ad
Deshabhimani

രാമനാട്ടുകര–വെങ്ങളം ദേശീയപാത

ആറുവരിപ്പാതയിൽ ഓട്ടോകൾക്കും ഇരുചക്രവാഹനങ്ങൾക്കും നിരോധം

a

വെങ്ങളം – രാമനാട്ടുകര ദേശീയപാത

avatar
സ്വന്തം ലേഖകൻ

Published on Jun 08, 2026, 12:59 AM | 2 min read

കോഴിക്കോട്‌

രാമനാട്ടുകര–വെങ്ങളം ദേശീയപാതയിൽ ഇരുചക്രവാഹനങ്ങൾക്കും ഓട്ടോകൾക്കും നിരോധം നടപ്പാക്കി തുടങ്ങി. സുരക്ഷയുടെ ഭാഗമായിട്ടാണ്‌ നിരോധനമേർപ്പെടുത്തിയതെന്ന്‌ ദേശീയപാത അതോറിറ്റി അറിയിച്ചു. നിയമപ്രകാരം ഇരുചക്രവാഹനങ്ങളും ഓട്ടോകളും സർവീസ്‌ റോഡ്‌ വഴിയാണ്‌ പോകേണ്ടത്‌. ഇത്‌ എല്ലാവരും പാലിക്കണമെന്നും തെറ്റിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. നേരത്തെ തന്നെ നിരോധം ഉണ്ടെങ്കിലും കർശനമാക്കിയത്‌ കഴിഞ്ഞദിവസം മുതലാണ്‌. ആറുവരിപ്പാതയിലേക്ക്‌ ഓട്ടോകൾക്കും ഇരുചക്രവാഹനങ്ങൾക്കും നിരോധമേർപ്പെടുത്തി ബൈപാസ്‌ തുറന്നപ്പോൾ തന്നെ ബോർഡുകൾ സ്ഥാപിച്ചതാണ്‌. എന്നാൽ ഇതാരും പാലിക്കാറില്ല. ആറുവരിപ്പാതയിലെ മൂന്നാമത്തെ വരിയിലൂടെ വരെ ഇരുചക്രവാഹനങ്ങൾ പോവുന്നുണ്ട്‌. മഴ തുടങ്ങിയ സാഹചര്യത്തിൽ ഇത്‌ കൂടുതൽ അപകടമുണ്ടാക്കുമെന്നതുകൊണ്ടാണ്‌ സിറ്റി പൊലീസ്‌ ഡെപ്യൂട്ടി കമീഷണറുടെ നേതൃത്വത്തിൽ യോഗം ചേർന്ന്‌ കർശനമാക്കാൻ തീരുമാനിച്ചത്‌. നിരോധം ലംഘിക്കുന്നവർക്കെതിരെ നടപടിയുണ്ടാകും. ഇതോടൊപ്പം തന്നെ ആറുവരിപ്പാതയിലും സർവീസ്‌ റോഡിലും വാഹനങ്ങൾ പാർക്ക്‌ ചെയ്യുന്നതിനെതിരെ നടപടിയെടുക്കും. പാർക്ക്‌ ചെയ്യുന്ന വാഹനങ്ങൾ പൊലീസിന്റെ സഹായത്തോടെ ദേശീയപാത അതോറിറ്റി ക്രെയിൻ ഉപയോഗിച്ച്‌ നീക്കും. വാഹനം കേടായാൽ മാത്രമേ നിർത്തിയിടാൻ അനുവദിക്കൂ.

നിലവിൽ ആറുവരിപ്പാതയിലും സർവീസ്‌ റോഡിലും വാഹനങ്ങൾ പാർക്ക്‌ ചെയ്യാറുണ്ട്‌. ഇത്‌ അനുവദിക്കില്ല. തൊണ്ടയാട്‌, കുടിൽത്തോട്‌, പുറക്കാട്ടിരി പാലത്തിന്‌ സമീപം, പാലോറമല എന്നിവിടങ്ങളിലെല്ലാം ടാങ്കർ ലോറികൾ ഉൾപ്പെടെ സ്ഥിരം പാർക്കിങ്‌ കേന്ദ്രങ്ങളാണ്‌. ഇത്‌ അനുവദിക്കില്ലെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.


ദേശീയപാതയിലെ കാമറാദൃശ്യം പൊലീസിന്‌ കൈമാറും


വെങ്ങളം-–രാമനാട്ടുകര ദേശീയപാതയിൽ സ്ഥാപിച്ച നീരിക്ഷണ കാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ പൊലീസിന്‌ കൈമാറും. ഗതാഗത ലംഘനങ്ങൾ കണ്ടെത്തി നടപടി സ്വീകരിക്കുന്നതിനും മറ്റു അന്വേഷണവുമായി ബന്ധപ്പെട്ടും ദേശീയപാതയിലെ കാമറ ദൃശ്യങ്ങൾ പൊലീസിന്‌ സഹായകമാവും. ഈ സാഹചര്യം കണക്കിലെടുത്താണ് സിറ്റി ഡിസിപി പദംസിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന എൻഎച്ച്എഐ, മോട്ടോർ വാഹനവകുപ്പ്, പൊലീസ് എന്നീ വിഭാഗങ്ങളുടെ സംയുക്തയോഗം തീരുമാനമെടുത്തത്.

രാമനാട്ടുകര മുതൽ വെങ്ങളം വരെയുള്ള 28.4 കിലോമീറ്ററിനുള്ളിൽ 46 കാമറകളാണ് സ്ഥാപിച്ചത്. മാമ്പുഴ പാലത്തിനുസമീപം സ്ഥാപിച്ച ടോൾ ബൂത്ത് പരിസരത്ത് ഫിക്‌സഡ് കാമറകളുമുണ്ട്‌. 15 ദിവസത്തെ റെക്കോഡിങ് സൂക്ഷിക്കാനും വാഹനങ്ങളുടെ രജിസ്‌ട്രേഷൻ നമ്പറുകൾ തിരിച്ചറിയാൻ ദൃശ്യങ്ങൾ സൂം ചെയ്യാനുള്ള സംവിധാനവുമുണ്ട്‌. 500 മീറ്റർ വരെയുള്ള വ്യക്തമായ ദൃശ്യങ്ങൾ ഒപ്പിയെടുക്കുന്ന കാമറയാണിത്. അനധികൃത പാർക്കിങ്, അപകടങ്ങൾ, ഗതാഗതക്കുരുക്ക് തുടങ്ങിയവ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിന്‌ വെഹിക്കിൾ ഇൻസിഡന്റ് ഡിറ്റക്ഷൻ സിസ്റ്റത്തിലെ 15 കാമറകൾ ദേശീയപാതയിലേക്കുള്ള എൻട്രൻസിലും എക്‌സിറ്റിലുമുണ്ട്. 2025 ആഗസ്‌തിൽ കാമറകൾ സ്ഥാപിച്ചെങ്കിലും നടപടിയെടുത്തിരുന്നില്ല. ദേശീയപാതയിലൂടെ വാഹനങ്ങളുടെ അമിതവേഗം കാരണമുള്ള അപകടസാധ്യത കണക്കിലെടുത്ത് വേഗനിയന്ത്രണം ഏർപ്പെടുത്തി താൽക്കാലിക ബോർഡുകളും നേരത്തെ സ്ഥാപിച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home