print edition സ്‌പീക്കർ പദവിയിലും നോമിനേറ്റഡ് എംഎൽഎയിലും തർക്കം; പുതുച്ചേരി മന്ത്രിസഭാവികസനം വൈകുന്നു


സ്വന്തം ലേഖകൻ
Published on Jun 08, 2026, 02:33 AM | 1 min read
പുതുച്ചേരി: അധികാരമേറ്റ് ഒരുമാസമാകാറായിട്ടും പുതുച്ചേരി മന്ത്രിസഭ വികസിപ്പിക്കാനാകാതെ ബിജെപി–എൻആർ കോൺഗ്രസ് നേതൃത്വം. മുഖ്യമന്ത്രിയായി എൻ രംഗസ്വാമിയും മന്ത്രിമാരായി എ നമഃശിവായവും മല്ലാടി കൃഷ്‌ണറാവുവും മെയ് 13ന് ചുമതലയേറ്റെങ്കിലും മന്ത്രിസഭാ വികസനവും സ്‌പീക്കർ തെരഞ്ഞെടുപ്പും നീളുകയാണ്. സ്‌പീക്കർ സ്ഥാനത്തിലും നോമിനേറ്റഡ് എംഎൽഎമാരുടെ വീതംവയ്‌പ്പിലുമുള്ള തർക്കമാണ് മന്ത്രിസഭാ വികസനം വൈകിപ്പിക്കുന്നത്.
എൻആർ കോൺഗ്രസ്– 12, ബിജെപി– നാല്, എഐഎഡിഎംകെ, എൽജെകെ– ഒന്നുവീതം എന്നിങ്ങനെയാണ് ഭരണപക്ഷത്തെ കക്ഷിനില. ബിജെപി സ്‌പീക്കർ പദവിയും രണ്ട് മന്ത്രിസ്ഥാനവും ആകെയുള്ള മൂന്ന് നോമിനേറ്റഡ് എംഎൽഎ സ്ഥാനവും വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽകുകയാണ്. കഴിഞ്ഞ നിയമസഭയിൽ ബിജെപിക്കായിരുന്നു സ്‌പീക്കർ പദവി. സ്‌പീക്കർസ്ഥാനം വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണ് എൻആർ കോൺഗ്രസ്.
രണ്ട് നോമിനേറ്റഡ് എംഎൽഎ സ്ഥാനം വേണമെന്നും ആവശ്യപ്പെട്ടുന്നു. കഴിഞ്ഞ തവണ മൂന്ന് നോമിനേറ്റഡ് എംഎൽഎ സ്ഥാനവും ബിജെപിക്കായിരുന്നു. ഇത്തവണ അത് പറ്റില്ലെന്നാണ് എൻആർ കോൺഗ്രസ് പറയുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങളെപ്പോലെ, മുപ്പതംഗ നിയമസഭയിൽ കേന്ദ്രം നിയമിക്കുന്ന നോമിനേറ്റഡ് എംഎൽഎമാർക്കും വോട്ടവകാശമുണ്ട്.










0 comments