ad
Deshabhimani

print edition തടിയൂരാൻ 
വഴിതേടി കേന്ദ്രം; നീറ്റിൽ മുഖംരക്ഷിക്കാൻ മിനുക്കുപണി

neet ug modi
avatar
സ്വന്തം ലേഖകൻ

Published on Jun 08, 2026, 02:29 AM | 1 min read

ന്യൂ‍ഡൽഹി: നീറ്റ്‌ ചോദ്യപേപ്പർ ചോർച്ചയിൽ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്ന ആവശ്യം രാജ്യമെമ്പാടും ഉയരവേ പരീക്ഷാസംവിധാനത്തിൽ മിനുക്കുപണികൾ നടത്തി തടിയൂരാൻ കേന്ദ്രത്തിന്റെ നീക്കം. നാഷണൽ ടെസ്റ്റിങ്‌ ഏജൻസി (എൻടിഎ) ചോദ്യപേപ്പർ തയ്യാറാക്കുന്നതിൽ മാറ്റം വരുത്താനൊരുങ്ങുന്നതായാണ്‌ റിപ്പോർട്ട്‌.


ഇതുപ്രകാരം, എൻടിഎ സമിതിയിലെ അധ്യാപകർക്ക്‌ ഏത്‌ പരീക്ഷയ്‌ക്ക്‌ വേണ്ടിയാണ്‌ തങ്ങൾ ചോദ്യങ്ങൾ തയ്യാറാക്കുന്നതെന്ന്‌ മനസിലാക്കാൻ സാധിക്കില്ല. നീറ്റ്‌, ജെഇഇ, എൻടിഎ നടത്തുന്ന മറ്റുപരീക്ഷകൾ എന്നിവയ്‌ക്ക്‌ വേണ്ടി ചോദ്യങ്ങൾ തയ്യാറാക്കാൻ അധ്യാപകരോട്‌ ആവശ്യപ്പെടുകയാണ്‌ ചെയ്യുക. അധ്യാപകർ തയ്യാറാക്കുന്ന ചോദ്യങ്ങൾ ഒരു പൊതു ചോദ്യബാങ്കായി ശേഖരിക്കും. ഇതുപിന്നീട്‌ അതത്‌ പരീക്ഷകൾക്ക്‌ വേണ്ടി ഉപയോഗിക്കും.


ചോദ്യങ്ങൾ തയ്യാറാക്കുന്നതിനായി നിലവിലെ സംവിധാനത്തിൽ പ്രവർത്തിക്കുന്ന അധ്യാപകരേക്കാൾ കുറവുമാത്രമേ പുതിയ രീതിയിൽ ആവശ്യമുള്ളൂ. ഇതിലൂടെ ചോദ്യങ്ങൾ അറിയുന്ന ആളുകളുടെ എണ്ണത്തിൽ കുറവുണ്ടാകുമെന്നും എൻടിഎ കരുതുന്നു. പതിനായിരം ചോദ്യങ്ങളുള്ള ബാങ്ക്‌ ഉണ്ടാക്കി, അതിൽനിന്ന്‌ സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ നീറ്റുൾപ്പെടെയുള്ള പരീക്ഷയ്‌ക്കായി അന്തിമ ചോദ്യപേപ്പർ തയ്യാറാക്കാനാണ്‌ ഉദ്ദേശിക്കുന്നത്‌.


ചോദ്യങ്ങൾ പ്രാദേശിക ഭാഷയിലേക്ക്‌ പരിഭാഷ ചെയ്യാൻ എഐ ഉൾപ്പെടെയുള്ള സാങ്കേതിക വിദ്യ ഉപയോഗിക്കും. അടുത്ത വർഷം മുതൽ നീറ്റ്‌, ജെഇഇ പരീക്ഷകൾ യോജിപ്പിച്ച്‌ നടത്തുമെന്ന റിപ്പോർട്ടുകളും നേരത്തെ പുറത്തുവന്നിരുന്നു. ചോദ്യപേപ്പർ സമിതിയിലെ മൂന്ന്‌ അധ്യാപകരുൾപ്പെടെ 13 പേരെയാണ്‌ കേസിൽ അറസ്റ്റ്‌ ചെയ്തത്‌. എന്നാൽ ഇ‍ൗ അധ്യാപകർക്ക്‌ ഉന്നതനേതൃത്വവുമായുള്ള ബന്ധമുൾപ്പെടെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഇതുവരെ സിബിഐയുടേയോ എൻടിഎയുടേയോ ഭാഗത്തുനിന്നുണ്ടായിട്ടില്ല.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home