കുറ്റിപ്പുറം ബസ് അപകടം
വൈഷ്ണവിന് നാടിന്റെ അന്ത്യാഞ്ജലി

കുറ്റിപ്പുറം ബസപകടത്തിൽ മരിച്ച വൈഷ്ണവിന്റെ മൃതദേഹം വീട്ടിൽ പൊതുദർശനത്തിനുവച്ചപ്പോൾ
കുന്നമംഗലം
കുറ്റിപ്പുറം ബസ് അപകടത്തിൽ മരണമടഞ്ഞ ചെറുകുളത്തൂർ മാവണ്ണൂർ പടിക്കൽ വൈഷ്ണവിന് (31) നാട് കണ്ണീരോടെ യാത്രാമൊഴിയേകി. സമൂഹത്തിന്റെ നാനാതുറയിലുള്ളവർ അന്ത്യോപചാരം അർപ്പിക്കാൻ വീട്ടിലെത്തി. ഞായറാഴ്ച പകൽ പതിനൊന്നോടെ കുറ്റിപ്പുറത്തുണ്ടായ ബസപകടത്തിലാണ് വൈഷ്ണവിന് ജീവൻ നഷ്ടമായത്. ദേവസ്വം ബോർഡ് നിയമനത്തിനായി നടത്തുന്ന പരീക്ഷ എഴുതാൻ സഹോദരൻ വൈശാഖിനോടൊപ്പം തൃശൂരിലേക്ക് പോകവേ ഇവർ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഞായറാഴ്ച പൊന്നാനി ആരോഗ്യകേന്ദ്രത്തിൽ പോസ്റ്റ്മോർട്ടം നടപടി പൂർത്തിയാക്കി വൈകിട്ടോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയ മൃതശരീരം തിങ്കൾ രാവിലെ ഏഴോടെയാണ് പുതുതായി നിർമിച്ച വീട്ടിലേക്ക് കൊണ്ടുവന്നത്. അതുവരെ അച്ഛനുമമ്മയും മരണവിവരം അറിഞ്ഞിരുന്നില്ല. ജ്യേഷ്ഠൻ വൈശാഖിനെ പരിക്കുകൾ ഗുരുതരമല്ലാത്തതിനാൽ ഞായറാഴ്ച രാത്രിയോടെ ഡിസ്ചാർജ് ചെയ്തിരുന്നു. വൈഷ്‌ണവിന്റെ മുഖത്തും തലയ്ക്കും ഗുരുതര പരിക്കേറ്റതിനാൽ മുഖം ആരെയും കാണിച്ചിരുന്നില്ല. പകരം അദ്ദേഹത്തിന്റെ ചിത്രം വയ്‌ക്കുകയായിരുന്നു.










0 comments