പൊൻതിളക്കത്തിൽ ചാത്തമംഗലം

ശ്രീനിവാസൻ ചെറുകുളത്തൂർ
Published on Sep 27, 2025, 02:11 AM | 2 min read
കുന്നമംഗലം
‘‘കെഎസ്‌ആർടിസിയുടെ ഗ്രാമവണ്ടി എത്തിയതോടെയാണ് കൃത്യസമയത്ത് ജോലിക്കും തിരിച്ചുമെത്തുന്നത്’’ – ചാത്തമംഗലം പഞ്ചായത്തിലെ ഗ്രാമവണ്ടിയിലെ സ്ഥിരം യാത്രക്കാരി നെച്ചൂളി പുൽപ്പറമ്പിൽ എം സുപ്രിയയുടെ വാക്കുകൾക്ക് ഒരു ശുഭയാത്രയുടെ സുഖമുണ്ട്. എൽഡിഎഫ് നേതൃത്വത്തിലുള്ള ഭരണസമിതി ജനജീവിതത്തിൽ നടത്തിയ ഇടപെടലുകളുടെ നേർസാക്ഷ്യം കൂടിയാണീ വാക്കുകൾ. കായകൽപ്പ് പുരസ്‌കാരമടക്കം നാല് സംസ്ഥാന അവാർഡുകൾ തേടിയെത്തിയതും പഞ്ചായത്തിന്റെ കുതിപ്പിനുള്ള അംഗീകാരമായി.
ഹൈടെക് വിദ്യാലയങ്ങൾ
പഞ്ചായത്തിലെ 18 സ്കൂളുകളിൽ ഒമ്പത് സർക്കാർ സ്കൂളുകളിലും ഹൈടെക് കെട്ടിടങ്ങളായി. പി ടി എ റഹീം എംഎൽഎയുടെയും സർക്കാരിന്റെയും ജില്ലാ പഞ്ചായത്തിന്റെയും കിഫ്ബിയുടെയും പഞ്ചായത്തിന്റെയും ഫണ്ടുകൾ ചേർത്താണ് വികസനം സാധ്യമാക്കിയത്. എയ്‌ഡഡ് സ്കൂളുകളിലുൾപ്പെടെ പഞ്ചായത്ത് ഫണ്ടുപയോഗിച്ച് ശുചിത്വ സമുച്ചയങ്ങളുണ്ടാക്കി. 42ൽ 36 അങ്കണവാടികൾക്കും സ്വന്തം കെട്ടിടമായി. കുഞ്ഞുങ്ങൾക്ക് പോഷകാഹാരം ഉറപ്പാക്കാൻ 70 ലക്ഷം രൂപയാണ് ചെലവിട്ടത്. കുന്നമംഗലം ഗവ. കോളേജ് പ്രവർത്തിക്കുന്നതും പഞ്ചായത്ത് വാങ്ങിയ അഞ്ചേക്കറിലാണ്.
മുഖംമിനുക്കി ടൂറിസം
സങ്കേതത്തിൽ ഫാം ടൂറിസം വരുന്നതോടെ പ്രദേശത്തിന്റെ മുഖഛായയാകെ മാറും. ചൂലൂർ സങ്കേതമുൾപ്പെടെയുള്ള സ്പോട്ടുകളിലേക്ക് നിരവധി വിനോദസഞ്ചാരികളാണ് ഒഴുകിയെത്തുന്നത്. സങ്കേതത്തിലെ ടൂറിസം വികസനത്തിനായി പഞ്ചായത്ത് പ്രത്യേക പദ്ധതി ടൂറിസം വകുപ്പിന് സമർപ്പിച്ചിട്ടുണ്ട്. കൂളിമാട് പാലത്തിനടിയിൽ 25 ലക്ഷം രൂപ ചെലവിൽ വയോജന പാർക്കും ഒരുങ്ങുന്നു. ചെട്ടികടവിലും കൂളിമാടും വിവിധ വിനോദ സഞ്ചാര പദ്ധതികൾക്കായി 40 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.
നേട്ടങ്ങളുടെ നെറുകയിൽ ആരോഗ്യമേഖല
ചൂലൂർ പ്രവർത്തിച്ചിരുന്ന പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമാക്കി. മികച്ച കെട്ടിടങ്ങളും ആധുനിക ലാബുകളും ഡോക്ടർമാരുടെ സേവനവും ഉറപ്പാക്കി. ഒന്നരക്കോടി ചെലവിലാണ് പുതിയ കെട്ടിടം നിർമിച്ചത്. കിടപ്പ് രോഗികളുടെ കൃത്യമായ പരിചരണം ഉറപ്പാക്കാൻ ഹോം കെയർ യൂണിറ്റുകളും പ്രവർത്തിക്കുന്നു. എൻഎബിഎച്ച് അക്രഡിറ്റേഷനും കായകൽപ്പ അവാർഡും നേടി പൊതുജനാരോഗ്യ മേഖലയിൽ തലയുയർത്തി നിൽക്കുകയാണ് വെള്ളന്നൂർ ഗവ. ആയുർവേദ ഡിസ്പൻസറി. നായർകുഴി ഹോമിയോ ആശുപത്രിക്കായി 30 ലക്ഷമാണ് അനുവദിച്ചത്. ചൂലൂർ കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിലുള്ള ഉപകേന്ദ്രം ഉദ്‌ഘാടനത്തിനൊരുങ്ങി.
രാജകീയം ഇൗ പാതകൾ
പുതിയ ആറ് റോഡുകളെ പഞ്ചായത്ത് റോഡുകളായി അംഗീകരിച്ച് നവീകരണം പുരോഗമിക്കുന്നു. യാത്രാദുരിതം പരിഹരിക്കാൻ ഗ്രാമവണ്ടിയെത്തി. നാല് പ്രധാന പാലങ്ങൾ ഗതാഗതത്തിനായി തുറന്ന് കൊടുത്തു.
കൃഷിയിടങ്ങളിൽ കർമസേന
കൃഷിഭവനും പഞ്ചായത്തും ചേർന്ന് 100 അംഗങ്ങളുള്ള കാർഷിക കർമസേന പഞ്ചായത്തിൽ പ്രവർത്തിക്കുന്നു. വളവും മറ്റ് സാമഗ്രികളും ഉറപ്പാക്കുന്നു. കാട്ടുപന്നി ശല്യത്തിനെതിരെ സോളാർ ഫെൻസിങ് സ്ഥാപിക്കാൻ 50 ശതമാനം സബ്സിഡിയും നൽകുന്നു.
ലൈഫ് ഇൗസ് ബ്യൂട്ടിഫുൾ
ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി 250 പേർക്കാണ് വീടൊരുക്കിയത്. 100 വീടുകളുടെ പണി പൂർത്തിയായി. സംസ്ഥാന സർക്കാരിന്റെ പഞ്ചായത്തിൽ ഒരു ഗ്രൗണ്ട് എന്ന പദ്ധതിയിൽ പഞ്ചായത്തിന്റെ കീഴിലുള്ള വെള്ളന്നൂർ ഗ്രൗണ്ട് നവീകരണത്തിനായി 50 ലക്ഷം രൂപ എംഎൽഎ ഫണ്ടിൽനിന്നും അമ്പത് ലക്ഷം രൂപ സ്പോർട്സ് കൗൺസിലിൽനിന്നും ലഭ്യമാക്കി. ശുചിത്വ മേഖലയിൽ രണ്ട് എംസിഎഫ് യൂണിറ്റുകളും പ്രവർത്തിക്കുന്നു. പ്രധാന ജലസ്രോതസ്സായ കുറ്റികുളത്ത് 5 ലക്ഷം ചെലവിൽ സംരക്ഷണമതിലടക്കം നിർമിച്ച് നവീകരണവും പൂർത്തിയാക്കി. സ്ത്രീകൾക്കായി മെൻസ്ട്രുവൽ കപ്പ് വിതരണം, കുടുംബശ്രീക്ക് സ്വന്തമായ കെട്ടിടം, ടേക്ക് എ ബ്രേക്ക് സംവിധാനം, ജെൻഡർ റിസോഴ്സ് സെന്റർ, വയോജനോത്സവം, കട്ടിൽ വിതരണം തുടങ്ങിയ പദ്ധതികൾ, ഭിന്നശേഷിക്കാർക്കായി സ്കോളർഷിപ്പ്, കലോത്സവം, ശ്രവണോപകരണങ്ങളുടെ വിതരണം, വനിതകൾക്കായി മുട്ടക്കോഴി വിതരണം തുടങ്ങി നിരവധി പദ്ധതികളാണ് വിജയകരമായി ഏറ്റെടുത്തത്.
എല്ലാ മേഖലയിലും വികസനം
കാർഷിക മേഖലയിലും ആരോഗ്യ മേഖലയിലും ഗതാഗത മേഖലയിലും വൻ കുതിപ്പുകൾ സൃഷ്ടിക്കാനായി. സർക്കാർ ഫണ്ടും എംഎൽഎ ഫണ്ടും ലഭ്യമായതിനാൽ വികസന കുതിപ്പ് സൃഷ്ടിക്കാനായി. വികസനമെന്നത് സാധാരണ ജനങ്ങൾക്ക് ഉപകാരപ്രദമാകണമെന്നതാണ് ലക്ഷ്യം. കൂട്ടായ പ്രവർത്തനവും ജനങ്ങളുടെ സഹകരണവും പിന്തുണയായുണ്ട്. – ഓളിക്കൽ അബ്ദുൾ ഗഫൂർ, പഞ്ചായത്ത് പ്രസിഡന്റ്
ലക്ഷ്യമിട്ടത് സമഗ്ര പുരോഗതി
പഞ്ചായത്തിന്റെ സമഗ്ര പുരോഗതിയാണ് ഭരണസമിതി ലക്ഷ്യമിട്ടത്. അതിനിണങ്ങുന്ന പദ്ധതികളാണ് ആവിഷ്‌കരിച്ചത്. കുടുംബശ്രീയെ ശക്തിപ്പെടുത്താനായി. സ്ത്രീകൾക്കും കുട്ടികൾക്കും ഉപകാരപ്രദമായ പദ്ധതികൾ ആവിഷ്‌കരിക്കാനായത് സംതൃപ്തി നൽകുന്നു. – എം സുഷമ, വൈസ് പ്രസിഡന്റ്









0 comments