരായെത്തിയ ഏതൊക്കെയൊ കൈകൾ കാർ പൊക്കിയെടുക്കുകയായിരുന്നു. ഓട്ടോറിക്ഷക്കാരുടെ ഇടപെടലിൽ മൂന്നുജീവനാണ് കനോലി കനാലിലെ മരണമുഖത്തുനിന്ന് ജീവിതത്തിലേക്ക് കരകയറിയത്. കാരപ്പറമ്പിനടുത്തുള്ള മുടപ്പാട്ട് പാലത്തിനടുത്ത് ചൊവ്വാഴ്ച സൊറപറഞ്ഞും ചായകുടിച്ചും ആളുകളെ കാത്തിരിക്കുകയായിരുന്നു ഓട്ടോ ഡ്രൈവർമാർമാരായ വി എം ദീപേഷും വിജിലേഷും കിഷോറും സുബിയും ശ്രീജേഷും സന്തോഷും. പൊടുന്നനെയാണ് 50 മീറ്റർ അകലെ ഒരു കാർ ഉയർന്നുപൊങ്ങി 15 അടി താഴ്ചയുള്ള കനോലി കനാലിലേക്ക് പതിക്കുന്നത്. എല്ലാവരും അങ്ങോട്ടോടി. എതിരെ വന്ന സ്‌കൂട്ടറിന് വഴികൊടുക്കാനുള്ള ശ്രമത്തിൽ നിയന്ത്രണംവിട്ട കാർ കനാലിൽ തലകീഴായി കിടക്കുന്ന കാഴ്‌ചയാണ് കണ്ടത്. ഉടൻ ദീപേഷും വിജിലേഷും കനാലിലേക്ക് ചാടി. അരക്കൊപ്പം ചെളിയുണ്ട്. കുപ്പിക്കഷ്ണങ്ങളും പെരുമ്പാമ്പുകളുമുള്ള കനാലിൽ കാർ മുങ്ങിക്കൊണ്ടിരിക്കുകയായിരുന്നു. ചാട്ടത്തിൽ ഇരുവർക്കും പരിക്കേറ്റു. അതൊന്നും ശ്രദ്ധിക്കാതെ കാർ പൊക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. അതോടെ സിദ്ധാർഥനും മറ്റു ചിലരും കൂടി കനാലിലേക്കിറങ്ങി. എല്ലാവരും ചേർന്ന് കാർ നിവർത്തിയശേഷം ഡോർ തുറന്ന് മുന്നുപേരെയും സുരക്ഷിതരാക്കി. തൊട്ടടുത്ത വീട്ടിലുണ്ടായിരുന്ന കോണി കൊണ്ടുവന്നാണ് മൂന്നുപേരെയും കയറ്റിയത്. ഈസ്റ്റ്ഹിൽ സ്വദേശിനി ശോഭന പേരക്കുട്ടികളായ യഷ് ദാർമിക്, ദക്ഷ് എന്നിവരായിരുന്നു അപകടത്തിൽപ്പെട്ടത്. അഗ്നിരക്ഷാസേനയെത്തുമ്പോഴേക്ക് മുന്നുപേരെയും ആംബുലൻസിൽ ആശുപത്രിയിലേക്ക് പോയിരുന്നു. കാലിൽ 6 തുന്നിക്കെട്ടുകളുള്ള വിജിലേഷ് ചികിത്സയിലാണ്.










0 comments