ad
Deshabhimani

ചന്ദ്രകാന്ത തിളക്കം

കൗൺസിലർ വരുൺ ഭാസ്‌കർ ലക്ഷ്മിപ്രിയയെ അനുമോദിക്കുന്നു

കൗൺസിലർ വരുൺ ഭാസ്‌കർ ലക്ഷ്മിപ്രിയയെ അനുമോദിക്കുന്നു

avatar
വി ബൈജു

Published on Apr 25, 2025, 12:26 AM | 1 min read

കരുവിശേരി

ചാന്ദ്രപ്രഭയോളം തിളക്കമാണ്‌ കരുവിശേരിയിലെ ‘ചന്ദ്രകാന്തം’ വീട്ടിലിപ്പോൾ. സിവിൽ സർവീസിന്റെ ആകാശത്ത് ഉയർന്നുപറന്ന ലക്ഷ്മിപ്രിയയാണ്‌ നാടിനും വീടിനും അഭിമാനതാരമായത്‌. വർഷങ്ങളായുള്ള പ്രയത്നത്തിലൂടെ 297–-ാം റാങ്കാണ്‌ നേടിയെടുത്തത്‌. ജോലി ഉപേക്ഷിച്ചാണ്‌ സിവിൽ സർവീസ്‌ എന്ന സ്വപ്നത്തിനുപിറകെ ഇറങ്ങിയത്‌. ആദ്യശ്രമങ്ങൾ പരാജയപ്പെട്ടെങ്കിലും പിന്മാറാൻ ഒരുക്കമായിരുന്നില്ല. അഞ്ചാം തവണ സിവിൽ സർവീസ്‌ ലഭിച്ചതിന്റെ അറിയിപ്പ് ചന്ദ്രകാന്തത്തിലെത്തുമ്പോൾ ലക്ഷ്‌മിപ്രിയക്ക്‌ ആശ്ചര്യമില്ലായിരുന്നു. ഇത്തവണ ലക്ഷ്യം നേടുമെന്ന്‌ ഉറച്ച്‌ വിശ്വസിച്ചിരുന്നു. എന്നാൽ, ഈ റാങ്ക് പ്രതീക്ഷിച്ചിരുന്നില്ലെന്ന് ലക്ഷ്‌മിപ്രിയ പറയുന്നു. സെന്റ് ജോസഫ്‌സ് ആംഗ്ലോ ഇന്ത്യൻ ജിഎച്ച്എസ്എസ്‌, മാളിക്കടവ് എംഎസ്എസ് പബ്ലിക് സ്‌കൂൾ എന്നിവിടങ്ങളിലായിരുന്നു പഠനം. മദ്രാസ് ഐഐടിയിൽനിന്ന് ബിടെക് പൂർത്തിയാക്കി. തുടർന്ന്‌, ബംഗളൂരു എ ബി ഇൻബേവ് മൾട്ടിനാഷണൽ കമ്പനിയിൽ ജോലി. ഇതിനിടെയാണ് സിവിൽ സർവീസ് സ്വപ്നത്തിനു പിറകെയുള്ള യാത്ര തുടങ്ങിയത്. തിരുവനന്തപുരം ഫോർച്യൂൺ അക്കാദമിയിൽനിന്ന്‌ പരിശീലനം നേടി. മലയാളത്തോടുള്ള താൽപ്പര്യത്താൽ മലയാള സാഹിത്യമാണ് സിവിൽ സർവീസിന് ഐച്ഛികവിഷയമായെടുത്തത്. മാർക്കറ്റിങ് ഫെഡറേഷൻ ഫിനാൻസ് ഓഫീസറായി വിരമിച്ച പി പ്രഭാകരന്റെയും പുതിയറ ഇഎസ്‌ഐ ആശുപത്രിയിലെ റിട്ട. ഫാർമസിസ്റ്റ് പി രമാഭായിയുടെയും മകളാണ് ലക്ഷ്മിപ്രിയ. ദേശാഭിമാനിയിലെ കമ്പോസിറ്ററായിരുന്ന രാഘവൻനായരുടെ പേരക്കുട്ടിയുമാണ്‌. നീലിറ്റിൽ എംടെക് വിദ്യാർഥിയായ ഉദയ്കൃഷ്ണ സഹോദരനാണ്‌. കരുവിശേരി വാർഡ് കമ്മിറ്റി ലക്ഷ്മിപ്രിയയെ വീട്ടിലെത്തി അനുമോദിച്ചു. കൗൺസിലർ വരുൺ ഭാസ്‌കർ, ടി എസ് ഷിംജിത്ത്, എം കെ ബിജു, വി എം വിജയൻ, ദിജേഷ് എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home