അവധിക്കാല പരിശീലനം: ആദ്യഘട്ടം പൂര്‍ത്തിയായി
ആടിയും പാടിയും അധ്യാപകര്‍

വെസ്റ്റ് ഹിൽ ടെക്‌നിക്കൽ ഹൈസ്കൂളിൽ നടന്ന ഒന്നാം ക്ലാസ് അധ്യാപകർക്കായുള്ള പരിശീലന പരിപാടിയിൽ നിന്ന്
കോഴിക്കോട്
വർണക്കടലാസിൽ പൂക്കളും പക്ഷികളും ചിത്രശലഭങ്ങളുമെല്ലാം ഞൊടിയിടയിലാണ് വിരിഞ്ഞത്. വെസ്റ്റ്ഹിൽ ഗവ. ടെക്നിക്കൽ ഹൈസ്കൂളിൽ വിസ്മയക്കാഴ്ചയൊരുക്കിയത് പക്ഷേ കുട്ടികളല്ല, ചുണക്കുട്ടികളായ അധ്യാപകരാണ്. പാഠം പഠിപ്പിക്കാൻ മാത്രമല്ല, കുട്ടികളെ കൈയിലെടുക്കാനുള്ള നുറുങ്ങുവിദ്യകളും അറിയാമെന്ന് തെളിയിക്കുകയാണ് അവധിക്കാല പരിശീലന ക്ലാസിൽ ഒന്നാംക്ലാസിലെ അധ്യാപകർ.
"പുതിയ തലമുറയ്ക്കനുസരിച്ച് അധ്യാപകർ പഠിപ്പിക്കേണ്ട രീതിയിലും മാറ്റംവരേണ്ടതുണ്ട്. വിദ്യാർഥികളിലേക്ക് പാഠഭാഗങ്ങളും പൊതുബോധവും എത്തിക്കേണ്ടത് പുതുമയുള്ള രീതിയിൽ അനിവാര്യമാണ്. ഇത്തരം പരിശീലന ക്യാമ്പുകൾ അതിന് ഏറെ സഹായകമാണ്', കാരപ്പറമ്പ് ആത്മ എയുപിഎസ് അധ്യാപിക എൻ വി റജുലാസ്-മി പറഞ്ഞു.
ജില്ലയിലെ ഒന്നാം ക്ലാസിലെയും യുപി ഹിന്ദി അധ്യാപകരുടെയും പരിശീലനമാണ് വെസ്റ്റ്ഹിൽ ഗവ. ടെക്നിക്കൽ ഹൈസ്കൂളിൽ നടന്നത്. അഞ്ചുദിവസമാണ് പരിശീലനത്തിന്റെ കാലാവധി. ആദ്യഘട്ട പരിശീലനം 17ന് പൂർത്തിയായി. രണ്ടാം ഘട്ടം 19ന് തുടങ്ങി 23ന് അവസാനിക്കും.
ജില്ലയിലാകെ എൽപി, യുപി, ഹൈസ്കൂൾ വിഭാഗങ്ങളിലെ 20,000 അധ്യാപകർക്കായി 375 ബാച്ചുകളിലായാണ് പരിശീലനം. പൊതുവിദ്യാഭ്യാസ വകുപ്പ് നേതൃത്വംനൽകുന്നു.
പൊതുവിദ്യാലയങ്ങളിലെ അധ്യപകർക്കുപുറമെ, സ്പെഷ്യൽ എഡ്യുക്കേറ്റർമാരും ടീച്ചർ എഡ്യുക്കേഷൻ സെന്ററിലെയും അംഗീകൃത അൺ എയ്ഡഡ് വിദ്യാലയങ്ങളിലെയും അധ്യാപകർ പങ്കെടുക്കും. പുതുക്കിയ പാഠ്യപദ്ധ്യതിയുടെ പശ്ചാത്തലത്തിൽ രണ്ട്, നാല്, ആറ്, എട്ട്, പത്ത് ക്ലാസുകളിലെ പാഠപുസ്തകങ്ങൾ ഈ അധ്യയനവർഷംമുതൽ മാറും. ഇവയിലെ ഉള്ളടക്കം, സമീപനം, ക്ലാസ്റൂം വിനിമയ സാധ്യതകൾ, മൂല്യനിർണയം എന്നിവ പരിചയപ്പെടുത്തുന്നതിനാണ് പരിശീലനം ഊന്നൽ നൽകുന്നത്.
പൊതുവിദ്യാഭ്യാസരംഗത്ത് ഗുണമേന്മയും തുല്യതയും ഉറപ്പാക്കുന്നതിനും വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിനുമുള്ള പ്രവർത്തനങ്ങൾക്ക് അവധിക്കാല ക്യാമ്പ് ഊർജംപകരുമെന്ന് സമഗ്ര ശിക്ഷാ കോഴിക്കോട് ജില്ലാ പ്രോജക്ട് കോ–-ഓർഡിനേറ്റർ ഡോ. എ കെ അബ്ദുൽ ഹക്കീം പറഞ്ഞു.
0 comments