ad
Deshabhimani

കലിതുള്ളി മഴ

a

ചിയ്യൂരിൽ മിന്നൽച്ചുഴലിയിൽ കടപുഴകിയ മരം അഗ്നിരക്ഷാസേനയും 
നാട്ടുകാരും മുറിച്ചുമാറ്റുന്നു

avatar
സ്വന്തം ലേഖിക

Published on Jul 09, 2026, 01:17 AM | 2 min read

കോഴിക്കോട്

ദിവസങ്ങളായി തുടരുന്ന കനത്ത മഴയിൽ ജില്ലയിലെ വിവിധയിടങ്ങളിലായി വ്യാപക നാശനഷ്ടം. ബുധൻ രാവിലെ മുതൽ നഗരത്തിലും മലയോര മേഖലയിലുമായി ശക്തമായ കാറ്റും മഴയുമുണ്ട്. നാദാപുരം ചെക്യാട് ചുഴലിക്കാറ്റിൽ വീടുകൾ തകരുകയും കൃഷി നാശമുണ്ടാവുകയും ചെയ്തു. ചൊവ്വ രാത്രിയാണ് പത്ത് മിനിറ്റോളം നീണ്ടുനിന്ന അതിശക്തമായ കാറ്റ് മലയോര മേഖലയിൽ ആഞ്ഞുവീശിയത്. വീടുകളിലുണ്ടായിരുന്നവര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. കല്ലാച്ചി ചിയ്യൂരിലും മിന്നൽ ചുഴലി റിപ്പോര്‍ട്ട് ചെയ്തു. നാലുവീടുകൾക്ക് മുകളിൽ മരം കടപുഴകി വീണു. വടകര വള്ള്യാട് മരം വീണ് മൂന്ന് വീടുകൾ തകർന്നു. വൈദ്യുതിലൈനിലേക്ക് മരങ്ങൾ വീണ് വൈദ്യുതിബന്ധം മണിക്കൂറുകൾ തടസ്സപ്പെട്ടു.

കുറ്റ്യാടി ചുരം മേഖലയിൽ ശക്തമായ മഴവെള്ളപ്പാച്ചിലുണ്ടായി. ഇതിന്റെ ഭാഗമായി തൊട്ടിൽപ്പാലം പുഴയിലും ജലനിരപ്പ് ഉയര്‍ന്നു. ഇരുവഴിഞ്ഞിപ്പുഴയിലും ചാലിയാറിലുമെല്ലാം ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു. കാരശേരിയിൽ പൊതുകിണര്‍ ഇടിഞ്ഞുതാഴ്ന്നു. 70 വര്‍ഷം പഴക്കമുള്ള കിണറാണ് താഴ്ന്നത്.

കല്ലായി പുഷ്പ ജങ്ഷനിൽ ശക്തമായ കാറ്റിൽ പരസ്യബോര്‍ഡിന്റെ ഫ്രെയിം നിര്‍ത്തിയിട്ട കാറിന് മുകളിലേക്ക് തകര്‍ന്നുവീണു. ഇരുമ്പ് ഫ്രെയിമാണ് തകര്‍ന്നത്. ആളപായമില്ല. മാനാഞ്ചിറ എൽഐസി ഓഫീസ് കോമ്പൗണ്ടിലേക്കും വൻമരം കടപുഴകിവീണു.

വെള്ളയിൽ ഭാഗത്തുനിന്ന് മത്സ്യബന്ധനത്തിനുപോയ കൂറ്റൻ യന്ത്രവൽകൃതവള്ളം മണിക്കൂറുകൾ ശക്തമായ കാറ്റിൽപ്പെട്ട് ആടിയുലഞ്ഞു. 50-ഓളം മത്സ്യത്തൊഴിലാളികൾ അത്ഭുതകരമായി രക്ഷപ്പെട്ടു.

ബുധൻ പുലർച്ചെയുണ്ടായ കാറ്റിലും മഴയിലും കാരപ്പറമ്പ് സ്‌കൂളിലെ എച്ച്എസ്എസ് ബ്ലോക്കിന്റെ പിറകുവശത്തെ മേൽക്കൂര പറന്നുപോയി തൊട്ടടുത്ത റോഡിൽ പതിച്ചു. ആർക്കും പരിക്കില്ല. വയലടയിൽ റിസോര്‍ട്ടിന്റെ ചുറ്റുമതിലും തകര്‍ന്നു.


ക്വാറി, ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്ക്

ജലാശയങ്ങളിലേക്കും പ്രവേശനമില്ല

​കനത്ത മഴയെ തുടര്‍ന്ന് ക്വാറികളുടെ പ്രവര്‍ത്തനം, മണ്ണെടുക്കല്‍, ഖനനം, കിണര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, മണലെടുക്കല്‍ എന്നിവ വിലക്കി ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ കലക്ടര്‍ എം എസ് മാധവിക്കുട്ടിയുടെ ഉത്തരവ്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് തുടര്‍ച്ചയായ നാലുദിവസം ഗ്രീന്‍ അലര്‍ട്ട് പ്രഖ്യാപിക്കുന്നതുവരെയാണ് വിലക്ക്. വെള്ളച്ചാട്ടങ്ങള്‍, നദീതീരങ്ങള്‍, ബീച്ചുകള്‍ ഉള്‍പ്പെടെയുള്ള ജലാശയങ്ങളിലേക്കുള്ള പ്രവേശനവും ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ നിരോധിച്ചു. ഉരുള്‍പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്ന മലയോര പ്രദേശങ്ങളിലേക്കും ചുരം മേഖലകളിലേക്കും രാത്രി ഏഴുമുതല്‍ രാവിലെ ഏഴുവരെ അടിയന്തര യാത്രകളല്ലാത്തവ ഒഴിവാക്കണമെന്നും ഉത്തരവിലുണ്ട്.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home