ad
Deshabhimani

അനാചാരത്തിനെതിരെ അരങ്ങുണർത്തി ‘മാറുബലി’

ടൗൺഹാളിൽ അരങ്ങേറിയ മാറുബലി നാടകത്തിൽനിന്ന്
avatar
സ്വന്തം ലേഖിക

Published on May 22, 2026, 01:12 AM | 1 min read

കോഴിക്കോട്‌

അനാചാരത്തിനെതിരെ ചിന്തകളെ ഉണർത്തിയും ദൃശ്യവിസ്‌മയം തീർത്തും അരങ്ങിന്റെ ആഘോഷമായി ‘മാറുബലി’ നാടകം. ചരിത്രത്തിന്റെ ഇരുണ്ടനാളുകളിൽ മറയ്‌ക്കപ്പെട്ട അനീതിയുടെയും അനാചാരത്തിന്റെയും ക്രൂരസത്യങ്ങളെ ‘മാറുബലി’ അരങ്ങിലെത്തിച്ചപ്പോൾ, സദസ്സ്‌ അവിശ്വസനീയതയുടെയും ആകാംക്ഷയുടെയും മുഖമണിഞ്ഞു. കളിയൊരുക്കം നാടകസംഘത്തിന്റെ 41ാമത്‌ നാടകമാണ്‌ ട‍ൗൺഹാളിന്റെ വേദിയിൽ ചരിത്ര യാഥാർഥ്യങ്ങളെ കലയിലൂടെ അനുഭവവേദ്യമാക്കിയത്‌. 1940–നും 1950നും ഇടയിൽ കുറുന്പ്രനാട്‌ താലൂക്കിൽ നിലനിന്നിരുന്ന ജാതീയവും ലിംഗപരവുമായ പീഡനവും അതിനെതിരായ പ്രതിഷേധവുമാണ്‌ പ്രമേയം. ആർത്തവമുണ്ടായ ദളിത്‌ കുട്ടികളുടെ മാറ്‌ തന്പുരാക്കൻമാരുടെ മുന്നിൽ വസ്‌ത്രമില്ലാതെ കാണിക്കണമെന്നതായിരുന്നു അക്കാലത്തെ ആചാരം. ഇതിനെതിരെ ഒരു തന്പുരാന്റെ നേതൃത്വത്തിൽ ദളിത്‌ വിഭാഗങ്ങളുടെ പങ്കാളിത്തത്തോടെ നടന്ന പ്രക്ഷോഭമാണ്‌ ഒന്നര മണിക്കൂർ നീണ്ട മാറുബലി പറയുന്നത്‌. എം കെ രവിവർമ രചനയും വിജയൻ വി നായർ സംവിധാനവും നിർവഹിച്ച നാടകത്തിന്റെ രണ്ടാമത്തെ അവതരണമാണിത്‌. ഹരീഷ്‌ പണിക്കർ, അജിത നന്പ്യാർ, ഷിജു കുന്നമംഗലം, ചിത്രഭാനു, സുരേഷ്‌ കോഴിക്കോട്‌, രാജീവൻ ബേപ്പൂർ എന്നിവരാണ്‌ പ്രധാന വേഷങ്ങളിൽ. അരുണാണ്‌ ദീപവിതാനം. സംഗീതം ന‍ൗഫൽ. ചടങ്ങിനോടനുബന്ധിച്ച്‌ കെ ആർ മോഹൻദാസിനെയും അലി കല്ലായിയെയും ആദരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home