ഓണവിപണിയെ ഓണാക്കി വസ്‌ത്രങ്ങൾ

കുന്നമംഗലം ഫാമിലി വെഡ്ഡിങ് സെന്ററിൽ ഓണത്തോടനുബന്ധിച്ച് വന്ന പുതിയ മോഡൽ സാരികൾ വാങ്ങാനെത്തിയവർക്കായി പരിചയപ്പെടുത്തുന്നു
കോഴിക്കോട്
ഓണത്തിന് ഏത് വസ്ത്രമിടുമെന്ന് ആലോചിക്കുമ്പോള്‍ സ്‌ത്രീകളുടെ മനസ്സിലേക്ക് വരുന്നത് സെറ്റ് സാരി അല്ലെങ്കില്‍ സെറ്റ് മുണ്ടാണ്. പുരുഷൻമാർക്കാണെങ്കിൽ മുണ്ടും ഷർട്ടും. ഇരുകൂട്ടരെയും നിരാശരാക്കാതെ മോഡേൺ, ട്രഡീഷണൽ വസ്‌ത്രങ്ങൾ ഇത്തവണയും വിപണി കീഴടക്കി. മദ്രാസി ചെക്ക്, മൽക്കോട്ടൻ, മദ്രാസി ചെക്ക് ടിഷ്യൂ സാരികളാണ് ഇത്തവണ വിലസുന്നത്. കൂടുതൽ ആവശ്യക്കാരുള്ളത് മദ്രാസി ചെക്ക് സാരികൾക്കാണെന്ന് കുന്നമംഗലം ഫാമിലി വെഡിങ് സെന്ററിലെ പർച്ചേസിങ് മാനേജർ കെ സുഹൈൽ പറഞ്ഞു. 699 രൂപ മുതലാണ് മൽക്കോട്ടൻ സാരികൾക്ക്. തമിഴ്‌നാട്ടിൽ കാണുന്ന സാരികളോടും ലുങ്കികളോടും സാമ്യമുള്ള ചെക്കുകളിലാണ് മദ്രാസി ചെക്ക് സാരി. 499 രൂപ മുതലാണ് വില. 399 രൂപമുതൽ കസവ് മുണ്ടുകളും 299 മുതൽ സെറ്റ് സാരികളും 499 രൂപ മുതൽ പ്രിന്റഡ് ഷർട്ടുകളും 199 രൂപ മുതൽ കാഷ്വൽ പ്രിന്റഡ് കുർത്തികളും ലഭ്യമാണ്. കഥകളിയുടെയും മാവേലിയുടെയും വള്ളംകളിയുടെയുമൊക്കെ പ്രിന്റ് വരുന്ന സിംഗിൾ മുണ്ടുകൾ ട്രെൻഡിങ്ങാണ്. അജ്രക് പ്രിന്റഡ് ഷർട്ട്– മുണ്ട് സെറ്റിനും ആവശ്യക്കാർ ഏറെയാണ്. 1000 മുതലാണ് വില. പൂക്കളും പൂക്കളവും സദ്യയുമൊക്കെ പ്രിന്റ് ചെയ്ത സാരികളും മുണ്ടുകളുമുണ്ട്. മറ്റ് പരിപാടികള്‍ക്കും ഉപയോഗിക്കാവുന്ന ഓഫ് വൈറ്റ്, ഗോള്‍ഡന്‍ സാരികളാണ് കൂട്ടത്തില്‍ കേമന്‍. പകുതി ഒരു നിറവും മറുപകുതിയില്‍ ഓഫ് വൈറ്റും വരുന്ന സാരികളും ചുങ്കിടി ഡിസൈന്‍ സാരികളും ഡിജിറ്റല്‍ പ്രിന്റുകള്‍, മ്യൂറല്‍ പെയിന്റിങ് എന്നിവയുള്ള സാരികളും വിപണിയിലെ താരമാണ്. മുണ്ടുടുക്കാൻ അറിയാത്തവർക്കായുള്ള റെഡി ടു വെയർ മുണ്ടുകളിൽ ഒട്ടിക്കുന്നവയും ഇലാസ്‌റ്റിക് വെച്ചവയുമുണ്ട്. മൊബൈലും പഴ്സും വയ്ക്കാനായി പോക്കറ്റ് ഉള്ളവയും ലഭിക്കും.










0 comments