ad
Deshabhimani

അടുക്കളയ്ക്കും തീയിട്ടു; പാചകവാതക സിലിണ്ടറിന് 29 രൂപ കൂട്ടി

LPG HIKE
avatar
സ്വന്തം ലേഖകൻ

Published on Jun 08, 2026, 01:43 AM | 1 min read

ന്യൂഡൽഹി: ​വിലക്കയറ്റത്തിൽ പൊറുതിമുട്ടുന്ന സാധാരണക്കാരെ കൂടുതൽ ദുരിതത്തിലാഴ്‌ത്തി പാചകവാതകവില വീണ്ടും വർധിപ്പിച്ച്‌ മോദിസർക്കാർ. ഗാർഹിക എൽപിജി സിലിണ്ടറിന്‌ 29 രൂപയാണ്‌ കൂട്ടിയത്. മാർച്ച്‌ ഏഴിന്‌ 60 രൂപ കൂട്ടിയിരുന്നു. നാലുമാസത്തിനിടെ 89 രൂപയാണ്‌ കൂട്ടിയത്‌.


ഡൽഹിയിൽ 14.2 കിലോ സിലിണ്ടറിന്‌ 913 രൂപയായിരുന്നത്‌ 942 ആയി. പശ്‌ചിമേഷ്യൻ സംഘർഷങ്ങളെ മറയാക്കിയാണ് വില കൂട്ടിയത്. വിലവർധനവിൽ ഇടത്തരക്കാരുടെയും പാവപ്പെട്ടവരുടെയും ജീവിതം അതീവ ദുസ്സഹമാകും. വിലക്കയറ്റം അതിരൂക്ഷമാകുന്നതോടെ കുടുംബ ബജറ്റും താളംതെറ്റും.


സാധാരണക്കാരെ പരമാവധി പിഴിഞ്ഞ്‌ കോർപറേറ്റുകളുടെ ഖജനാവ്‌ നിറയ്‌ക്കുകയെന്ന കേന്ദ്രനയമാണ്‌ വിലക്കയറ്റത്തിന്‌ ഇടയാക്കുന്നത്‌. 12 വർഷത്തിനിടയ്‌ക്ക്‌ പാചകവാതകസിലിണ്ടറിന്‌ 530 രൂപയിലധികം വർധിപ്പിച്ചു.


പശ്‌ചിമേഷ്യൻ സംഘർഷങ്ങളുടെ ആഘാതങ്ങളിൽനിന്ന്‌ സാധാരണക്കാരെ സംരക്ഷിക്കാൻ 41 രാജ്യങ്ങളിൽനിന്ന്‌ ഇന്ധന, വാതക ഇറക്കുമതി ഉറപ്പാക്കുമെന്നാണ്‌ പ്രധാനമന്ത്രി പാർലമെന്റിൽ പറഞ്ഞത്‌. വാണിജ്യ സിലിണ്ടറുകളുടെ വിലയും കേന്ദ്രസർക്കാർ വലിയരീതിയിലാണ് ഏതാനും ദിവസങ്ങൾക്കുള്ളിൽ കൂട്ടിയത്. 19 കിലോ സിലിണ്ടറിന്‌ മാർച്ച്‌ ഒന്നിന്‌ 119 രൂപയും ഏപ്രിൽ ഒന്നിന്‌ 195 രൂപയും മേയ്‌ ഒന്നിന്‌ 993 രൂപയും വർധിപ്പിച്ചു.


നിലവിൽ 19 കിലോ സിലിണ്ടറിന്റെ വില 3,113 രൂ‍പയാണ്. കുടിയേറ്റ തൊഴിലാളികളും മറ്റും വലിയരീതിയിൽ ആശ്രയിക്കുന്ന അഞ്ച്‌ കിലോ സിലിണ്ടറിന് ജൂൺ ഒന്ന്‌ മുതൽ 11 രൂപ കൂട്ടിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home