കോൺഗ്രസ് നേതാവിന്റെ വീട്ടിൽ വയോധികൻ ആത്മഹത്യ ചെയ്ത സംഭവം
പ്രതിഷേധവുമായി സിപിഐ എം ബഹുജന കൂട്ടായ്മ

സിപിഐ എം ബഹുജന കൂട്ടായ്മ ജില്ലാ കമ്മിറ്റി അംഗം പി കെ ദിവാകരൻ ഉദ്ഘാടനംചെയ്യുന്നു
വടകര
സൊസൈറ്റിയിൽ നിക്ഷേപിച്ച പണം തിരിച്ച് ലഭിക്കാത്തതിനെ തുടർന്ന് കോൺഗ്രസ് നേതാവിന്റെ വീട്ടുകോലായയിൽ പെട്രോളൊഴിച്ച് തീകൊളുത്തി ആത്മഹത്യചെയ്ത ഇബ്രാഹിംകുട്ടി ഹാജിയുടെ കൊലയാളികളെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് സിപിഐ എം നേതൃത്വത്തിൽ വടകരയിൽ ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു. കടത്തനാട് ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെയും കോൺഗ്രസ്, മുസ്ലിംലീഗ്, ആർഎംപി കൂട്ടുകെട്ടിന്റെയും സാമ്പത്തിക തട്ടിപ്പ് തിരിച്ചറിയുക, ഇബ്രാഹിംകുട്ടി ഹാജിയുടെ നിക്ഷേപവും നഷ്‌ടപരിഹാരവും കുടുംബത്തിന് നൽകുക, തട്ടിപ്പിനിരയായവരുടെ മുഴുവൻ നിക്ഷേപവും തിരിച്ചുനൽകുക, ആത്മഹത്യക്ക് കാരണക്കാരായവരെ അറസ്‌റ്റ് ചെയ്യുക, സൊസൈറ്റി ഡയറക്ടർമാരുടെയും ജീവനക്കാരുടെയും സ്വത്ത് കണ്ടുകെട്ടുക, പൊലീസ് അന്വേഷണം കാര്യക്ഷമമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു. വടകര പാർക്കിന് സമീപം സൊസൈറ്റി പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനം വടകര പുതിയ സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. ജില്ലാ കമ്മിറ്റി അംഗം പി കെ ദിവാകരൻ ഉദ്ഘാടനംചെയ്തു. എം നാരായണൻ അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം കെ പുഷ്പജ, ഏരിയാ സെക്രട്ടറി ടി പി ഗോപാലൻ എന്നിവർ സംസാരിച്ചു.










0 comments