ad
Deshabhimani

അധികൃതരുടെ അനാസ്ഥ

ചെക്ക്ഡാമിന്റെ പലകകൾ 
നീക്കാത്തത് ഭീഷണിയാകുന്നു

Check dam

കാളിയാർ പുഴയിലെ പറമ്പഞ്ചേരി ചെക്ക്ഡാം

വെബ് ഡെസ്ക്

Published on Jun 08, 2026, 01:44 AM | 1 min read

കവളങ്ങാട്


കാലവർഷമെത്തിയിട്ടും കാളിയാർ പുഴയിൽ പറമ്പഞ്ചേരി തടയണയിലെ പലകകൾ നീക്കാത്തത് ഭീഷണിയായി. മഴ കനത്താൽ പ്രദേശത്ത് വെള്ളപ്പൊക്ക ഭീഷണിയോടൊപ്പം ശുദ്ധജലപദ്ധതികളുടെ പ്രവർത്തനത്തെയും ബാധിക്കുമെന്നാണ് ആശങ്ക.


വേനൽക്കാലത്ത് ജലലഭ്യതയ്ക്കായി പുഴകളിലും തോടുകളിലുമുള്ള തടയണകളിലെ പലകകൾ കാലവർഷം ആരംഭിക്കുന്നതിനുമുന്പേ നീക്കം ചെയ്യും. മറ്റിടങ്ങളിൽ തടയണ പൊളിച്ചുവിട്ടപ്പോഴും പറമ്പഞ്ചേരിയിൽമാത്രം പലകകൾ നീക്കാൻ ജലഅതോറിറ്റി തയ്യാറായില്ല. തടയണയിൽ മണ്ണും ചെളിയും മറ്റു മാലിന്യങ്ങളും നിറഞ്ഞ് സംഭരണശേഷി തീരെ ഇല്ലാതായി. അടിഞ്ഞുകൂടിയ ചെളിയും മറ്റു മാലിന്യങ്ങളും പലകകൾ നീക്കിയാൽ ഒഴുകിപ്പോകും.


തടയണയുടെ സമീപം പുഴയുടെ ഇരുകരകളിലുമാണ് പോത്താനിക്കാട്, ആയവന ശുദ്ധജലപദ്ധതികളുടെ പമ്പ് ഹൗസും കിണറുകളുമുള്ളത്. തടയണയിൽ നിറഞ്ഞ ചെളി കിണറുകളിലേക്ക് ഒഴുകിയെത്തുന്ന സ്ഥിതിയാണ്. ഇതു പമ്പിങ്ങിനെ ബാധിച്ചേക്കും.


മണ്ണും ചെളിയും വന്ന് നികന്നതിനാൽ തടയണയുടെ മുകളിലേക്ക് പുഴയുടെ അടിത്തട്ട് ഉയർന്നിട്ടുണ്ട്. ഇതിനാൽ കാലവർഷം കനക്കുമ്പോൾ പുഴയിൽ ജലനിരപ്പ് ഉയർന്ന് വെള്ളപ്പൊക്ക ഭീഷണിയുമുണ്ട്. പുഴയോരത്തും കൈവഴികളായെത്തുന്ന തോടുകളുടെ സമീപത്തുമുള്ള താഴ്ന്നപ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറാൻ സാധ്യതയേറും.


ജലഅതോറിറ്റി വാഴക്കുളം സെക്ഷന്റെ നിയന്ത്രണത്തിലാണ് തടയണ. ജനപ്രതിനിധികളും പൊതുപ്രവർത്തകരും പ്രശ്‌നം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും പലകകൾ നീക്കാൻ നടപടിയുണ്ടായില്ല. ആശങ്ക അകറ്റാൻ അടിയന്തരനടപടി വേണമെന്നാണ് ആവശ്യം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home