ad
Deshabhimani

ബേപ്പൂർ തുറമുഖ വികസനത്തിന് 2000 കോടി

ബേപ്പൂർ തുറമുഖം

ബേപ്പൂർ തുറമുഖം

വെബ് ഡെസ്ക്

Published on Feb 12, 2026, 12:10 AM | 1 min read

സ്വന്തം ലേഖകൻ ഫറോക്ക് ബേപ്പൂർ തുറമുഖം വികസനത്തിന് വൻ പദ്ധതിയുമായി സംസ്ഥാന സർക്കാർ. പൊതു–സ്വകാര്യ പങ്കാളിത്ത മാതൃകയിൽ തുറമുഖത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള 2000 കോടി രൂപയുടെ പദ്ധതിക്ക് ബുധനാഴ്‌ച സംസ്ഥാന മന്ത്രിസഭാ യോഗം അംഗീകാരം നൽകി. കൊല്ലം തുറമുഖത്തെയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെ ആദ്യ ഡീപ് വാട്ടർ ട്രാൻഷിപ്മെന്റ്‌ തുറമുഖമായ വിഴിഞ്ഞത്തിന് സമാനമായി വൻകിട വിദേശ കണ്ടെയ്നർ കപ്പലുകൾ അടുപ്പിക്കാൻ കഴിയാവുന്ന വിധം തുറമുഖ വാർഫും കപ്പൽ ചാലും ആഴം കൂട്ടുന്നതിനൊപ്പം അന്താരാഷ്ട്ര ഷിപ്പിങ് പാതയോട്‌ കൂട്ടിയിണക്കി സമുദ്ര ലോജിസ്റ്റിക്കിലും സാമ്പത്തിക വളർച്ചയിലും വൻ കുതിച്ചുചാട്ടത്തിന് വഴിതുറക്കുന്നതാണ് പദ്ധതി. തുറമുഖ വികസനം കൂടുതൽ നിക്ഷേപങ്ങളും അനുബന്ധ വ്യവസായങ്ങളും വരുന്നതോടെ വൻതോതിൽ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും. പുതിയ തുറമുഖ വികസന പദ്ധതി നടപ്പാക്കുന്നതിനായി കേന്ദ്ര – സംസ്ഥാന സർക്കാരുകളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളെല്ലാം നേരത്തെ പൂർത്തിയായി. സെപ്തംബറിൽ പദ്ധതിയുടെ രൂപരേഖ തയ്യാറാക്കിയിരുന്നു. പദ്ധതി പ്രാവർത്തികമാകുന്നതോടെ ഉത്തര കേരളത്തിന്റെ വളർച്ചയ്ക്കൊപ്പം കേരളം പൂർണമായും തുറമുഖ കേന്ദ്രീകൃത സംസ്ഥാനമെന്ന നിലയിൽ പുരോഗതി പ്രാപിക്കും. ബേപ്പൂർ തുറമുഖ വികസനം സാധ്യമായാൽ മംഗളൂരു, ഗുജറാത്ത് മുദ്രാ പോർട്ടുകളുമായും കൂട്ടിയിണക്കിയുള്ള പ്രവർത്തനത്തിന് സാധ്യതയേറെയാണ്. വിഴിഞ്ഞം, കൊല്ലം, ബേപ്പൂർ തുറമുഖങ്ങളെ കോർത്തിണക്കിയുള്ള വികസനം സംസ്ഥാനത്ത് വൻ മാറ്റങ്ങൾ ഉണ്ടാക്കും. ക്രൂസ് കപ്പൽ സർവീസും ആരംഭിക്കാനിരിക്കെ ബേപ്പൂർ ഭാവിയിൽ ഒരു പോർട്ട് സിറ്റിയായി മാറിയേക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home