കോടതി വിധി ലംഘിച്ച് തിരുവള്ളൂരിൽ പഞ്ചായത്ത് സെക്രട്ടറി ചുമതലയേറ്റു

വടകര
കോടതി ഉത്തരവ് ലംഘിച്ച് യുഡിഎഫ് നേതാക്കളുടെ നേതൃത്വത്തിൽ പഞ്ചായത്ത് സെക്രട്ടറിയെ നിർബന്ധിച്ച് ചുമതലയേറ്റെടുപ്പിച്ചു. നിലവിലെ സെക്രട്ടറിയെ അന്യായമായി സ്ഥലംമാറ്റിയത് കോടതി തടഞ്ഞിരുന്നു. കോടതി ഉത്തരവ് നിലനിൽക്കെയാണ് പുതിയ സെക്രട്ടറി കെ ശീതളയെ പകൽ 4.59 ഓടെ നിർബന്ധിച്ച് ചുമതല ഏറ്റെടുപ്പിച്ചത്. തിരുവള്ളൂർ പഞ്ചായത്തിൽ വൈസ് പ്രസിഡന്റിന്റെയും യുഡിഎഫ് പ്രവർത്തകരുടെയും നേതൃത്വത്തിലായിരുന്നു അഴിഞ്ഞാട്ടം. നിലവിലുള്ള സെക്രട്ടറി എം കെ സജിത് കുമാറിനെ ഇടുക്കിയിലെ മലയോര പഞ്ചായത്തിലേക്കാണ് സ്ഥലം മാറ്റിയത്. ബുധൻ രാത്രി വൈകിയാണ് സ്ഥലംമാറ്റ ഉത്തരവ് സജിത്തിന് ലഭിച്ചത്. ഇതിനെതിരെ സജിത്ത് കോടതിയെ സമീപിക്കുകയും വ്യാഴം പകൽ 4.10ന് കോടതി സ്ഥലംമാറ്റം ഉത്തരവ് സ്‌റ്റേ ചെയ്യുകയും ചെയ്തു. ഇത് നിലനിൽക്കെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സബിത മണക്കുനിയും യുഡിഎഫ് നേതാക്കന്മാരും പഞ്ചായത്ത് ഓഫീസിൽ എത്തി ചാർജ് എടുക്കാൻ വന്ന പുതിയ സെക്രട്ടറി കെ ശീതളയെ പകൽ 4.59 ഓടെ നിർബന്ധിച്ച് ചുമതല ഏറ്റെടുപ്പിക്കുകയായിരുന്നു. സെക്രട്ടറിയും അസി. സെക്രട്ടറിയും ഓഫീസിൽ ഇല്ലാതിരുന്നിട്ടും തോടന്നൂർ ബ്ലോക്ക് ബിഡിഒയെ പഞ്ചായത്ത് ഓഫീസിൽ വിളിച്ചുവരുത്തിയാണ് ശീതളയെ ചുമതലയേറ്റെടുപ്പിച്ചത്. നിലവിൽ സ്ഥലം മാറ്റത്തിനെതിരെ സ്റ്റേ ഉത്തരവ് ഉണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് എൽ വി രാമകൃഷ്ണൻ ചാർജ് എടുക്കാൻ വന്ന സെക്രട്ടറിയെ ബോധ്യപ്പെടുത്തിയിരുന്നു. ഇത് അവഗണിച്ചാണ് അവർ ചുമതലയേറ്റത്.










0 comments