ad
Deshabhimani

ഡീസൽ വിലവർധന:ബോട്ടുടമകൾ ആശങ്കയിൽ

s

ബേപ്പൂർ യാർഡിൽ അറ്റകുറ്റപ്പണിക്ക് കയറ്റിയ ബോട്ടുകൾ

വെബ് ഡെസ്ക്

Published on Jul 01, 2026, 02:02 AM | 1 min read

ഫറോക്ക്​

ട്രോളിങ് നിരോധനത്തിനിടെ വൻതുക ചെലവിട്ട് ബോട്ടുകൾ അറ്റകുറ്റപ്പണികൾ നടത്തുമ്പോഴും ഡീസൽ വിലക്കയറ്റത്തിൽ ആശങ്കയിലായി ബോട്ടുടമകൾ. കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് നേരിടുന്ന മത്സ്യദൗർലഭ്യത്തിനൊപ്പം തുടർച്ചയായുള്ള ഡീസൽ വിലക്കയറ്റം മത്സ്യമേഖലയെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്‌.

52 ദിവസത്തെ ട്രോളിങ് നിരോധന കാലത്താണ് ബോട്ടുകളേറെയും അറ്റകുറ്റപ്പണികൾ നടത്തുന്നതും പുതിയ ബോട്ടുകൾ കടലിലിറക്കാൻ സജ്ജമാക്കുന്നതും. ലക്ഷങ്ങൾ വായ്പയെടുത്തും സ്വർണാഭരണങ്ങൾ ഉൾപ്പെടെ പണയപ്പെടുത്തിയും ബോട്ടുകൾ കേടുപാട്‌ തീർത്ത് പുത്തനാക്കി ഇറക്കിയാലും ഭാരിച്ച ഇന്ധനച്ചെലവും തൊഴിലാളികളുടെ കൂലിയും കൂടിയാകുമ്പോൾ ഉടമകൾ കടക്കെണിയിലാകുന്ന സ്ഥിതിയാണ്‌.

സംസ്ഥാനത്തെ ആറായിരം ബോട്ടുകളിൽ 1300 ബോട്ടുകളാണ് ജില്ലയിലുള്ളത്. ഇവയിൽ പകുതി ബോട്ടുകളുടെ ലൈസൻസ്‌ മാത്രമേ പുതുക്കിയിട്ടുള്ളൂ.

​ ഒരാഴ്ചയോളം തുടർച്ചയായി മീൻ പിടിത്തത്തിലേർപ്പെടുന്ന വലിയ ബോട്ടുകൾക്ക് 4000 മുതൽ 6000 വരെ ലിറ്റർ ഡീസൽ വേണം. കൂടാതെ 10 മുതൽ 30 വരെ തൊഴിലാളികളുടെ റേഷനും ദിനബത്തയുമടക്കം വൻതുക ചെലവുവരും. ഇതിനനുസൃതമായി മത്സ്യലഭ്യതയും വരുമാനവും ലഭിക്കുന്നില്ല. ട്രോളിങ് നിരോധനം കഴിഞ്ഞാലും വൻ തുക നഷ്ടം സഹിച്ച് ബോട്ടുകൾ എങ്ങനെ കടലിലിറക്കുമെന്ന ആശങ്കയിലാണ് ബോട്ടുടമകളേറെയും. ഡീസലിന് കേന്ദ്ര– സംസ്ഥാന സർക്കാരുകൾ ചുമത്തുന്ന ജിഎസ്ടിയിൽ ഇളവ് വരുത്തുകയോ മറ്റു വിധത്തിൽ സബ്സിഡി ഏർപ്പെടുത്തിയോ മത്സ്യബന്ധന മേഖല നേരിടുന്ന കടുത്ത സമ്പത്തിക പ്രതിസന്ധിയിൽനിന്ന്‌ കരകയറ്റണമെന്ന് മത്സ്യത്തൊഴിലാളി സംഘടനകളും ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home