ഇന്ത്യ - ജപ്പാൻ വാർഷിക ഉച്ചകോടി: എഐ മുതൽ പ്രതിരോധം വരെ; സുപ്രധാന കരാറുകൾ ഒപ്പുവെച്ചു

പ്രതീകാത്മക എഐ ചിത്രം
ന്യൂഡൽഹി : ആഗോള അനിശ്ചിതത്വങ്ങൾക്കിടയിൽ ഏഷ്യയിലെ ഏറ്റവും തന്ത്രപ്രധാന പങ്കാളിത്തത്തിന് പുതിയ മാനങ്ങൾ നൽകിക്കൊണ്ട് ഇന്ത്യയും ജപ്പാനും തമ്മിൽ സുപ്രധാന കരാറുകൾ ഒപ്പുവെച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ), സാമ്പത്തിക സുരക്ഷ, ധാതുക്കൾ, പ്രതിരോധം, ആരോഗ്യ സംരക്ഷണം, ഊർജം എന്നീ മേഖലകളിലാണ് ഇരുരാജ്യങ്ങളും കൈകോർക്കുന്നത്.
ന്യൂഡൽഹിയിൽ നടന്ന പതിനാറാമത് ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാൻ പ്രധാനമന്ത്രി സനെ തകാചിയും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ സുപ്രധാന തീരുമാനങ്ങൾ ഉണ്ടായത്.
ജപ്പാന്റെ ആദ്യ വനിതാ പ്രധാനമന്ത്രി കൂടിയായ തകാചി നരേന്ദ്ര മോദി സ്വാഗതം ചെയ്തു. പ്രധാനമന്ത്രിയെന്ന നിലയിൽ തകാചിയുടെ ആദ്യ ഇന്ത്യൻ സന്ദർശനമാണിത്. ഇരുരാജ്യങ്ങളും പങ്കിടുന്ന സാംസ്കാരികവും ചരിത്രപരവുമായ ബുദ്ധമത പാരമ്പര്യത്തിന്റെ പ്രധാന കേന്ദ്രമായ ജപ്പാനിലെ നാരാ പ്രവിശ്യയിൽ നിന്നാണ് അവർ വരുന്നത് എന്ന കാര്യവും പ്രധാനമന്ത്രി എടുത്തു പറഞ്ഞു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ ഇരുരാജ്യങ്ങളും സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചു. ഇന്ത്യൻ എഐ സ്ഥാപനങ്ങൾ ജാപ്പനീസ് പങ്കാളികളുമായി കരാറുകളിൽ ഒപ്പുവെക്കുകയും ചെയ്തു. ജപ്പാന്റെ പ്രിസിഷൻ ടെക്നോളജിയും ഇന്ത്യയുടെ സോഫ്റ്റ്‌വെയർ ശേഷിയും ഒത്തുചേരുന്നത് ആഗോള എഐ വികസനത്തിന് പുതിയ ഊർജം പകരുമെന്ന് പ്രധാനമന്ത്രി മോദി വ്യക്തമാക്കി. സെമികണ്ടക്ടറുകൾ, ക്വാണ്ടം സാങ്കേതികവിദ്യ, സുരക്ഷിതമായ വിതരണ ശൃംഖല എന്നിവയും ഇരുനേതാക്കളുടെയും ചർച്ചകളിൽ പ്രധാനവിഷയങ്ങളായി.
ഇരുരാജ്യങ്ങളുടെയും ആദ്യത്തെ സംയുക്ത പ്രതിരോധ വികസന പദ്ധതിക്കും ഉച്ചകോടി സാക്ഷ്യം വഹിച്ചു. ജാപ്പനീസ് നാവികസേനയുടെ അത്യാധുനിക റേഡിയോ ആന്റിനയായ 'യൂണികോൺ' സംയുക്തമായി വികസിപ്പിക്കുന്നതിനുള്ള കരാറിലാണ് ഇന്ത്യയും ജപ്പാനും ഒപ്പുവെച്ചത്. ഇരുരാജ്യങ്ങളുടെയും പ്രതിരോധ സാങ്കേതിക പങ്കാളിത്തത്തിൽ പുതിയ അധ്യായം തുറക്കുമെന്നും സമുദ്ര സുരക്ഷയും പ്രാദേശിക സമാധാനവും ശക്തമാക്കുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
ആരോഗ്യ മേഖലയിൽ ഫാർമസ്യൂട്ടിക്കൽസ്, മെഡിക്കൽ ഉപകരണങ്ങൾ, ബയോടെക്‌നോളജി എന്നിവയിലേക്ക് സഹകരണം വ്യാപിപ്പിച്ചു. ഇന്ത്യയുടെ ഉൽപാദന ശേഷിയും ജപ്പാന്റെ ഗുണനിലവാരവും ഒത്തുചേരുന്നതിലൂടെ ലോകത്തിന് താങ്ങാനാവുന്ന ആരോഗ്യ പരിഹാരങ്ങൾ എത്തിക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.
സാമ്പത്തിക രംഗത്ത് കഴിഞ്ഞ ഒരു വർഷത്തിനിടെ ഒപ്പുവെച്ച 120 ഓളം പുതിയ ബിസിനസ് കരാറുകൾ വഴി 10 ബില്യൺ ഡോളറിലധികം ജാപ്പനീസ് നിക്ഷേപം ഇന്ത്യയിലേക്ക് എത്തുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. അടുത്ത ഒരു പതിറ്റാണ്ടിനുള്ളിൽ ഇന്ത്യയിൽ പ്രവർത്തിക്കുന്ന ജാപ്പനീസ് കമ്പനികളുടെ എണ്ണം ഇരട്ടിയാക്കാനും ജപ്പാനിൽ നിന്ന് ഇന്ത്യയിലേക്ക് 10 ലക്ഷം കോടി യെൻ നിക്ഷേപം ആകർഷിക്കാനുമാണ് ലക്ഷ്യമിടുന്നത്.
ഊർജ സുരക്ഷയുടെ ഭാഗമായി 'ഇന്ത്യ-ജപ്പാൻ ബയോഗ്യാസ് ഇനിഷ്യേറ്റീവ്' പ്രഖ്യാപിച്ചു. ഇതിലൂടെ ഇന്ത്യയിലുടനീളം 1,000 ബയോഗ്യാസ്, ജൈവവള പ്ലാന്റുകൾ സ്ഥാപിക്കും. ഇത് രാജ്യത്തിന്റെ ഹരിത ഊർജത്തിലേക്കുള്ള മാറ്റത്തെ വേഗത്തിലാക്കുകയും ഗ്രാമീണ ഉപജീവനമാർഗ്ഗങ്ങൾക്ക് കരുത്തുപകരുകയും ചെയ്യും.
സ്വതന്ത്രവും സമ്പന്നവും നിയമസാധുതയുള്ളതുമായ ഇൻഡോ-പസഫിക് മേഖലയാണ് തങ്ങളുടെ മുൻഗണനയെന്ന് ഇരുനേതാക്കളും വ്യക്തമാക്കി. ഉച്ചകോടിയിലെ പുതിയ ചുവടുവെപ്പുകൾ മേഖലയിലുടനീളം സമാധാനത്തിനും പുരോഗതിക്കും വഴിതുറക്കുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു. ഒരുകാലത്ത് അടിസ്ഥാന സൗകര്യ വികസനത്തിലും സാമ്പത്തിക സഹായങ്ങളിലും മാത്രം ഒതുങ്ങിനിന്നിരുന്ന ഇന്ത്യ - ജപ്പാൻ ബന്ധം ഇന്ന് സാങ്കേതികവിദ്യയിലും പ്രതിരോധ തന്ത്രങ്ങളിലുമൂന്നിയ ആഗോള കൂട്ടുകെട്ടായി അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്.











0 comments