ഉന്നത വിദ്യാഭ്യാസ മേഖല
4 വർഷം, 6000 കോടിയുടെ പദ്ധതി: മന്ത്രി ബിന്ദു

കോഴിക്കോട് ഗവ വനിതാ പോളിടെക്നിക് കോളേജിലെ വർക്ക്ഷോപ്പ് ലബോറട്ടറി ബ്ലോക്ക് മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്യുന്നു. തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ സമീപം
സ്വന്തം ലേഖകൻ കോഴിക്കോട് ഉന്നത വിദ്യാഭ്യാസ മേഖലയിൽ കഴിഞ്ഞ നാലുവർഷത്തിനിടെ 6000 കോടി രൂപയുടെ അടിസ്ഥാന വികസന പ്രവർത്തനങ്ങൾ നടപ്പാക്കാൻ സാധിച്ചതായി മന്ത്രി ആർ ബിന്ദു പറഞ്ഞു. മലാപ്പറമ്പ് ഗവ. വനിതാ പോളിടെക്‌നികിൽ വർക്ക്‌ഷോപ്പ്- ലബോറട്ടറി ബ്ലോക്ക് ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി. വിദ്യാർഥികൾ മുന്നോട്ടുവയ്ക്കുന്ന പ്രായോഗികവും നൂതനവുമായ ആശയങ്ങൾ സാക്ഷാത്കരിക്കാൻ സർക്കാർ ഒപ്പമുണ്ടാകും. മുഴുവൻ പോളിടെക്നിക് കോളേജുകളിലും യങ് ഇന്നവേറ്റേഴ്‌സ് ക്ലബ് രൂപീകരിക്കാൻ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ക്യാമ്പസുകളിൽ യങ് ഇന്നവേറ്റേഴ്‌സ് സ്റ്റാർട്ടപ്പ് അന്തരീക്ഷം സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഇത്തരം സൗകര്യങ്ങൾ വിദ്യാർഥികൾ സമൂഹത്തിനാവശ്യമായ സേവനങ്ങളും ഉൽപ്പന്നങ്ങളും വികസിപ്പിക്കാൻ ഉപയോഗപ്പെടുത്തണം. മലാപ്പറമ്പ് ഗവ. വനിതാ പോളിടെക്നിക്കിൽ പുതിയ കോഴ്‌സുകൾ ആരംഭിക്കാൻ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു. തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ അധ്യക്ഷനായി. കൗൺസിലർമാരായ കെ സി ശോഭിത, സരിത പറയേരി, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയർ ജോയിന്റ് ഡയറക്ടർ അനി എബ്രഹാം, വനിതാ പോളിടെക്നിക് പ്രിൻസിപ്പൽ ടി എസ് ജയശ്രീ, അസി. എക്‌സിക്യൂട്ടീവ് എൻജിനിയർ കെ ഉബൈബ, ജോ. ഡയറക്ടർ സി സ്വർണ, പിടിഎ വൈസ് പ്രസിഡന്റ് പി മുഹമ്മദ് റഫീഖ്, അലുംനി അസോസിയേഷൻ പ്രസിഡന്റ് എൻ ബേബി ഗിരിജ, സ്റ്റാഫ് ക്ലബ് സെക്രട്ടറി എം എൻ സിന്ധു എന്നിവർ സംസാരിച്ചു.








0 comments