വാണിജ്യ സിലിണ്ടറിന് കുത്തനെ വില കൂട്ടി കേന്ദ്ര ദ്രോഹം
അന്നം മുടക്കല്ലേ

പുകഞ്ഞ് തീയായ് പ്രതിഷേധം ... വാണിജ്യ പാചകവാതക സിലിണ്ടറിന് ഒരു ദിവസം കൊണ്ട് 993 രൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നടപടിക്കെതിരെ കേരള ഹോട്ടല്‍ ആൻഡ് റസ്റ്റോറന്റ് അസോസിയേഷന്‍ കോഴിക്കോട്ട് സംഘടിപ്പിച്ച പ്രതീകാത്മക പ്രതിഷേധത്തില്‍ നിന്ന്
കോഴിക്കോട്
ഗ്യാസ് പ്രതിസന്ധിയിൽ നടുവൊടിഞ്ഞ ഹോട്ടൽ മേഖലയെ പൂർണമായി പാപ്പരാക്കാൻ വിലവർധനയും. വാണിജ്യ സിലിണ്ടറിന് കുത്തനെ വില കൂടിയതോടെ എങ്ങനെ മുന്നോട്ട് പോകുമെന്നറിയാതെ ആശങ്കയിലാണ് ഹോട്ടൽ ഉടമകൾ. യുദ്ധ പശ്‌ചാത്തലത്തിൽ സിലിണ്ടർ വരവ് കുറഞ്ഞതോടെ പൂട്ടലിന്റെ വക്കിലായിരുന്നു പല ഹോട്ടലുകളും. വിറക് അടുപ്പുകളും മറ്റും ക്രമീകരിച്ച് പിടിച്ചുനിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് കേന്ദ്ര സർക്കാർ ഇരുട്ടടിപോലെ 50 ശതമാനത്തിനടുത്ത് വില കൂട്ടിയത്. തൊഴിലാളികളെയും ഹോട്ടൽ ഭക്ഷണത്തെ ആശ്രയിക്കുന്ന പൊതുജനങ്ങളെയും സാരമായി ബാധിക്കുന്ന നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണുയരുന്നത്.
ജില്ലയിൽ നഗര ഗ്രാമ മേഖലകളിലായി 3000ത്തിലധികം ചെറുതും വലുതുമായ ഹോട്ടലുകളുണ്ട്. പതിനായിരത്തിലധികം തൊഴിലാളികളും ഇൗ മേഖലയെ ആശ്രയിക്കുന്നു. പാചകവാതക ക്ഷാമത്തെ തുടർന്ന് നേരത്തെയുള്ളതിന്റെ 30 ശതമാനം മാത്രമാണ് നിലവിൽ സിലിണ്ടർ ലഭിക്കുന്നത്. സ്വകാര്യ ഏജൻസികളിൽനിന്ന് അധിക വിലയ്‌ക്ക് ഗ്യാസ് വാങ്ങിയാണ് പല ഹോട്ടലുകളും പ്രവർത്തിക്കുന്നത്. കിട്ടുന്ന സിലിണ്ടറിന്റെ വില കൂടി കൂട്ടുന്നതോടെ പ്രതിസന്ധി രൂക്ഷമാകും.
വിഭവങ്ങൾ കുറച്ചും ചായ ഒഴിവാക്കിയും വില കൂട്ടിയുമാണ് പല ഹോട്ടലുകളും മുന്നോട്ട് പോവുന്നത്. 19 കിലോ വരുന്ന എൽപിജിക്ക് 993 രൂപയും ഛോട്ടുഗ്യാസിന് 261 രൂപയാണ് ഒറ്റയടിക്ക് വർധിപ്പിച്ചത്. ജില്ലയിൽ ഒരു സിലിണ്ടറിന് 3117 രൂപയാകും ഈടാക്കുക. ഇൗ സാഹചര്യത്തിൽ നിലവിലെ നിരക്കിൽ കച്ചവടം ചെയ്യുന്നതിലെ നഷ്‌ടം പരിഹരിക്കാൻ വിഭവങ്ങളുടെ നിരക്ക് കൂട്ടുകയാവും മാർഗം. എന്നാൽ ഇത് സാധാരണക്കാരെ ബാധിക്കുമെന്നതിനാൽ കച്ചവടം കുറഞ്ഞേക്കുമെന്ന ആശങ്കയുമുണ്ട്. പരിഹാരമില്ലെങ്കിൽ ഹോട്ടലുകൾ പൂട്ടുന്ന അവസ്ഥയിലേക്ക് നീങ്ങും. ഇതര സംസ്ഥാനക്കാരുൾപ്പെടെയുള്ള ആയിരക്കണക്കിനാളുകളുടെ തൊഴിലിലും ഇത് അനിശ്‌ചിതത്വമുണ്ടാക്കും.










0 comments