നേര് മരമായി വളരട്ടെ

പി കെ അർജുനെ കവി പി കെ ഗോപി അഭിനന്ദിക്കുന്നു. അഖിൽ നന്ദു സമീപം.
കുരുവട്ടൂർ
വിജയികൾമാത്രം വാഴ്‌ത്തപ്പെടുന്ന കാലത്ത് നേര് കെട്ടുപോകില്ലെന്നുറപ്പിച്ച് കുരുന്നുകൾ. കുരുവട്ടൂർ പറമ്പിൽക്കടവ് മുഹമ്മദ് അബ്ദുറഹിമാൻ സ്മാരക യുപി സ്‌കൂളിലെ വിദ്യാർഥിയായ പി കെ അർജുനാണ് സത്യത്തിന്റെ മൂല്യം ഉറപ്പിച്ച് വിസ്‌മയമായത്. പരിസ്ഥിതിദിനത്തിൽ കുട്ടികളുമായി സംവദിക്കാനെത്തിയ കവി പി കെ ഗോപി ചോദ്യങ്ങൾ ചോദിച്ചു. ശരിയുത്തരം പറഞ്ഞവർക്കെല്ലാം പുസ്തകം സമ്മാനമായി നൽകി. മിനിറ്റിൽ ഹൃദയം എത്രതവണ മിടിക്കും എന്ന ചോദ്യമാണ് വഴിത്തിരിവായത്. കുട്ടികൾക്കിടയിൽനിന്ന് ഏഴാംതരം ഡിയിലെ അർജുൻ ശരിയുത്തരം പറഞ്ഞു. കവി സമ്മാനവും നൽകി. എന്നാൽ, ചടങ്ങ് അവസാനിച്ച് പോകാൻ ഒരുങ്ങുമ്പോൾ അർജുൻ ഓടിവന്നു. "ഞാൻ പറഞ്ഞ ഉത്തരം എന്റെ ക്ലാസിൽ പഠിക്കുന്ന അഖിൽ നന്ദു പറഞ്ഞുതന്നതാണെന്നും അതുകൊണ്ട് ഈ സമ്മാനം അഖിൽ നന്ദുവിന് നൽകണമെന്നും' ആയിരുന്നു ആവശ്യം. കവി അഖിൽ നന്ദുവിനും സമ്മാനം നൽകി. ഇത്രയും സത്യസന്ധത കാണിച്ച അർജുനെ അഭിനന്ദിക്കുകയും പ്രത്യേകം സമ്മാനം നൽകുകയുംചെയ്തു. ചടങ്ങിൽ പങ്കെടുത്തവരെയെല്ലാം സന്തോഷത്തിലാക്കിയ സന്ദർഭമായിരുന്നു ഇത്. നേര് മരമായി വളരുകയും കൂടുതൽ പേരിലേക്ക് പടരുകയുംചെയ്യട്ടെ എന്ന് ആശംസിച്ചാണ് കവി പടിയിറങ്ങിയത്. പരിപാടിയിൽ ടി വി ബാലൻ, പി ടി സുരേഷ്, കെ ഭാഗ്യനാഥൻ, കെ രാജൻ, പി രജീഷ് കുമാർ, പി പി ജയ, എം മുർഷിദ്, സിന്ധു എന്നിവർ സംസാരിച്ചു.









0 comments