ജനകീയ ഡോക്ടർക്ക് വിടയേകി നഗരം

അന്തരിച്ച ഹെല്‍ത്ത് ഓഫീസര്‍ ഡോ. മുനവ്വര്‍ റഹ്മാന്റെ മൃതദേഹം കോഴിക്കോട് കോര്‍പറേഷന്‍ ഓഫീസില്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ മേയര്‍ ഒ സദാശിവന്‍ പുഷ്പചക്രം സമര്‍പ്പിക്കുന്നു
കോഴിക്കോട്
കോവിഡ് മഹാമാരിക്കാലത്ത് കോഴിക്കോട്ടെ പ്രതിരോധ പ്രവർത്തനങ്ങളുടെ മുഖമായിരുന്ന, കോഴിക്കോടിനെ ശുചിത്വ സുന്ദര നഗരമാക്കി മാറ്റാൻ മുൻകൈയെടുത്ത് പ്രവർത്തിച്ച ജനകീയ ഡോക്ടർക്ക് നഗരം വിടനൽകി. ജോലികഴിഞ്ഞ് മടങ്ങവേയുണ്ടായ പക്ഷാഘാതത്തെ തുടർന്ന് ഒരാഴ്ചയോളം ചികിത്സയിലായിരുന്ന കോർപറേഷൻ ഹെൽത്ത് ഓഫീസർ ഡോ. മുനവർ റഹ്മാൻ വെള്ളി രാവിലെയാണ് അന്തരിച്ചത്.
ആരോഗ്യ, ശുചിത്വമേഖലയിൽ കോഴിക്കോട് നഗരത്തെ വേറിട്ടതാക്കി മാറ്റാനുള്ള പ്രവർത്തനങ്ങൾക്ക് ഡോ. മുനവർ റഹ്മാൻ നേതൃപരമായ പങ്കുവഹിച്ചു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ -ഫൊറൻസിക് വിഭാഗത്തിൽ ജോലിചെയ്തശേഷമാണ് ബീച്ച് ജനറൽ ആശുപത്രിയിലെത്തിയത്. അവിടുത്തെ മികച്ച പ്രവർത്തനമാണ് കോർപറേഷൻ ഹെൽത്ത് ഓഫീസറെന്ന ചുമതലയിലേക്ക് നയിച്ചത്.
ഡോ. മുനവറിന്റെ മൃതദേഹം വെള്ളി ഉച്ചയോടെ കോർപറേഷനിൽ പൊതുദർശനത്തിനുവച്ചു. സമൂഹത്തിന്റെ വിവിധ കോണുകളിൽനിന്നുള്ളവർ ആദരാഞ്ജലിയർപ്പിക്കാനെത്തി. മേയർ ഒ സദാശിവൻ കോർപറേഷനുവേണ്ടി മൃതദേഹത്തിൽ പുഷ്പചക്രം സമർപ്പിച്ചു. എംഎൽഎമാരായ പി എ മുഹമ്മദ് റിയാസ്, കെ ജയന്ത്, ഫൈസൽബാബു, എം എ റസാഖ്, ഡെപ്യൂട്ടി മേയർ ഡോ. എസ് ജയശ്രീ, സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എ പ്രദീപ്‌കുമാർ, ജില്ലാ സെക്രട്ടറിയറ്റംഗം സി പി മുസാഫർ അഹമ്മദ്, തോട്ടത്തിൽ രവീന്ദ്രൻ, ഐഎൻഎൽ സംസ്ഥാന പ്രസിഡന്റ് അഹമ്മദ് ദേവർകോവിൽ, കെപിസിസി ജനറൽ സെക്രട്ടറി പി എം നിയാസ്, ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് കെ പി പ്രകാശ് ബാബു തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു.









0 comments