ad
Deshabhimani

465 കുടുംബങ്ങൾ ഇന്ന്‌ നികുതിയടയ്ക്കും

ഇത് ഞങ്ങളുടെ മണ്ണ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Mar 08, 2026, 12:32 AM | 2 min read

കോഴിക്കോട്‌

അഞ്ചുപതിറ്റാണ്ടിലേറെ നീണ്ട കാത്തിരിപ്പിനൊടുവിൽ പട്ടയം ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ്‌ തോട്ടക്കാട്ടെ മിച്ചഭൂമിയിലെ 465 കുടുംബങ്ങൾ. ചവിട്ടിനിന്ന മണ്ണും അന്തിയുറങ്ങിയ വീടും കിളിർപ്പിച്ചെടുത്ത ചെടികളും കാർഷിക ഉൽപ്പന്നങ്ങളുമെല്ലാം ഇനി നെഞ്ചോട് ചേർത്ത് അവകാശപ്പെടാം. ‘ഇത് ഞങ്ങളുടെ മണ്ണ്. ഇ‍ൗ മണ്ണിന്‌ ആദ്യമായി ഞങ്ങളിന്ന്‌ നികുതിയടയ്‌ക്കും’ അഭിമാനത്തോടെ തോട്ടക്കാട്ടുകാർ പറഞ്ഞു. മിച്ചഭൂമിയിലെ താമസക്കാർക്കും കൈവശക്കാർക്കും രണ്ടാം പിണറായി സർക്കാർ പട്ടയം നൽകിയതോടെയാണ്‌ എല്ലാവരും ഒരുകുടക്കീഴിൽ അണിനിരന്ന്‌ ഞായറാഴ്‌ച നികുതി അടയ്‌ക്കുന്നത്‌. വൈകിട്ട്‌ നാലിന്‌ തോട്ടക്കാട്‌ രണഭൂമിയിൽ ചേരുന്ന പരിപാടി മന്ത്രി കെ രാജൻ ഉദ്‌ഘാടനം ചെയ്യും. തുടർന്ന്‌ വിവിധ പരിപാടികൾ അരങ്ങേറും. 1970ൽ കർഷകസംഘം, കെഎസ്‌കെടിയു സംഘടനകളുടെ നേതൃത്വത്തിൽ ആരംഭിച്ച കുടികിടപ്പ് വളച്ചുകെട്ടൽ സമരത്തിന്റെ തുടർച്ചയായാണ് തോട്ടക്കാട്ടിൽ 1972 മെയ് 25ന് സമരം ആരംഭിച്ചത്‌. സമരക്കാരെ അറസ്റ്റ് ചെയ്ത് പൊലീസ്‌ ജയിലിലടച്ചു. സിആർപിഎഫ്‌ മുതൽ ബിഎസ്‌എഫ്‌ വരെയുള്ള ആയിരക്കണക്കിന് പൊലീസുകാർ സ്ഥലത്ത്‌ തമ്പടിച്ചു. എന്നാൽ ഈ ഭീകരതയെ എല്ലാം അതിജീവിച്ച്‌ ജില്ലയുടെ പല ഭാഗത്തുനിന്നും സമരഭടന്മാർ ഒഴുകിയെത്തി. ആദ്യമാദ്യം ജയിലിലടച്ച അധികാരികൾ ജയിലിൽ നിറഞ്ഞതോടെ അറസ്റ്റ് നിർത്തി. ബ്രിട്ടീഷ്‌ നിയന്ത്രണത്തിലുള്ള പിയേഴ്സ് ലസ്സി കമ്പനിയായിരുന്നു കുറ്റ്യാടി എസ്റ്റേറ്റ് എന്നറിയപ്പെടുന്ന തോട്ടക്കാടിന്റെ ഉടമസ്ഥർ. 700 ഏക്കറോളം റബർ തോട്ടമുണ്ടായിരുന്നു. അതിർത്തിയിൽ വനഭൂമിയും. 1968ൽ ബിസിനസുകാരനായ മറ്റത്തിൽ വക്കച്ചനും മറ്റ് നാലുപേരും ചേർന്ന് കമ്പനിയിൽനിന്ന്‌ തോട്ടം വിലയ്ക്കെടുത്തു. ഇതോടൊപ്പം വനഭൂമിയും കൈവശപ്പെടുത്തി. ഈ പ്രദേശമാണ് മിച്ചഭൂമി സമരത്തിന്റെ ആദ്യകേന്ദ്രമായി ജില്ലയിൽ തെരഞ്ഞെടുത്തത്. ഇ കെ നായനാർക്കായിരുന്നു സമരകേന്ദ്രത്തിന്റെ ചുമതല. ഇ വി കുമാരൻ, എ കണാരൻ എന്നിവരായിരുന്നു പ്രധാന സംഘാടകർ. ഒടുവിൽ സർക്കാരുമായി നടത്തിയ ഒത്തുതീർപ്പ് ചർച്ചയെ തുടർന്ന് സമരം അവസാനിപ്പിച്ചു. മിച്ചഭൂമി ഏറ്റെടുത്ത് വിതരണം ചെയ്യുമെന്നായിരുന്നു പ്രധാന വ്യവസ്ഥ. എന്നാൽ വ്യവസ്ഥ നടപ്പായില്ല. 1980 ജൂൺ 15ന് വീണ്ടും ഭൂരഹിതർ കുടിൽകെട്ടി താമസമാരംഭിച്ചു. നിയമനടപടികൾ നീണ്ടുപോയതിനാൽ കൈവശക്കാർക്ക് രേഖകൾ ലഭിച്ചില്ല. ഇപ്പോൾ നിയമനടപടികളൊക്കെ അവസാനിച്ച്‌ പട്ടയമായി. നിയമ നൂലാമാലകൾ അഴിച്ചെടുത്തും സാങ്കേതികത്വം മറികടന്നും ഇച്ഛാശക്തിയോടെ പ്രവർത്തിച്ച‌ സംസ്ഥാന സർക്കാരിന്റെ ഇടപെടൽ കൊണ്ടാണ്‌ പോരാട്ടങ്ങളിലൂടെ നേടിയെടുത്ത മണ്ണിന്റെ അവകാശികളായി മാറിയതെന്ന്‌ ഇവർ അടിവരയിടുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home