ad
Deshabhimani

വികസന തിളക്കം; മാസ്സാണ്‌ മുക്കം

a

കുറ്റിപ്പാലയിൽ നിർമാണം പുരോഗമിക്കുന്ന ഫ്ലാറ്റ് സമുച്ചയം

avatar
പി ചന്ദ്രബാബു

Published on Oct 20, 2025, 02:06 AM | 3 min read


മുക്കം

‘‘വർഷങ്ങളായി അടച്ചുറപ്പില്ലാത്ത വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്‌. ഇപ്പോൾ ധൈര്യമായുറങ്ങാൻ ഒരുവീടുണ്ട്‌. ദാരിദ്ര്യത്തിന്റെ കുഴി കേറാൻ നഗരസഭയാണ്‌ ഒപ്പംനിന്നത്‌’’ – അഗസ്ത്യൻമുഴി കപ്പടചാലിൽ ശ്രീലതയുടെ വാക്കുകളിലും കണ്ണുകളിലും നിറയുന്നത്‌ അനുഭവിച്ച കരുതലിന്റെ തിളക്കം. അതിദരിദ്രരുടെ പട്ടികയിലുണ്ടായിരുന്ന ശ്രീലതക്ക് ലൈഫ്‌ പദ്ധതിയിലുൾപ്പെടുത്തിയാണ്‌ നഗരസഭ വീട്‌ നൽകിയത്‌.

രണ്ട് പതിറ്റാണ്ടുകൾക്കപ്പുറമുള്ള ആവശ്യങ്ങൾ ലക്ഷ്യമിട്ടുള്ള വികസന പദ്ധതികളാണ്‌ മുക്കം നഗരസഭ നടപ്പാക്കിയത്‌. ജനങ്ങളുടെ ദൈനംദിന ആവശ്യങ്ങൾക്കൊപ്പം ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്താനാവശ്യമായ പദ്ധതികളും ആവിഷ്‌കരിച്ച്‌ നടപ്പാക്കുകയാണ്‌. നഗരസഭയുടെ തനത് ഫണ്ടിനും പദ്ധതി വിഹിതത്തിനുമൊപ്പം ലിന്റോ ജോസഫ്‌ എംഎൽഎയുടെ സഹായവും ചേർത്താണ്‌ നഗരസഭ വികസനത്തിന്റെ പുതുപാത തെളിക്കുന്നത്‌.

തണലേകി ലൈഫ്‌

സംസ്ഥാനത്തുതന്നെ മികച്ച പ്രവർത്തനം കാഴ്‌ചവച്ചാണ്‌ ലൈഫിലെ മുന്നേറ്റം. 2019ൽ പിഎംഎവൈ - ലൈഫ് ഭവന പദ്ധതിയുടെ ഒന്നാംഘട്ടത്തിൽ ഏറ്റവും കൂടുതൽ വീടുകളുടെ നിർമാണം പൂർത്തിയാക്കിയതിൽ സംസ്ഥാനത്ത് ഒന്നാംസ്ഥാനവും രാജ്യത്ത്‌ നാലാംസ്ഥാനവുമായിരുന്നു. ഈ ഭരണസമിതി 82 വീടുകൾ അനുവദിച്ചതിൽ 34 എണ്ണം പൂർത്തീകരിച്ചു. 59 വീടുകൾ നിർമാണത്തിന്റെ അന്തിമ ഘട്ടത്തിലാണ്‌. 2020വരെ അനുവദിച്ചതിൽ പൂർത്തീകരിക്കാതിരുന്ന 140 വീടുകളും പൂർത്തിയായി. ഈ വർഷം 132 കുടുംബങ്ങൾക്കുകൂടി ധനസഹായം നൽകുന്നുമുണ്ട്‌. കുറ്റിപ്പാലയിൽ നിർമിക്കുന്ന ഫ്ലാറ്റ്‌ സമുച്ചയത്തിന്റെ പ്രവൃത്തി പൂർത്തിയാകുന്നതോടെ ഭൂമിയും വീടുമില്ലാത്ത 27 കുടുംബങ്ങൾക്കുകൂടി ലൈഫിന്റെ തണലാകും.

അതിദരിദ്രരില്ലാത്ത നഗരം

സർവേയിലൂടെ കണ്ടെത്തിയ 65 കുടുംബങ്ങൾക്ക് പ്രാഥമികാവശ്യങ്ങൾ നിറവേറ്റിക്കൊടുത്തു. അതിദരിദ്രരില്ലാത്ത നഗരസഭയായി ഇതിനകം മാറി.

എല്ലാ വീടുകളിലും പൈപ്പിലൂടെ തെളിനീരൊഴുകി എത്തുന്നുണ്ട്‌. അമൃത്‌ 2.0 പദ്ധതിയിൽ 18 കോടി ചെലവിൽ 2710 കുടുംബങ്ങൾക്ക് ആദ്യഘട്ടത്തിൽ വെള്ളമെത്തിക്കും. പദ്ധതി പൂർത്തിയാകുന്നതോടെ കുടിവെള്ളക്ഷാമത്തിന്‌ ശാശ്വത പരിഹാരമാകും.

മാലിന്യമുക്തം മുക്കം

മാലിന്യമുക്ത മുക്കം എന്ന ലക്ഷ്യത്തോടെ ഊർജിതമായ പ്രവർത്തനങ്ങളാണ്‌ നടക്കുന്നത്‌. മാലിന്യ സംസ്‌കരണത്തിനായി രണ്ട്‌ എംസിഎഫുകൾ പ്രവർത്തിക്കുന്നു.

ഏറ്റവുമധികം ഉറവിട മാലിന്യ സംസ്കരണ സംവിധാനങ്ങൾ വിതരണംചെയ്ത നഗരസഭയും മുക്കമാണ്‌. ​

"ദൃഷ്ടി’ ഡിജിറ്റൽ *മാപ്പിങ്‌ സംവിധാനം

സമ്പൂര്‍ണ ഡിജിറ്റല്‍ മാപ്പിങ്‌ സംവിധാനമായ "ദൃഷ്ടി’ (ഇന്റലിജന്റ്‌ പ്രോപ്പർട്ടി മാനേജ്മെന്റ്‌ സിസ്റ്റം) പ്രവർത്തനമാരംഭിച്ചു. ആധുനിക സാങ്കേതികവിദ്യയുപയോഗിച്ച്‌ റോഡ്‌ മാപ്പിങ്‌, ജിഐഎസ്‌ മാപ്പിങ്‌, കെട്ടിടമടക്കം ആസ്തികളുടെ ഡ്രോൺ സർവേയും പൂർത്തിയാക്കി.

​ കമ്യൂണിറ്റി ഹെൽത്ത് സെന്ററിനായി നബാർഡ്‌ അനുവദിച്ച 13.65 കോടി ചെലവിൽ അത്യാധുനിക സൗകര്യങ്ങളോടെയാണ്‌ പുതിയ കെട്ടിടം. അടുത്ത മാസം ഉദ്ഘാടനംചെയ്യുന്നതോടെ ആധുനിക സൗകര്യങ്ങളുള്ള മികച്ച ആതുര സേവനകേന്ദ്രമായി സിഎച്ച്‌സി മാറും.

​ ടൂറിസം സ്വപ്‌നങ്ങൾക്ക് ചിറകുനൽകി ഒരുകോടി ചെലവിലാണ്‌ തൃക്കുടമണ്ണ ടൂറിസം പദ്ധതി നടപ്പാക്കുന്നത്‌. ഏഴ്‌ കോടി ചെലവിൽ മുക്കം നഗരത്തിന്റെ സ‍ൗന്ദര്യവൽക്കരണത്തിന്റെ ഒന്നാംഘട്ടവും പൂർത്തിയാക്കി. രണ്ടാംഘട്ടത്തിന്‌ 4.8 കോടി അനുവദിച്ചു.

കൃഷിയിൽ പൊൻതിളക്കം

കർഷകർക്ക് ട്രാക്ട‌ർ, തെങ്ങിന് വളം, പച്ചക്കറി തൈ വിതരണം, നെൽകൃഷി, വാഴകൃഷി ഇൻസെന്റീവ്, തരിശുനിലം കൃഷിയോഗ്യമാക്കൽ, പച്ചക്കറികൃഷി, മൺചട്ടിയിൽ പച്ചക്കറി തൈ വിതരണം, സോളാർ വേലി തുടങ്ങിയ പദ്ധതികൾ നടപ്പാക്കി. 23 ലക്ഷം ചെലവിൽ കേരഗ്രാമം, കേരസമൃദ്ധി പദ്ധതികളും നടപ്പാക്കുന്നുണ്ട്‌.

കാർഷിക ഉൽപ്പന്ന വിപണനത്തിന്‌ സംഭരണ വിതരണകേന്ദ്രം, ക്ഷീര കർഷകർക്ക് മിൽക്ക് ഇൻസെന്റീവ്, ധാതുലവണ മിശ്രിതം എന്നിവ നൽകിവരുന്നു. മുട്ടക്കോഴി, പോത്തുകുട്ടി, കന്നുകുട്ടി വിതരണം, കാത്തിരമുഴി ഡ്രിപ്പ് ഇറിഗേഷൻ തുടങ്ങിയ പദ്ധതികൾ നടപ്പാക്കി.

കരുത്തോടെ *വനിതകൾ

കുടുംബശ്രീ പ്രവർത്തങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ മെന്റർ നഗരസഭയാണ്‌ മുക്കം. പിന്നാക്ക വികസന കോർപറേഷനിൽനിന്ന് രണ്ടര കോടിയുടെ സഹായമാണ്‌ കുടുംബശ്രീക്ക്‌ ലഭിച്ചത്‌. 4000 വനിതകൾക്ക് മെൻസ്ട്രുവൽ കപ്പും വിതരണംചെയ്‌തു.

നീന്തി വാ മക്കളേ

പെൺകുട്ടികൾക്കുനേരെയുള്ള കുറ്റകൃത്യങ്ങൾക്കും അതിക്രമങ്ങൾക്കുമെതിരെ ശാരീരികവും മാനസികവുമായ പ്രതിരോധശേഷി നേടുന്നതിനുള്ള പദ്ധതിയായ ‘ആർച്ച’യ്ക്കു കീഴിൽ നാനൂറോളം കുട്ടികൾ പരിശീലനം പൂർത്തിയാക്കി. അഞ്ചുമുതൽ 15 വയസുവരെയുള്ള പെൺകുട്ടികൾക്ക്‌ ആഴ്ചയിൽ രണ്ടുദിവസം സ‍ൗജന്യ കരാട്ടെ, ജൂഡോ, കുങ്‌ഫു പരിശീലനവും നൽകുന്നുണ്ട്‌. നീന്തി വാ മക്കളേ പദ്ധതിയിൽ പത്താം ക്ലാസ്‌ വിദ്യാർഥികൾക്ക്‌ നീന്തൽ പരിശീലനം ഏർപ്പെടുത്തിയിട്ടുണ്ട്‌.


ഒറ്റനോട്ടത്തിൽ •

ഓരോ ഡിവിഷനിലും 75 ലക്ഷംമുതൽ ഒന്നര കോടി രൂപയുട വരെ റോഡ് പ്രവൃത്തികൾ. • മാമ്പറ്റ അന്താരാഷ്ട്ര സ്റ്റേഡിയം നിർമാണം. • കേന്ദ്ര സർക്കാരിന്റെ ഒഡിഎസ്‌ പ്ലസ്‌ അംഗീകാരം • ചലച്ചിത്ര പ്രേമികൾക്ക് മുക്കം ഫിലിം ഫെസ്റ്റിവൽ • കുട്ടികളുടെ കായികക്ഷമത വർധിപ്പിക്കാൻ സ്റ്റാമിന പദ്ധതി • തൊഴിലന്വേഷകരെ സഹായിക്കാൻ ജോബ് സെന്റർ




വിവിധ മേഖലകളിൽ മുന്നേറി

വിവിധ മേഖലകളിൽ ഏറെ മുന്നേറാൻ നഗരസഭയ്ക്കായി. നഗരത്തെ സൗന്ദര്യവൽക്കരിക്കുന്നതിനും മാലിന്യമുക്തമാക്കാനും തുടങ്ങിവച്ച പ്രവർത്തനങ്ങൾ ശ്രദ്ധേയമാണ്‌. മുഴുവൻ വീടുകളിലും സ്ഥാപനങ്ങളിലും മാലിന്യശേഖരണ ബിന്നുകൾ സ്ഥാപിച്ചത്‌ വലിയ സന്ദേശമാണ്‌ നൽകുന്നത്‌. എംഎൽഎയുടെയും സംസ്ഥാന സർക്കാരിന്റെയും സഹായവും നഗരസഭയ്ക്ക്‌ കരുത്താണ്‌.

പി ടി ബാബു (നഗരസഭാ ചെയർപേഴ്സൺ)


പൂർത്തീകരിച്ചത്‌ 108 കോടിയുടെ പ്രവർത്തനങ്ങൾ

അഞ്ചുവർഷംകൊണ്ട് സമഗ്രവികസന കുതിപ്പിന് നേതൃത്വം നൽകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്. ഒരു കോടിയിലേറെ രൂപ ചെലവിൽ ഇ എം എസ് ഓഡിറ്റോറിയത്തിന്റെ നവീകരണ പ്രവൃത്തി പുരോഗമിക്കുകയാണ്‌. കുടുംബശ്രീ യൂണിറ്റുകൾക്ക് ധനസഹായമായി ഒരു കോടിയിലേറെ രൂപ നൽകാൻ കഴിഞ്ഞു. 108 കോടിയുടെ വികസന പ്രവർത്തനങ്ങളാണ് അഞ്ചു വർഷം കൊണ്ട് പൂർത്തീകരിച്ചത്.

അഡ്വ.കെ പി ചാന്ദ്നി (ഡെപ്യൂട്ടി ചെയർപേഴ്സൺ)





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home