സ്പെഷ്യൽ അങ്കണവാടി പത്താം വര്‍ഷത്തിലേക്ക്
പ്രതീക്ഷയുടെ കുഞ്ഞിച്ചിരികൾ

അനഘ പ്രകാശ്
Published on Aug 15, 2025, 12:10 AM | 1 min read
കോഴിക്കോട്
അക്ഷരങ്ങളുടെയും കളിപ്പാട്ടങ്ങളുടെയും വര്‍ണക്കടലാസുകളുടെയും ലോകത്ത് വെല്ലുവിളികൾ അതിജീവിച്ചത് 1,948 കുരുന്നുകൾ. ക്ലാസ് മുറിയിൽ പോയി പഠിക്കുമെന്ന് സ്വപ്നംപോലും കാണാത്തവര്‍ ഇന്ന് വിദ്യാലയങ്ങളിൽ കൂട്ടുകാര്‍ക്കൊപ്പം കളിചിരിയിലാണ്. ഭിന്നശേഷി കുട്ടികളെ പൊതുവിദ്യാലയങ്ങളിൽ പഠിക്കാൻ പ്രാപ്തരാക്കുന്ന ‘സ്‌പെഷ്യൽ അങ്കണവാടി’ പദ്ധതിയിലൂടെയാണ് വെല്ലുവിളികളെ അതിജീവിച്ച് മുന്നേറാൻ വിദ്യാര്‍ഥികൾക്കായത്. സംസ്ഥാനത്തെ പൈലറ്റ് പദ്ധതിയാണ് ജില്ലയിൽ വൻ വിജയമായത്. ശാരീരിക വെല്ലുവിളികളെ മാനസിക പിന്തുണയിലൂടെയും വിവിധ പരിശീലനങ്ങളിലൂടെയും തെറാപ്പിയിലൂടെയും അതിജീവിക്കാൻ സര്‍ക്കാര്‍ കൈത്താങ്ങായി. ഒമ്പത് വര്‍ഷത്തിനുള്ളിൽ 3,296 പ്രത്യേക പരിഗണനയര്‍ഹിക്കുന്ന കുട്ടികൾക്ക് പരിശീലനം നൽകി. ഇതിൽ 60 ശതമാനത്തോളം കുട്ടികൾക്ക് (1948) പൊതുവിദ്യാലയങ്ങളിൽ പഠിക്കാനായി. ഈവര്‍ഷംമാത്രം 388 കുട്ടികൾ വിവിധ സ്കൂളുകളിലായി പ്രവേശനം നേടി. ഭിന്നശേഷി സൗഹൃദ സംസ്ഥാനമാകാൻ കേരള സാമൂഹ്യ സുരക്ഷാമിഷൻ, സ്റ്റേറ്റ് ഇനീഷ്യേറ്റീവ് ഓൺ ഡിസബിലിറ്റീസ് വഴി നടപ്പാക്കുന്ന ‘അനുയാത്ര’യുടെ ഭാഗമാണ് സ്‌പെഷ്യൽ അങ്കണവാടികൾ. 2016ലാണ് ജില്ലയിൽ പ്രവര്‍ത്തനമാരംഭിച്ചത്. 2024ൽ 402, 2023ൽ 338, 2022ൽ 257, 2021ൽ 172, 2020ൽ 180 എന്നിങ്ങനെയാണ് പൊതുവിദ്യാലയങ്ങളിൽ എത്തിയ കുട്ടികളുടെ കണക്ക്. 21 ഐസിഡിഎസ് പ്രോജക്ടുകളിലായി 75 സ്പെഷ്യൽ അങ്കണവാടികളും 25 സ്പെഷ്യൽ എഡ്യുക്കേറ്റർമാരുമാണുള്ളത്. ആഴ്ചയിൽ രണ്ടുദിവസമാണ് സ്പെഷ്യൽ എഡ്യുക്കേറ്റര്‍മാരുടെ സേവനം. അല്ലാത്ത ദിവസങ്ങളിൽ മറ്റു കുട്ടികളോടൊപ്പം ഇടപഴകാനും സാധിക്കും. അങ്കണവാടി വർക്കർമാർക്കും ഹെൽപ്പർമാർക്കും പ്രത്യേക പരിശീലനവും നൽകിയിരുന്നു. മികച്ച പരിശീലനം നൽകി വെല്ലുവിളികളുള്ളവരെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരികയാണ് ലക്ഷ്യമെന്നും കൊല്ലത്തും തൃശൂരിലും ഈവര്‍ഷംതന്നെ പദ്ധതി ആരംഭിക്കുമെന്നും സംസ്ഥാന പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍ എം പി മുജീബ് റഹ്മാൻ പറഞ്ഞു.









0 comments