ദുരിതം വിതച്ച് മഴ

കോഴിക്കോട് സ്‌റ്റേഡിയം ജംങ‍്ഷനിലുണ്ടായ വെള്ളക്കെട്ടിലൂടെ പോകുന്ന വാഹനങ്ങള്‍
കോഴിക്കോട്
കനത്ത മഴയിൽ ജില്ലയിൽ വ്യാപകനാശം. ശനിയാഴ്‌ച പെയ്‌ത അതിതീവ്ര മഴയിൽ കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് അമ്മയും മകനും മരിച്ചു. കൈതേരിമുക്ക് സ്വദേശി രമ്യയും മകൻ ശിവനന്ദു (7)മാണ് മരിച്ചത്. മലയോരങ്ങളിലും കടലോരത്തും മഴ ശക്തമാണ്. പലയിടങ്ങളിലും മരം കടപുഴകി. ചിലയിടങ്ങളിൽ വെള്ളക്കെട്ടും രൂക്ഷമാണ്. കാലവർഷം കനത്തതോടെ നല്ലളം ജയന്തി റോഡിന് സമീപം കീഴ്‌വനപ്പാടം പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷമായി. വെള്ളി രാത്രിമുതലുള്ള മഴയിൽ പ്രദേശമാകെ മുങ്ങി. അമ്പതോളം വീടുകളും പരിസരവും വെള്ളത്തിലായതോടെ ജനജീവിതം ദുസ്സഹമായി.
റെഡ് അലർട്ടായിരുന്ന ജില്ലയിൽ നഗരത്തിലും മലയോര മേഖലകളിലുമടക്കം ഇടവിട്ട് കനത്ത മഴ പെയ്തു. പകൽസമയം കുറവായിരുന്ന മഴ വൈകിട്ടോടെ ശക്തി പ്രാപിച്ചു.
പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ഗതാഗതം ദുഷ്കരമായി. നഗരത്തിൽ കെഎസ്‌ആർടിസി ബസ്‌സ്‌റ്റാൻഡ് പരിസരം, ആദായനികുതി ഓഫീസ്, രാജാജി റോഡ്, ബീച്ച്, വലിയങ്ങാടി പരിസരങ്ങളി ലെല്ലാം വെള്ളക്കെട്ട് രൂക്ഷമാണ്. കെഎസ്ആർടിസി ബസ്‌സ്റ്റാൻഡിനുള്ളിലും വെള്ളം തളംകെട്ടി നിന്നതോടെ യാത്രക്കാരും ബുദ്ധിമുട്ടിലായി. ബസ് കയറുമ്പോഴും ഇറങ്ങുമ്പോഴും ചെളിവെള്ളം യാത്രക്കാരുടെ ദേഹത്തേക്ക് തെറിക്കുന്ന അവസ്ഥയാണ്. ബീച്ച് ഫുഡ് സ്ട്രീറ്റിന് മുന്നിലെ വെള്ളക്കെട്ടും തുടരുന്നു. വെള്ളക്കെട്ടുണ്ടായതോടെ പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു. മീഞ്ചന്ത മുക്കിനിത്തോട് കവിഞ്ഞൊഴുകി പ്രദേശത്തെ മുപ്പതോളം വീടുകളിൽ വെള്ളം കയറി. തോട്ടിലെ വെള്ളപ്പൊക്കത്തെ തുടർന്ന് പ്രദേശത്തെ റോഡുകളിലും വീട്ടുപറമ്പുകളിലും അടിഞ്ഞുകൂടിയ ചെളിയും മാലിന്യങ്ങളും അടിയന്തരമായി നീക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
വേണം സുരക്ഷിത ജലയാത്ര; ബോട്ടുകൾക്ക് മാര്‍ഗനിര്‍ദേശം
ഫറോക്ക്
മണ്‍സൂണ്‍ ശക്തിപ്രാപിച്ചതോടെ കാലാവസ്ഥ വ്യതിയാനങ്ങളും ജലാശയങ്ങളിലെ ശക്തമായ ഒഴുക്കും കണക്കിലെടുത്ത് സുരക്ഷിത ബോട്ട് സര്‍വീസ് ഒരുക്കാൻ ബോട്ടുടമകള്‍ക്ക് കർശന നിർദേശം. പ്രത്യേക കാലാവസ്ഥാ മുന്നറിയിപ്പുകളുള്ള സാഹചര്യങ്ങളിൽ അധികൃതർ നൽകുന്ന നിർദേശങ്ങൾ പാലിക്കാത്ത ജലയാനങ്ങളുടെ പേരില്‍ കര്‍ശന നടപടിയെടുക്കുമെന്ന് ബേപ്പൂര്‍ പോര്‍ട്ട് ഓഫ് രജിസ്ട്രി ആന്‍ഡ് സീനിയര്‍ പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ അറിയിച്ചു. പ്രധാനമായും ബേപ്പൂർ, കടലുണ്ടി, കോഴിക്കോട് ബീച്ച് ഉൾപ്പെടെയുള്ള എല്ലാ കേന്ദ്രങ്ങളിലെയും വിനോദസഞ്ചാരമേഖലകളിലെ ജലയാത്രകളെ ഉദ്ദേശിച്ചാണ് മാർഗനിർദേശം.
ഇവ പാലിക്കണം
@സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയും സാധുവായ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, സര്‍വേ സര്‍ട്ടിഫിക്കറ്റ്, ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ്, നിയമാനുസൃത രേഖകള്‍ എന്നിവയില്ലാതെയും ബോട്ടുകള്‍ സര്‍വീസ് നടത്തരുത്.
@ യാനങ്ങളിലെ എല്ലാ യാത്രക്കാരും നിയമാനുസൃതമായ ഗുണനിലവാരത്തിലുള്ള ലൈഫ് ജാക്കറ്റുകള്‍ ധരിക്കുന്നുണ്ടെന്ന് ബോട്ടുടമയും ജീവനക്കാരും ഉറപ്പുവരുത്തണം.
@ യോഗ്യതയുള്ള ജീവനക്കാര്‍ മാത്രമേ ജലയാനം പ്രവര്‍ത്തിപ്പിക്കാന്‍ പാടുള്ളൂ.
@ജലയാനത്തിൽ അനുവദനീയമായ എണ്ണം യാത്രക്കാരെ മാത്രമേ കയറ്റാവൂ. അനുവദനീയമായ യാത്രക്കാരുടെ എണ്ണം സഞ്ചാരികള്‍ക്ക് കാണത്തക്കവിധം ഇംഗ്ലീഷിലും മലയാളത്തിലും പ്രദര്‍ശിപ്പിക്കണം.
@ ഓരോ യാത്രക്കും മുമ്പ് ജലവാഹനത്തിന്റെ സുരക്ഷ, പ്രവര്‍ത്തനക്ഷമത എന്നിവ ഉറപ്പുവരുത്തണം. മതിയായ സുരക്ഷാ ഉപകരണങ്ങള്‍ ഉണ്ടായിരിക്കണം.
@ അനുവദിക്കപ്പെട്ട പരിധിയിൽ മാത്രമേ സര്‍വീസ് നടത്താന്‍ പാടുള്ളൂ.
@റെഡ്, ഓറഞ്ച് അലര്‍ട്ട് സമയത്തും ജലമൊഴുക്ക് ശക്തിപ്പെടുമ്പോഴും സര്‍വീസ് പാടില്ല.
@ മാലിന്യം ജലാശയത്തിലേക്ക് വലിച്ചെറിയരുത്.











0 comments